നെടുമ്പാശേരിയിലെ യുവാവിന്റെ ജീവനെടുത്ത റോഡ് നിർമാണവും ആ കൊലയാളി കമ്പനി തന്നെ; വീഴ്ച സമ്മതിച്ച് കരാർ കമ്പനി; കുഴിയടക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ കത്ത് കമ്പനി അവഗണിച്ചു

31

നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഉണ്ടായ അപകടത്തെ തുടർന്ന് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കരാറുകാർ. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് കരാർ എറ്റെടുത്തത്. കുഴി അടക്കുന്നതിൽ വീഴ്ച വന്നത് മഴ കാരണമാണെന്ന് കമ്പനിയുടെ ഡപ്യൂട്ടി ജനറൽ മാനേജർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കുഴികൾ എല്ലാം അടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാഷിമിന്റെ കുടുംബത്തെ സഹായിക്കുന്നതിൽ കമ്പനി മാനേജ്മെന്റ് തീരുമാനമെടുത്തിട്ടില്ലെന്നും മഴ മാറിയാൽ കൂടുതൽ ഉറപ്പുള്ള ബിറ്റുമിൻ ടാർ മിക്സ് ഉപയോഗിച്ച് കുഴികളടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ എറണാകുളം റോഡിലെ കുഴികൾ എത്രയും വേഗം അടയ്ക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ നോട്ടീസ് കരാ‍ർ കമ്പനി അവഗണിക്കുകയായിരുന്നു. കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനിക്ക് ദേശീയ പാത അതോറിറ്റി തുടരെ നോട്ടീസ് അയച്ചെങ്കിലും കമ്പനി അത് അവഗണിക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് കുഴികൾ അടക്കണം എന്നായിരുന്നു നിർദേശം. എന്നാൽ കമ്പനി അത് അവഗണിക്കുകയായിരുന്നു. കരാർ കമ്പനിയുടെ ഭാഗത്ത് ബോധപൂർവമായ അനാസ്ഥ ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യം. കുഴിയടക്കാത്തതിൽ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ പാലക്കാട് ഡിവിഷൻ ആണ് പലതവണ നോട്ടീസ് അയച്ചത്. ദേശീയ പാത അതോറിറ്റി പല തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയായി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ തുടർച്ചയായി ഈ നോട്ടീസുകൾ അവഗണിച്ചു.കരാർ കമ്പനിക്ക് ഒടുവിൽ നോട്ടീസ് അയച്ചത്  ജൂൺ മാസത്തിലാണ്. ദേശീയ പാത അതോറിറ്റിയുടെ കത്തിന്റെ പകർപ്പ് പുറത്ത് വന്നു. നഷ്ടം കണക്കാക്കിയും പിഴ ഈടാക്കിയും ദേശീയപാത അതോറിറ്റി പുതിയ ടെൻഡർ നടപടികൾ തുടങ്ങി. 

Advertisement
Advertisement