അങ്കമാലിയിൽ കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

28

അങ്കമാലിയിൽ കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. അങ്കമാലി തുറവൂര്‍ എളന്തുരുത്തി വീട്ടീലാണ് സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ജു വൈകീട്ടോടെയാണ് മരിച്ചത്. മക്കളായ ആതിര (ഏഴ്) അനൂഷ് (മൂന്ന്) എന്നിവരെയാണ് തീകൊളുത്തി അഞ്ജു കൊലപ്പെടുത്തിയത്.

ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ദാരുണമായ സംഭവം. അഞ്ജുവിന്റെ ഭര്‍തൃമാതാവ് അയല്‍പക്കത്തെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ ഇവരെ കാണാതാവുകയും വീടിനുള്ളില്‍ നിന്ന് മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരേയും മുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കള്‍ രണ്ടു പേരും അപ്പോഴേക്കും മരിച്ചിരുന്നു. 

അഞ്ജുവിന്റെ നില ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആറു മണിയോടെ മരിച്ചു. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.