ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും; അത് വരെ അറസ്റ്റുണ്ടാവില്ല

7

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ട് രേഖാമൂലമുള്ള ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് വന്നിട്ടില്ല. എന്നാല്‍ വെള്ളാഴ്ച വരെ  അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ അറിയിച്ചു. 

Advertisement

കേസ് അപഹാസ്യമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി വരുന്നത്. മുഖ്യമന്ത്രിക്കും പിന്നീട് പോലീസിനും നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കാര്യം ബാലചന്ദ്രകുമാര്‍ പറയുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് കരുത്തിക്കൂട്ടിയുള്ള നടപടിയാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. 

നടിയെ ആക്രമിച്ച കേസിന്റെ  വിചാരണ അന്തിമ ഘട്ടത്തിലെത്തിയപ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള ഒരു നീക്കമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചന തന്നെയാണ് ഇതിന് പിന്നിലെന്നാണ് ദീലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 

കേസില്‍ വിശദമായ വാദം പറയേണ്ടത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്‍പിള്ളയാണ്. കോവിഡ് ബാധിച്ചതിനാല്‍ അദ്ദേഹത്തിന് കോടതിയില്‍ ഹാജരാകാന്‍ സാധിച്ചില്ല. അതുകൊണ്ട് കേസ് മാറ്റിവെക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അതുവരെ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ച സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ദിലീപ് ഭയക്കേണ്ടതില്ല. 

Advertisement