റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിക്കണമെന്ന് സി.പി.എം

15

റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിക്കണമെന്ന് സിപിഎം. പെന്‍ഷനും കിറ്റും വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണം. തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഇതിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും സിപിഎം ആരോപിച്ചു.

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യക്കിറ്റ്, ക്ഷേമപെന്‍ഷന്‍ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.  പെന്‍ഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, അരി നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരളജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണെന്നും സി.പി.എം വ്യക്തമാക്കി.