പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ രീതി രണ്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് സി.ബി.എസ്.ഇ

11

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ രീതി രണ്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് സി.ബി.എസ്.ഇ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യം വൈകാതെ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. നീറ്റ്, ജെഇഇ മെയിൻ പരീക്ഷകളുടെ കാര്യം ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നാളെ യോഗം ചേരും. പന്ത്രണ്ടാം ക്‌ളാസ് ഫലപ്രഖ്യാപനം വൈകിയാൽ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക അറിയിച്ച ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ച് നടപടികൾ വേഗത്തിലാക്കാൻ സിബിഎസ്ഇയോട് വാക്കാൽ നിർദേശിച്ചു. പരീക്ഷയുടെ മൂല്യനിർണയ രീതി തയാറാക്കാൻ രണ്ടാഴ്ച എടുക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് കോടതിയെ അറിയിച്ചത്. ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂലായനിർണ്ണ രീതിയും രണ്ട് ആഴ്ചയ്ക്കകം അറിയിക്കണം. അതേസമയം, വിവിധ സംസ്ഥാന സർക്കാരുകൾ നടത്തുന്ന പന്ത്രണ്ടാം ക്‌ളാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യത്തിൽ ഉടൻ ഇടപെടാൻ കോടതി തയാറായില്ല. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും തിടുക്കപ്പെടേണ്ടെന്നും എല്ലാ കാര്യങ്ങളും വൈകാതെ പരിഗണിക്കുമെന്നും കോടതി പറഞ്ഞു. മറ്റ് ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും കേരളത്തിൽ പ്ലസ് ടു പരീക്ഷ നടന്നതിനാൽ ഫലം റദ്ദാക്കേണ്ടന്നാണ് ഹർജിക്കാരുടെ നിലപാട്. എന്നാൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് പ്രവേശനത്തിന് പൊതു മാനദണ്ഡം വേണം എന്ന് ഹർജിക്കാർആവശ്യപ്പെടുന്നു. അതേസമയം, മെഡിക്കൽ പ്രവേശനത്തിന് ഉള്ള നീറ്റ് പ്രവേശന പരീക്ഷയുടെയും ജെ.ഇ.ഇ മെയിൻസ് പരീക്ഷയുടെയും കാര്യം ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രാലയം നാളെ ഉന്നതതല യോഗം ചേരുന്നത്. രണ്ടു പരീക്ഷകളും അടുത്ത മൂന്നു മാസത്തേക്ക് നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന.