കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ പിതാവിനെ മർദിച്ച സംഭവത്തിൽ ജീവനക്കാരെ കുറ്റപ്പെടുത്തി സി.എം.ഡിയുടെ റിപ്പോർട്ട്; അക്രമം നടത്തിയത് മാനസീക വിഭ്രാന്തിയുള്ളവർ പൊതു ജനങ്ങളോട് മാപ്പ് ചോദിച്ചും സി.എം.ഡി

15

തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദ്ദിച്ച ജീവനക്കാരുടെ നടപടി കെ.എസ്.ആർ.ടി.സിക്ക് കളങ്കമുണ്ടാക്കിയെന്ന് സി.എം.ഡി ഹൈക്കോടതിയിൽ. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്. പാസ്സുമായി ബന്ധപ്പെട്ട് പ്രേമനൻ കയർത്ത് സംസാരിച്ചപ്പോൾ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാർ മർദ്ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോർട്ട് നൽകി. സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് ആർ.സുരേഷ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തെന്നും എംഡി, സ്റ്റാൻഡിംഗ് കൗൺസിലിനെ അറിയിച്ചു. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിഎംഡി ബിജു പ്രഭാകർ ജീവനക്കാരെ തള്ളി റിപ്പോർട്ട് നൽകിയത്. കുറ്റക്കാർക്കെതിരെ കൂടുതൽ അന്വേഷണം നടക്കുന്നതായും എംഡി വ്യക്തമാക്കി.

Advertisement

‘ആക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ളവര്‍’, പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി

കാട്ടാക്കട സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പു ചോദിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകർ. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്‍മെന്‍റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. അക്രമത്തില്‍ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്‍റെ അടിസ്ഥാനപരമായ പ്രശ്‍നം. ഇത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്‍റ് സംരക്ഷിക്കില്ല, വച്ചു പൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആൻറണി രാജുവിന്‍റെയും ഗവൺമെന്‍റിന്‍റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാന്‍ തന്നെയാണ് ഗവൺമെന്‍റ് നൽകിയിട്ടുള്ള നിർദ്ദേശമെന്നും എംഡി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സംഭവത്തില്‍ മർദ്ദനമേറ്റ പ്രേമനന്റെ മകള്‍ രേഷ്മയുടേയും സുഹൃത്തിന്‍റേയും മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയെടുത്ത ശേഷം കെഎസ്ആർടിസി ജീവനക്കാര്‍ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, എഫ്ഐആറിൽ പ്രതികളുടെ പേര് ഇതുവരെയും ചേർത്തിട്ടില്ല. ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് നിലവില്‍ കാട്ടാക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. പിന്നാലെയാണ് മർദനമുണ്ടായത്.

Advertisement