വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്ലാസിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഡി.ഇ.ഒ മാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ: ഈ മാസം 13 നു മുൻപ് സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശം

20

വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്ലാസിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഡി ഇ ഒ മാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഈ മാസം 13 നു മുൻപ് സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നിർദ്ദേശം. ടിവി, ഫോൺ, ലാപ്ടോപ്പ് സംവിധാനം വിദ്യാർഥികൾക്ക് ഒരുക്കണം.

ഈ വർഷവും ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കൈകാര്യം ചെയ്യുന്നതിനും പ്രശ്ന പരിഹാരത്തിനും സ്കൂൾ തലത്തിൽ കുട്ടികൾക്ക് പഠന സാമഗ്രികൾ ഉണ്ടോയെന്നും വീട്ടിൽ വൈദ്യുതി ലഭ്യമാണോ എന്നും ഉറപ്പു വരുത്തണം.സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളുടെ കണക്ക് സ്കൂൾ തലത്തിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ 4 നകം എടുക്കണം. ജൂൺ 13 നകം പഠന സാമഗ്രികൾ ഇല്ലാത്ത കുട്ടികൾക്ക് അത് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തന പദ്ധതി രൂപീകരിക്കണം. ജൂൺ 5 മുതൽ ഓരോ ദിവസവും നടത്തുന്ന പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കുട്ടിയുടേയും പഠന സാമഗ്രികളുടെ ദൗർലഭ്യം കുറച്ചു കൊണ്ടുവരേണ്ടതാണ്.

സ്കൂൾതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു അധ്യാപകനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്താം. ഏതെങ്കിലും വിദ്യാർത്ഥിക്ക് പഠന സാമഗ്രികൾ ഇല്ലെങ്കിൽ ഈ അധ്യാപകനെ അറിയിക്കാം.

സ്കൂൾ തലത്തിൽ ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് ഇന്നേക്ക് തയ്യാറക്കണം.

സ്കൂൾ തലത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ മാത്രം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകൾ, ആർഡിഡി, എഡി തലങ്ങളിൽ ശേഖരിച്ച് പരിഹാരം കാണേണ്ടതാണ്.

കൂടുതൽ പരിഹാരമാർഗങ്ങൾ ആവശ്യമുള്ളവ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാം. ജില്ലാ തലത്തിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ അറിയിക്കാവുന്നതാണ്.