കണ്ണൂർ സർവകലാശാലയിലെ സിലബസ് വിവാദത്തില്‍ സർക്കാർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി; വി.സിയുടെ വിശദീകരണത്തിന് ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ.ബിന്ദു

25

കണ്ണൂർ സർവകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കും. വിവാദത്തിൽ പ്രതി​പക്ഷ വിദ്യാഭ്യാസ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സർക്കാർ വിഷയത്തിൽ ഇടപ്പെട്ടിരിക്കുന്നത്​.

വർഗീയത സിലബസിന്‍റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വി.സി അറിഞ്ഞുകൊണ്ടാകണമെന്നില്ല. വി.സിയുടെ വിശദീകരണത്തിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം വിവാദ സിലബസ് മരവിപ്പിച്ചുവെന്ന് വി.സി കെ.എസ്.യു പ്രവർത്തകരെ അറിയിച്ചു.