കെ.വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നു, ആ ബാധ്യത ഇനി സി.പി.എം അനുഭവിച്ചോട്ടെയെന്ന് വി.ഡി സതീശൻ

32

പാർട്ടി വിരുദ്ധ നടപടികളെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്നും ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെ.വി തോമസ് ചെയ്യുന്നത്. എന്താണ് കെ വി തോമസിന് കോൺഗ്രസ് ഇനി കൊടുക്കാനുള്ളത്. പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്’. കോൺഗ്രസിൽ നിന്ന് എല്ലാ നേട്ടങ്ങളും കെ വി തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടേയെന്നും വി.ഡി സതീശൻ പറഞ്ഞു. പി.ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോള്‍ പി.ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണത്. പറഞ്ഞത് മുഖ്യമന്ത്രിയായതിനാല്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ചിരിക്കുകയാണ്. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയത്. പരനാറി, കുലംകുത്തി പ്രയോഗങ്ങളില്‍ അഗ്രഗണ്യനാണല്ലോ മുഖ്യമന്ത്രി. എന്നിട്ട് കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കും. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.വി തോമസ് സി.പി.എമ്മിലേക്ക് പോയത്. കെ.വി തോമസിനെ സി.പി.എം സ്വീകരിച്ചത് കൊണ്ട് തൃക്കാക്കരയില്‍ യു.ഡി.എഫിന് കൂടുതല്‍ വോട്ടുകള്‍ കിട്ടും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ.വി തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്. സി.പി.എം നേതാക്കള്‍ കെ.വി തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികളും ഇതേ അവജ്ഞയോടും പുച്ഛത്തോടുമാകും സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും ഒരാളെ പുറത്താക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്.

Advertisement
Advertisement