സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം

7

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിന്‍സിപ്പലായിരിക്കണം ഉപദേശക സമിതിയുടെ അധ്യക്ഷന്‍. യോഗ പോലുള്ളവ പതിവായി പരിശീലിപ്പിക്കണം. സമ്മര്‍ദം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും.
കുട്ടികളിലെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകര്‍ക്ക് സൈക്കോസോഷ്യല്‍ പ്രഥമശുശ്രൂഷയില്‍ പ്രത്യേക പരിശീലനം നല്‍കണം. അധ്യാപകരെ സഹായിക്കാന്‍ അനുബന്ധ പരിചരണക്കാരെയും സജ്ജരാക്കണം. മാനസികമായ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍ ഉത്കണ്ഠ, ആശയവിനിമയ പ്രശ്‌നങ്ങള്‍, വിഷാദാവസ്ഥ, പെരുമാറ്റ വൈകല്യങ്ങള്‍, അമിത ഇന്റര്‍നെറ്റ് ഉപയോഗം, ഹൈപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍ എന്നിവയുടെ ആദ്യലക്ഷണങ്ങള്‍ തിരിച്ചറിയാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.
ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേല്‍പ്പിക്കല്‍, വിഷാദം, ആശങ്കകള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും ഓരോ സ്‌കൂളിനും നിര്‍ദിഷ്ടവ്യവസ്ഥ ഉണ്ടായിരിക്കണം.
എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്‌കൂളുകളില്‍ പുറത്തിറക്കണം. കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ ബോധവത്കരിക്കണം. അത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കളുമായും സ്‌കൂള്‍ കൗണ്‍സലര്‍മാരുമായും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണം. വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ വിവിധ പങ്കാളികളെ ബോധവത്കരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാന്വലില്‍ പറയുന്നു.

Advertisement
Advertisement