സിൽവർ ലൈൻ മികച്ച പദ്ധതി, നടപ്പിലാക്കേണ്ടത് ഈ രീതിയിലല്ല: എന്തിനായിരുന്നു അനാവശ്യ ധൃതിയെന്ന് ഹൈക്കോടതി

4

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന്‍റെ തൽസ്ഥിതി അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്നും കോടതി വ്യക്തമാക്കി. കെ റെയിൽ പദ്ധതി നല്ലതാണ്. പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്ന് കോടതി പറഞ്ഞു. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഹർജികൾ അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.

Advertisement

പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാണിച്ചെന്നും നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മഞ്ഞകുറ്റി ഉപയോഗിച്ചുള്ള സർവ്വേ ഇനി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല. ഇപ്പോൾ കേന്ദ്ര സർക്കാർ കൈ ഒഴിഞ്ഞില്ലെയെന്നും കോടതി ചോദിച്ചു. സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്‍റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisement