ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ബ്രഹ്മപുരം പ്ലാന്റിന് മുൻപിൽ പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്റിലേക്ക് അമ്പതോളം മാലിന്യവണ്ടികൾ എത്തിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ലോറികൾ പ്ലാന്റിലെത്തിച്ചു. കൊച്ചി നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് പ്ലാന്റിനകത്ത് തീ പിടിത്തം ബാധിക്കാത്ത സ്ഥലത്തിടാൻ എത്തിച്ചത്. പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്.
ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തം; ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും
Advertisement
Advertisement