കൊച്ചി കപ്പൽശാലക്ക് നേരെ വീണ്ടും ഭീഷണി: ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പോലീസിന്

16

കൊച്ചി കപ്പൽശാലക്ക് നേരെ വീണ്ടും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്.

കപ്പൽശാല തകർക്കുമെന്ന ഭീഷണി സന്ദേശം ഇ മെയിലിലൂടെയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അതേസമയം കപ്പൽശാലക്ക് നേരെ തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്.

കഴിഞ്ഞ മാസം 24നാണ് കപ്പൽശാലക്ക് ആദ്യമായി ഭീഷണി എത്തുന്നത്. വിലാസമറിയാൻ കഴിയാത്ത വിധം പ്രോട്ടോൺവിഭാഗത്തിൽപ്പെട്ട ഭീഷണിയാണ് ഈ മെയിലിലൂടെ ലഭിച്ചത്. ഐ എൻ എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് കപ്പൽശാലാ അധികൃതർ നൽകിയ പരാതിയിൽ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി ലഭിച്ചത്.

കഴിഞ്ഞ ദിവസം കപ്പൽശാല തകർക്കുമെന്ന്‌ ഇ മെയിൽ ഭീഷണി ലഭിച്ചിരുന്നു. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിൽ വഴി വന്ന ഭീഷണി. ഇതിനെത്തുടർന്ന് കപ്പൽശാലാ അധികൃതർ പോലീസിൽ പരാതി നൽകുകയും ഈ പരാതിയിലും അന്വേഷണം നടന്നുവരുകയായിരുന്നു.