സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് അന്തരിച്ചു

35

സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് (മധു വടക്കിനിയത്ത്) അന്തരിച്ചു. കടുത്തരക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി വെൻ്റിലേറ്ററിൽ ആയിരുന്നു. ചികിൽസയിലിരിക്കെയാണ് അന്ത്യം.കവിയും, സാംസ്കാരിക പ്രവർത്തകനും, നുറുങ്ങ് മാസികയുടെ പത്രാധിപരുമായിരുന്നു. സി.പി.എം വിൽവട്ടം മുൻ ലോക്കൽ കമ്മിറ്റി അംഗമായും ഡി.വൈ.എഫ്.ഐയുടെ തൃശൂർ ബ്ലോക്ക് കമ്മിറ്റി അംഗമായും ,
പുരോഗമന കലാസാഹിത്യ സംഘം വിൽവട്ടം മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയിലേയും തൃശൂരിലേയും സാംസ്കാരിക പരിപാടികളിൽ നിത്യസാന്നിദ്ധ്യമായിരുന്നു മധു. സാംസ്കാരിക രംഗത്തെ പുത്തൻ വിശേഷങ്ങൾ മധുവിലൂടെയായിരുന്നു പലരും അറിഞ്ഞിരുന്നത്. മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നും വേദികളിൽ നിന്നും മാറ്റിനിറുത്തപ്പെട്ടവരുടെ സൃഷ്ടികളെ വെളിച്ചം കാണിച്ചത് മധുവിന്റ നുറുങ് മാസികയിലൂടെയായിരുന്നു. സ്വന്തമായി ഇറക്കിയിരുന്ന മാഗസിൻ്റെ പേരിൽ തന്നെയായിരുന്നു സുഹൃത്തുക്കളുടെയിടയിൽ മധു അറിയപ്പെട്ടിരുന്നത്. ഓരോ ലക്കം ഇറങ്ങും മുമ്പേ പുതിയ കവികളോട് കവിത ആവശ്യപ്പെട്ട് വിളിക്കുന്നതും മധുവിലെ പത്രാധിപരിലെ പ്രത്യേകത. അവഗണിക്കപ്പെട്ടവരുടെ സൃഷ്ടികൾക്ക് അവസരം നൽകുക മാത്രമായിരുന്നില്ല. അവർക്ക് അംഗീകാരം നൽകാനും മധു ശ്രദ്ധിച്ചു. നുറുങ് പുരസ്കാരങ്ങൾ സ്വീകരിച്ചവർ ഏറെയുണ്ട്. എഴുത്തുകാരിലെ പുതുമുഖങ്ങൾക്ക് അവസരങ്ങളും അംഗീകാരവും നൽകിയ സാഹിത്യ പ്രതിഭയാണ് വിടവാങ്ങുന്നത്.