വെല്ലുവിളികളുടെ കാലത്ത് അമരത്ത് രാധാകൃഷ്ണൻ: വെള്ള ഈച്ചരന്റെയും ദാമോദരൻ കാളാശേരിയുടെയും കെ.കെ ബാലകൃഷ്ണന്റെയും പിൻഗാമി; സി.പി.എം രാധാകൃഷ്ണനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ചരിത്ര നിർമിതിയുടെ ദൗത്യം

42

വെല്ലുവിളികൾ നിറഞ്ഞ പുതിയ കാലത്ത് ദേവസ്വം വകുപ്പിന്റെ ചുമതല ലഭിക്കുന്ന പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള നാലാമത്തെയാളാണ് കെ. രാധാകൃഷ്ണന്‍. ചേലക്കരയിൽ നിന്നുള്ള ദേവസ്വം വകുപ്പ് ലഭിക്കുന്ന രണ്ടാമത്തെയാളെന്ന പ്രത്യേകതയുമുണ്ട്. കെ.കെ ബാലകൃഷ്ണൻ ആണ് മുൻപ് ചേലക്കരയിൽ നിന്നും ദേവസ്വം വകുപ്പിലെത്തിയത്.  വെള്ള ഈച്ചരന്‍(തൃത്താല), ദാമോദരന്‍ കാളാശ്ശേരി(പന്തളം) എന്നിവരാണ് ഇതിനു മുൻപ് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർ. എല്ലാവരും കോൺഗ്രസ് എം എം.എൽ.എമാരും ആയിരുന്നു. ആദ്യമയാണ് ഇടതുപക്ഷത്ത് നിന്ന് അതും സി.പി.എമ്മിൽ നിന്നും ഒരാൾ ദേവസ്വം വകുപ്പിലെത്തുന്നത്. 1996ന് ശേഷമാണ് ദേവസ്വം വകുപ്പ് സ്വതന്ത്രമായി പ്രധാനപ്പെട്ട വകുപ്പായും മാറുന്നത്. സവിശേഷ കാലത്ത് ദളിത്‌ പ്രതിനിധി ദേവസ്വം വകുപ്പിന്റെ ചുമതലക്കാരനാവുന്നു എന്നതാണ് കെ രാധാകൃഷ്ണന്റെ മന്ത്രി പദവിയിലെ പ്രത്യേകത. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ തുടങ്ങി വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത് പുതിയ ചരിത്ര നിർമിതിക്കാണ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ.രാധാകൃഷ്ണനെ സി.പി.എം ഏൽപ്പിക്കുന്നത്.

വെള്ള ഈച്ചരന്‍

1970ല്‍ സംവരണ മണ്ഡലമായ തൃത്താലയില്‍നിന്ന് നിയമസഭയിലെത്തിയ വെള്ള ഈച്ചരന്‍(1970-77), സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നാക്കക്ഷേമ വകുപ്പിന്റെ ചുമതലയും ഈച്ചരനായിരുന്നു. 1980 ഫെബ്രുവരി 11-ന് അന്തരിച്ചു. 

കെ.കെ. ബാലകൃഷ്ണന്‍

അഞ്ചാം നിയമസഭയില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കെ.കെ. ബാലകൃഷ്ണനായിരുന്നു പിന്നാക്കക്ഷേമം, ജലവിഭവം, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതല. സംവരണ മണ്ഡലമായ ചേലക്കരയില്‍നിന്നായിരുന്നു അദ്ദേഹം വിജയിച്ചത്. കരുണാകരന്‍ മന്ത്രിസഭയ്ക്കു പിന്നാലെ വന്ന എ.കെ. ആന്റണി സര്‍ക്കാരിലും ബാലകൃഷ്ണന്‍ മന്ത്രിയായിരുന്നു. 2000 ആഗസ്റ്റ് 31ന് അന്തരിച്ചു.  

ദാമോദരന്‍ കാളാശ്ശേരി

1978 ഒക്ടോബര്‍ 29ന് അധികാരമേറ്റ പി.കെ. വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ പിന്നാക്കക്ഷേമം, ദേവസ്വം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് ദാമോദരന്‍ കാളാശ്ശേരി ആയിരുന്നു. സംവരണ മണ്ഡലമായ പന്തളത്തെയാണ് അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. പട്ടികജാതി വിഭാഗത്തിന് പി.എസ്.സി. അപേക്ഷ സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്തതും കാളാശ്ശേരി മന്ത്രിയായിരിക്കുമ്പോഴാണ്. 2019 ജൂലൈ 12ന് അന്തരിച്ചു 

കെ. രാധാകൃഷ്ണന്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമ വകുപ്പുകളുടെ ചുമതല കെ. രാധാകൃഷ്ണനാണ്. സംവരണ മണ്ഡലമായ ചേലക്കരയില്‍നിന്നാണ് ഇത്തവണ രാധാകൃഷ്ണന്‍ നിയമസഭയിലെത്തുന്നത്. 1996ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം, യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. 2006-ല്‍ നിയമസഭാ സ്പീക്കറായിരുന്നു. 

വെല്ലുവിളികള്‍ നിറഞ്ഞ ദേവസ്വം വകുപ്പ് 

ഒന്നാം പിണറായി സര്‍ക്കാരില്‍ കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം വകുപ്പിന്റെ ചുമതല. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളികളാണ് വകുപ്പിന് നേരിടേണ്ടി വന്നത്. പിന്നീട് കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചിടേണ്ടി വന്നു. ഇതേ തുടര്‍ന്ന് വരുമാനം ഇല്ലാതാകുന്ന അവസ്ഥയും രൂപപ്പെട്ടു. സി.പി.എമ്മിന്റെ ജനകീയ മുഖമെന്നാണ് രാധാകൃഷ്ണന്‍ അറിയപ്പെടുന്നത്. മന്ത്രി എന്ന നിലയിലും സ്പീക്കര്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള രാധാകൃഷ്ണന്റെ പക്കല്‍ ദേവസ്വം ഭദ്രമായിരിക്കുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടിയും മുന്നണിയും.