ദേശീയ പാത കുതിരാനിൽ ഒരു തുരങ്കം മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി ഹൈക്കോടതിയിൽ, നിർമ്മാണം പൂർത്തിയാക്കിയാലും തുറന്നു കൊടുക്കാനാവില്ലെന്ന് ദേശീയപാത അതോറിറ്റി: രണ്ടാം തുരങ്കം പൂർത്തിയാക്കാൻ സമയം വേണമെന്നും കരാർ കമ്പനി, കുതിരാൻ ദേശീയപാതയിലെ ഗതാഗതം നിറുത്തിവെക്കണമെന്നും ആവശ്യം, ഗതാഗത നിയമം ലംഘിച്ചുള്ള വാഹനം ഓടിക്കുന്നതാണ് കുരുക്കിന് കാരണമെന്നും ദേശീയപാത അതോറിറ്റി

14
5 / 100

ദേശീയ പാത കുതിരാനിൽ ഒരു തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി ഹൈക്കോടതിയിൽ. രണ്ടാമത്തെ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഗവ.ചീഫ് വിപ്പ് കെ.രാജൻ, കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും വിശദീകരിച്ചത്.
ഇപ്പോഴത്തെ കുതിരാൻ പാതയിലെ ഗതാഗതം നിർത്തി വെച്ചാൽ മാത്രമെ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള വഴിയുടെ പണി പൂർത്തിയാക്കാൻ കഴിയൂ. തുരങ്കം തുറക്കുന്നതോടെ കുതിരാനിലെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാകുമെന്നും കരാർ കമ്പനി കോടതിയിൽ വ്യക്തമാക്കി. കുതിരാൻ തുരങ്കപാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് കരാർ കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്.
ഒരു തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയായാലും സുരക്ഷാ പരിശോധനകൾ നടത്താതെ ഗതാഗതത്തിന് തുറന്നു നൽകാൻ കഴിയില്ലെന്ന് ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നതാണ് കുതിരാനിലെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണമെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു.