കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി: കേരളത്തിലെ സർക്കാരിനോട് പ്രത്യയശാസ്ത്രപരമായ എതിർപ്പ് മാത്രമെന്ന് രാഹുൽ

25

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നൽകാൻ തയ്യാറായില്ലെങ്കിലും ഇക്കാര്യത്തിൽ താൻ മുൻപ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിന് മാറ്റമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭാരത് ജോഡോ യാത്ര കേരളത്തിലെത്തി ദിവസങ്ങളായെങ്കിലും ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷനാവുക എന്നത് മാത്രമല്ല, രാജ്യം ഉറ്റുനോക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പ്രതിനിധിയാവുക എന്നതാണ് ആ സ്ഥാനം കൊണ്ട് അർത്ഥമാക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്വേഷം കൊണ്ട് വിഭജിക്കപ്പെട്ട ഇന്ത്യയെ അല്ല നമുക്ക് ആവശ്യം. രാജ്യത്ത് യുവാക്കൾക്ക് തൊഴിലില്ലാത്ത അവസ്ഥയും വിലക്കയറ്റം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവർക്ക് ജീവിതം ദുസ്സഹമാകുന്ന അവസ്ഥയും അംഗീകരിക്കാനാവില്ല. രാജ്യവ്യാപകമായി നടക്കുന്ന പി.എഫ്‌.ഐ റെയ്ഡിലും അദ്ദേഹം പ്രതികരിച്ചു. എല്ലാത്തരം വർഗീയതയ്ക്കും അക്രമങ്ങൾക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് കൈക്കൊള്ളേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ സർക്കാരിനെ കുറിച്ചുള്ള ചോദ്യത്തിന് ഭരണത്തെ കുറിച്ച് സംസ്ഥാനത്തെ നേതാക്കൾ പറയുമെന്നും പ്രത്യയശാസ്ത്രപരമായ എതിർപ്പ് മാത്രമാണ് തനിക്കുള്ളതെന്നും തന്റെ യാത്ര വിശാലമായ കാഴ്ചപ്പാടോടെയാണെന്നും രാഹുൽ പറഞ്ഞു.

Advertisement
Advertisement