ആലുവയിലും അങ്കമാലിയിലും കോടികളുടെ ലഹരി വേട്ട: ദമ്പതികളുൾപ്പെടെ നാല് പേർ അറസ്റ്റിൽ

31

ആലുവയിലും അങ്കമാലിയിലും കോടികളുടെ മയക്കുമരുന്നുവേട്ട. ആലുവയിൽ ഇരുപത്തിരണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികളാണ് പിടിയിലായത്. ആലപ്പുഴ ഹരിപ്പാട് മുതുകുളം സ്വദേശി സനൂപ് (24) ഇയാളുടെ ഭാര്യയായ  റിസ്വാന (രാഖി.ആര്‍ 21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്സില്‍ ദമ്പതികള്‍ ലഹരിമരുന്നുമായി യാത്ര ചെയ്യുന്നുവെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ..കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  പോലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് ഇവര്‍ മയക്കുമരുന്നു കൊണ്ടുവന്നത്. പിടികൂടിയ എം.ഡി.എം. എയ്ക്ക് ഒരുലക്ഷത്തോളം രൂപ വിലവരും. സനൂപ് വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്. അങ്കമാലി കറുകുറ്റിയില്‍ രണ്ടു കിലോയോളം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ എറണാകുളം റൂറല്‍ പോലിസ് പിടികൂടി. ചേര്‍ത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം 29 ), തളിപ്പറപ്പ് മന്ന സി.കെ ഹൗസില്‍ ആബിദ് (33) എന്നിവരെയാണ്  ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടു കിലോയോളം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും. ചെന്നെയില്‍ നിന്നും കൊണ്ടുവന്നതാണിത്. അന്വേഷണ സംഘത്തില്‍  നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി കെ.അശ്വകുമാര്‍ , ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്.രാജേഷ്, എസ് ഐ മാരായ ആര്‍.വിനോദ്, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ മാരായ കെ.എ ഷിഹാബ് , ഷൈജാ ജോര്‍ജ്ജ്, സി.പി.ഒ മാരായ മുഹമ്മദ് അമീര്‍, പി.എ.അന്‍സാര്‍, സൗമ്യമോള്‍, ഡാന്‍സഫ് ടീം എന്നിവരുമുണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാര്‍ത്തിക്ക് പറഞ്ഞു.