മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കൾക്കും ജാമ്യം

13

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്. 13ന്​ വൈകീട്ട്​ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിലുണ്ടായിരുന്ന ഇവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനത്തിൽനിന്ന് ഇറങ്ങാൻ കാത്തുനിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്ന്​ ഹരജിക്കാർ പറയുന്നു. ഇതുകണ്ട് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മുൻ മന്ത്രി ഇ.പി. ജയരാജൻ തങ്ങളുടെ അടുത്തേക്ക് വന്നു പിടിച്ചുതള്ളി ആക്രമിച്ചു. സംഭവത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സ തേടേണ്ടി വന്നു. സമാധാനപരമായി പ്രതിഷേധിക്കുകയാണ് ചെയ്തതെന്നും തിരുവനന്തപുരം ആർ.സി.സിയിൽ കാൻസർ ചികിത്സയിലുള്ള രോഗിയെ കാണാനാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം കളവാണെന്നും ഹരജിയിൽ പറയുന്നു. ജൂൺ 14ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഫർസീൻ സ്കൂൾ അധ്യാപകനും രണ്ടാം പ്രതി നവീൻ സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ജയിലിൽ തുടർന്നാൽ ജോലി നഷ്ടപ്പെടുമെന്ന്​ ഹരജിയിൽ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ ജാമ്യഹരജി നൽകിയെങ്കിലും വിഷയം ആ കോടതിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വ്യക്തമാക്കി തള്ളി. ഇതേ തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

Advertisement
Advertisement