പ്രധാനമന്ത്രി കൊച്ചിയിലെത്തി; കറുത്ത ബലൂണുകളുയർത്തി ഇന്ധനവില വർധനവിനെതിെര ഡി.വൈ.എഫ്.ഐ‍യുടെ പ്രതിഷേധം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

28
5 / 100

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ബി.പി.സി.എല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോർകമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. പെട്രോൾ വില വർധനവിനെതിരെ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ ഡി.വൈ.എഫ്‌.ഐ കറുത്ത ബലൂണുകളുയർത്തി പ്രതിഷേധിച്ചു.
6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്‌സ പെട്രോകെമിക്കൽ പ്രോജക്ട്, എറണാകുളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്‌യാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോൾ ബെർത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലാണ് ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധ മാർച്ച് നടക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാവിക സേനാ ആസ്ഥാനത്തിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.