ഭൂമി വിൽപ്പനയിൽ അതിരൂപതക്ക് നഷ്ടം 29.51 കോടി, താൻ ശ്രമിച്ചത് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ, പദവിയല്ല സത്യത്തിനും നീതിക്കും വേണ്ടിയാണ് താൻ നിൽക്കുന്നത്: തുറന്നടിച്ച് ബിഷപ്പ് ആന്റണി കരിയിൽ, വൈദീകർക്ക് തുറന്ന കത്ത്

20

വൈദികർക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയിൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശി പിടിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിരൂപതയ്ക്ക് കീഴിൽ ചില രൂപതകളിൽ ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഐക്യം ഉണ്ടായിട്ടില്ല. അതിരൂപതയിൽ കുർബാന പരിഷ്കാരം നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്നം ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്നും ബിഷപ്പ് പറയുന്നു.

Advertisement

ചാലക്കുടി ആശ്രമത്തിൽ നിന്നാണ് കത്ത് എഴുതിയത്. തന്നെ അനുസരണ ഇല്ലാത്തവനായി സിനഡ് ചിത്രീകരിച്ചുവെന്ന് അദ്ദേഹം വിമർശിക്കുന്നു. സിനഡനെ അനുസരിച്ചിരുന്നെങ്കിൽ തനിക്ക് സ്ഥാനം ഉറപ്പാക്കാമായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയാണ് അത് ചെയ്യാതിരുന്നതെന്നും കത്തിൽ പറയുന്നു. അതിരൂപത മെത്രാപൊലീത്തൻ വികാരി ആയത് സിനഡ് ഒപ്പം ഉണ്ടാകും എന്ന ഉറപ്പിലാണെന്നും അദ്ദേഹം പറയുന്നു.

അതിരൂപതയുടെ ഭൂമി വില്പനയിൽ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിരൂപതയ്ക്ക് 29.51 കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടായത്. നഷ്ടം ഉണ്ടാക്കിയത് ആരാണെന്ന് അതിരൂപതയ്ക്ക് അറിയേണ്ടതാണ്. അതിരൂപത നേരിട്ട് സിവിൽ കേസ് കൊടുക്കാൻ നിയമോപദേശം കിട്ടിയിട്ടും താൻ അത് ചെയ്തില്ല. വിഷയം സഭയ്ക്ക് ഉള്ളിൽ പരിഹരിച്ച് തീർക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.

ഭൂമി വിൽപ്പന വിവാദത്തിലും, കുർബാന ഏകീകരണത്തിലുമടക്കം സിനഡ് തീരുമാനങ്ങളെ തള്ളിയുള്ള വൈദിക നീക്കത്തെ പിന്തുണച്ചതിനാണ് ബിഷപ് ആന്‍റണി കരിയിലിനെതിരായ വത്തിക്കാന്‍റെ നടപടി. വത്തിക്കാൻ സ്ഥാനപതി ദില്ലിയിലേക്ക് വിളിച്ച് രാജി ആവശ്യപ്പെട്ടെങ്കിലും ബിഷപ് ആദ്യം വിസമ്മതിച്ചിരുന്നു. തുടർന്നാണ് ന്യൂൻഷോ ലെയോപോൾദോ ജെറെല്ലി നേരിട്ട് ബിഷപ്പ് ഹൗസിലെത്തി രാജി എഴുതി വാങ്ങിയത്. എറണാകുളം  അങ്കമാലി അതിരൂപതയക്ക് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി വത്തിക്കാൻ പ്രഖ്യാപനവും വന്നു.

തൃശൂർ  അതിരൂപത  മെത്രാപോലീത്തൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനാണ് എറണാകുളം  അങ്കമാലി അതിരൂപതയുടെ അധിക ചുമതല നൽകിയത്. അതിരൂപതയുടെ ദൈനംദിന കാര്യങ്ങൾ സിനഡുമായും മേജർ ആർച്ച് ബിഷപ്പുമായും ആലോചിച്ച് ചെയ്യണം. തീരുമാനങ്ങളെല്ലാം മർപ്പാപ്പയുടെ നേരിട്ടുള്ള അനുവാദത്തോടെയാകണം. വത്തിക്കാൻ പ്രഖ്യാപനം വന്നതിന് പിറകെ ബിഷപ് ആന്‍റണി കരിയിൽ അധികാരം മാർ ആഡ്രൂസ് താഴത്തിന് കൈമാറി . ബിഷപ് കരിയിലിന് പുതിയ ചുമതല നൽകിയില്ല. അതേസമയം വത്തിക്കാൻ നടപടിക്കെതിരെ പ്രക്ഷോഭം ആലോചിക്കാൻ ആഗസ്റ്റ് ഏഴിന് കൊച്ചിയിൽ കർദ്ദിനാൾ വിരുദ്ധ വൈദികരും വിശ്വാസികളും മഹാ സംഗമം വിളിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 മുതൽ സിനഡ് സമ്മേളനവും ആരംഭിക്കും. 

Advertisement