അഖിലേന്ത്യാ ഐ.ടി.ഐ. ട്രേഡ് ടെസ്റ്റ്: കേരളത്തിലെ കുട്ടികൾക്ക് മികച്ച വിജയം; അഭിനന്ദിച്ച് വിദ്യഭ്യാസ മന്ത്രി

0

അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്റെ റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കുട്ടികൾക്ക് മികച്ച വിജയം. 76 ക്രാഫ്റ്റ്‌സ്‌മാൻ ട്രെയിനിങ് സ്കീം ട്രേഡുകളിൽ 54 ട്രേഡുകളിലും കേരളത്തിൽ നിന്നുള്ളവർ ഒന്നാമതെത്തി. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 50,000 പേരിൽ 92 ശതമാനം പേരും വിജയിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അഖിലേന്ത്യാ റാങ്ക് ജേതാക്കളുടെ പട്ടികയിൽ പുരുഷവിഭാഗത്തിൽ 75 ട്രെയിനികളും വനിതാവിഭാഗത്തിൽ 82 ട്രെയിനികളുമുണ്ട്. ഇതിൽ 13 ട്രേഡുകളിൽ പുരുഷവിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും വനിതാവിഭാഗത്തിൽ 16 ട്രേഡുകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും കേരളത്തിലെ കുട്ടികളാണ് നേടിയത്. വിജയികളെ മന്ത്രി അഭിനന്ദിച്ചു.
കഴക്കൂട്ടം സർക്കാർ വനിതാ ഐ.ടി.ഐ.കളിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) പൂർത്തിയാക്കിയ എം. അനീഷ 600-ൽ 600 മാർക്കും നേടി ‘ടോപ്പർ എമങ് ദി ടോപ്പേഴ്‌സ്’ അംഗീകാരം സ്വന്തമാക്കി. അനീഷയെയും കോഴിക്കോട് സർക്കാർ വനിതാ ഐ.ടി.ഐ.യിലെ കെ.പി. ശിശിരാബാബുവിനെയും മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ദേശീയറാങ്ക് ജേതാവ് അഭിനന്ദാ സത്യനെയും അവരുടെ രക്ഷാകർത്താക്കളെയും ന്യൂഡൽഹിയിലെ എ.ഐ.സി.ടി.ഇ. ഓഡിറ്റോറിയത്തിൽ 17-ന് നടക്കുന്ന പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണം.
മെക്കാനിക്‌ കൺസ്യൂമർ ഇലക്‌ട്രോണിക്സ് അപ്ലയൻസസ് ട്രേഡിൽ വനിതാവിഭാഗത്തിൽ മൂന്ന് റാങ്കുകളും പുരുഷവിഭാഗത്തിലെ മൂന്ന് റാങ്കുകളും ഗവ. ഐ.ടി.ഐ. ചാക്കയിലെ ട്രെയിനികൾ നേടി. 17-ന് രാവിലെ 10.30-ന് അതത് ഐ.ടി.ഐ.കളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കെല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. 28-ന് സർക്കാർതലത്തിൽ ദേശീയറാങ്ക് ജേതാക്കളെയും സംസ്ഥാനറാങ്ക് ജേതാക്കളെയും ആദരിക്കും.

Advertisement
Advertisement