ദേവമാത പ്രവിശ്യാംഗവും ചേതന ഫിലീം ആന്റ് ടെലിവിഷന്‍ സെസൈറ്റിയുടെ സ്ഥാപക ഡയറക്ടറുമായ ഫാ. ഐസക്ക് ആലപ്പാട്ട് സി.എം.ഐ അന്തരിച്ചു

22

ദേവമാത പ്രവിശ്യാംഗവും ചേതന ഫിലീം ആന്റ് ടെലിവിഷന്‍ സെസൈറ്റിയുടെ സ്ഥാപക ഡയറക്ടറുമായ ഫാ. ഐസക്ക് ആലപ്പാട്ട് സി.എം.ഐ.(86) അന്തരിച്ചു. ഇരിഞ്ഞാലക്കുട രൂപതയിലെ കാട്ടൂര്‍ ഇടവക പാലത്തിങ്കല്‍ പരേതരായ വാറുണ്ണി- താണ്ടമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ മൂന്നാമത്തെ മകനാണ്. കാട്ടൂര്‍ സെയിന്റ് മേരീസ് ഹൈസ്‌ക്കൂളിലെ പ്രാഥമിക പഠനം. ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രി പഠനവും, ഡിഗ്രി പഠനവും ഗോള്‍ഡ് മെഡലോടെ പൂര്‍ത്തിയാക്കി. കൊച്ചി തേവര തിരുഹൃദയ കോളേജില്‍ ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കും, അമേരിക്കയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ ആര്‍ട്ടില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ബാംഗൂര്‍ ധര്‍മ്മാരാമില്‍ നിന്ന് തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ചതിനു ശേഷം 1969 ല്‍ മാര്‍. ജോര്‍ജ് ആലപ്പാട്ട് പിതാവില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. കോളേജ് അധ്യാപകന്‍, സുവിശേഷ പ്രഘോഷകന്‍, ഹോസ്റ്റല്‍ വര്‍ഡന്‍, എഴുത്തുകാരന്‍, സിനിമ സംവിധായകന്‍, മാധ്യമ സാംസ്‌കാരിക വിചക്ഷണന്‍, ചേതന മീഡിയ മിനിസ്ട്രിയുടെ തുടക്കക്കാരന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു. സഹോദരങ്ങള്‍: പരേതയായ സിസ്റ്റര്‍ സെര്‍ജിയ,സിസ്റ്റര്‍ കാര്‍മ്മല്‍, പരേതനായ പോള്‍,സിസ്റ്റര്‍ ഹെര്‍മ്മന്‍,ഡെയ്‌സി,ആന്റണി.
സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ദേവമാത പ്രവിശ്യാധിപന്‍ ഫാ.ഡേവിസ് പനക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തും.