ബ്രഹ്മപുരം മാലിന്യം തീപിടിത്തം: കൊച്ചിയിലെ വായുഗുണനിലവാരം മോശം അവസ്ഥയിൽ; സൂചിക 200 കടന്ന നിലയിൽ

20

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വായു ഗുണനിലവാരത്തില്‍ 11-ാം ദിവസവും മാറ്റമില്ല. മോശം അവസ്ഥയില്‍ തുടരുകയാണ്‌ കൊച്ചിയിലെ അന്തരീക്ഷവായു. നേരത്തെ മുന്നൂറിന് മുകളില്‍ വരെ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണെന്ന് www.aqi.in പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ശരാശരി ഗുണനിലവാരം 135-ഉം രാജ്യത്ത് 128-മായിരുന്നപ്പോള്‍, കൊച്ചിയിലേത് 160-ന് മുകളിലായിരുന്നു. ഞായാറാഴ്ച രാവിലത്തെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ 94-ാം സ്ഥാനത്താണ് കൊച്ചി.
തീപ്പിടിത്തമുണ്ടായ ശേഷം ഏറ്റവും മോശം ശരാശരി വായുഗുണനിലവാരം ഉണ്ടായിരുന്നത് ചൊവ്വാഴ്ചയാണ്. മാര്‍ച്ച് ഏഴിന് 294 ആയിരുന്നു എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. മാര്‍ച്ച് അഞ്ചിന് ശരാശരി വായുഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒമ്പത് മണിക്ക് രേഖപ്പെടുത്തിയ കണക്കുപ്രകാരം ശരാശരി വായുനിലവാരം 257 ആയിരുന്നു.
ശനിയാഴ്ച 11 മണിക്ക് വായുനിലവാരം 300 തൊട്ടിരുന്നു. ഞായറാഴ്ച രാവിലെ വായുഗുണനിലവാരം 6.30-ഓടെ 207- ഉം, എഴ് മണിക്ക് 222-ഉം, എട്ടുമണിക്ക് 212-ഉം 9.30ഓടെ 209-ഉം ആയിരുന്നു.
50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതല്‍ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 101-ന് മുകളില്‍ മോശം നിലയും 201-ന് മുകളില്‍ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301-ന് മുകളില്‍ എത്തുന്നത് അതിഗുരുതരമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു.

Advertisement
Advertisement