ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ച് പി.സി.ചാക്കോ. കോൺഗ്രസ് പ്രവർത്തകരുടെ മുഖം അപമാനഭാരത്താൽ കുനിയാനിടയാക്കിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ രമേശ് ചെന്നിത്തലയെ മുൻനിരയിൽ നിന്ന് മാറ്റി പകരം ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന ഹൈക്കമാൻഡിന് നമസ്കാരമെന്നും പി.സി.ചാക്കോ പരിഹസിച്ചു. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം എങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകരെന്നും പി.സി ചാക്കോ പറഞ്ഞു.ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് കോൺഗ്രസ് നേരിടാൻ പോകുന്നത്. പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമീപ ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തു വരുമെന്ന് ആവർത്തിച്ചു. കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്ന ശേഷം ആദ്യമായി കേരളത്തിൽ എത്തിയ പി.സി ചാക്കോയെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. നാളെ മുഖ്യമന്ത്രിക്കൊപ്പം കോങ്ങാടാണ് പി.സി ചാക്കോയുടെ എൽ.ഡി.എഫിലെ ആദ്യ പരിപാടി.