തൃശൂർ അതിരൂപത സീനിയർ വൈദീകൻ ഫാ.മാത്യു പേരാമംഗലത്ത് നിര്യാതനായി

32

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. മാത്യു പേരാമംഗലത്ത് (73) നിര്യാതനായി. സംസ്‌കാരം പിന്നീട്.
തിരൂർ പരേതരായ പേരാമംഗലത്ത് ആന്റണി റോസ ദമ്പതികളുടെ മകനായി 1948 ജൂൺ എട്ടിനാണ് ജനനം. തൃശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിനുശേഷം 1978 മാർച്ച് 15ന് മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് തിരൂരിൽ വെച്ചാണ് തിരുപ്പട്ടം സ്വീകരിച്ചത്. തൃശൂർ ലൂർദ്ദ് കത്ത്രീഡൽ, മണലൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ സഹവികാരിയായും തൃപ്രയാർ ഇടവകയിൽ ആക്ടിങ്ങ് വികാരിയായും ചിറയ്ക്കൽ, വെള്ളാനി, തൊയ്ക്കാവ്, ആറ്റുപുറം, പൊന്നാനി, പേരാമംഗലം, ചിറ്റിലപ്പിള്ളി, കോട്ടപ്പടി, പൂമല, പുറനാട്ടുക്കര, പാലക്കൽ, പെരിഞ്ചേരി, തിരുത്തിപ്പറമ്പ്, കല്ലൂർ വെസ്റ്റ്, പോന്നോര്, മണ്ണുത്തി, പെരിങ്ങോട്ടുക്കര എന്നിവിടങ്ങളിൽ വികാരിയായും പാവറട്ടിയിൽ സഹായിയായും സേവനം ചെയ്തിട്ടുണ്ട്. തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫക്ടായും, പുല്ലഴി സെന്റ് ജോസഫ് ഹോം ഡയറക്ടറായും പാലിശേരി, പോന്നോർ എന്നിവടങ്ങളിൽ സ്ക്കൂൾ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, ബാംഗ്ളൂർ ധർമ്മാരാം, സെന്റ് റെജിസ് യൂണിവേഴ്സിറ്റി വാഷിങ്ങ്ടൺ എന്നിവിടങ്ങൾ ഉപരിപഠനങ്ങൾ നടത്തി. ദൈവശാസത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തൊയ്ക്കാവ്, പേരാംമംഗലം, കല്ലൂർ വെസ്റ്റ്, ചിറയ്ക്കൽ, വെള്ളാനി എന്നിവടിങ്ങിൽ പളളി നിർമ്മാണവും പോന്നോര് സ്ക്കൂൾ നിർമ്മാണവും ഫാ.മാത്യു പേരാമംഗലത്തിൻറെ നേതൃത്വത്തിലായിരുന്നു. 2003 ഡിസംബർ ഒന്നു മുതൽ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. തോമസ്, ജോണി, എൽസി എന്നിവർ സഹോദരങ്ങളാണ്.