ഗുരുവായൂരില്‍ എന്‍.ഡി.എ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കും: പ്രചാരണത്തിൽ ഉടൻ സജീവമാകുമെന്നും, കഴിഞ്ഞ തവണ എൻ.ഡി.എ നേടിയതിനേക്കാൾ വോട്ട് നേടുമെന്നും ദിലീപ് നായർ

13

ഗുരുവായൂരില്‍ എന്‍.ഡി.എ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കും. ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം. തലശ്ശേരി മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

‘സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ജില്ലാ ഘടകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. അത് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അക്കാര്യം പ്രഖ്യാപിക്കും. തലശ്ശേരിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 25,590 വോട്ടുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇത്തവണ ദിലീപ് നായരെ പിന്തുണയ്ക്കുന്നതോടുകൂടി ആ സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എത്രയും പെട്ടെന്ന് സജീവമാകുമെന്ന് ദിലീപ് നായര്‍ പറഞ്ഞു. കഴിഞ്ഞ തവണ എന്‍.ഡി.എ നേടിയ വോട്ടിനേക്കാള്‍ മുകളില്‍ ഇത്തവണ നേടുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.