പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ആർ രവീന്ദ്രൻ (69) അന്തരിച്ചു

5

പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ആർ രവീന്ദ്രൻ (69) അന്തരിച്ചു. മണ്ഡൽ കമ്മീഷൻ വിരുദ്ധ സമരകാലത്ത് രാജീവ് ഗോസ്വാമിയെന്ന ദില്ലി സർവകലാശാലാ വിദ്യാർത്ഥി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ചിത്രം പകർത്തിയത് ആർ രവീന്ദ്രനായിരുന്നു. സമൂഹമനസ്സാക്ഷിയെ പിടിച്ചുലച്ച ആ ചിത്രം വി പി സിംഗ് സർക്കാരിനെതിരായ സമരങ്ങളുടെ മുഖമായി പിന്നീട് മാറി. 30 വർഷം എഎഫ്പിയിൽ ജോലി ചെയ്ത ആർ രവീന്ദ്രൻ ചീഫ് ഫോട്ടോഗ്രാഫറായാണ് അവിടെ നിന്ന് വിരമിച്ചത്. നിലവിൽ ANI-യിൽ ഫോട്ടോ എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

Advertisement

എഎഫ്പിയിൽ ടെലിപ്രിന്‍റർ ഓപ്പറേറ്ററായാണ് രവീന്ദ്രൻ തന്‍റെ ഔദ്യോഗികജീവിതം തുടങ്ങുന്നത്. 1980-കളിലാണ് ഫോട്ടോഗ്രഫിയുമായി അദ്ദേഹം അടുത്തിടപഴകുന്നത്. 1990-ൽ മണ്ഡൽ വിരുദ്ധസമരകാലത്ത് രാജീവ് ഗോസ്വാമിയെന്ന ഇരുപത് വയസ്സുകാരൻ കിഴക്കൻ ദില്ലിയിലെ കൽക്കാജിയിലുള്ള ദേശ്ബന്ധു കോളേജിന് മുന്നിൽ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ചിത്രം പകർത്തുന്നതിനെക്കുറിച്ച് എഎഫ്പിയിൽ ഇന്ദ്രാനിൽ മുഖർജിയോട് അദ്ദേഹം വിശദമായി പറയുന്നുണ്ട്.പൊലീസ് വച്ച ബാരിക്കേഡ് കടന്നെത്തിയ ഗോസ്വാമി കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണക്കുപ്പിയെടുത്ത് ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ രവീന്ദ്രൻ പകർത്തിയ ആ ചിത്രം പിറ്റേന്ന് രാജ്യത്തെ എല്ലാ പത്രങ്ങളുടെയും പ്രധാനതലക്കെട്ടിനൊപ്പം സ്ഥാനം പിടിച്ചു. വി.പി സിംഗ് സർക്കാരിന്റെ രാജിക്ക് കാരണമായതും ഈ ചിത്രമായിരുന്നുവെന്ന് ഏറെ ചർച്ച ചെയ്തിരുന്നു.

Advertisement