കക്കുകളി നാടകത്തിനെതിരെ കെ.സി.ബി.സിയും രംഗത്ത്. നാടകം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. ചരിത്രത്തെ അപനിർമ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാർത്തകുറിപ്പിൽ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടൽ വേണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകൾ നാടകത്തിനു നൽകുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണ്. നാടകത്തിനെതിരെ തൃശൂർ അതിരൂപത ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സർക്കുലറിൽ പറയുന്നത്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി. അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. എന്നാൽ, പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നാണ് അതിരൂപതയുടെ വാദം. തൃശൂർ ജില്ലയിൽ നാടകം അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് തൃശൂർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അടിയന്തര യോഗത്തിൽ തീരുമാനം. നാടകത്തിന് പിന്നിൽ കപട സദാചാരവാദികളാണെന്നും സർക്കാർ സംവിധാനങ്ങൾ പിന്തുണയ്ക്കുന്നത് പ്രതിഷേധാർഹമാണെന്നും പാസ്റ്ററൽ കൗൺസിൽ കുറ്റപ്പെടുത്തി.
കക്കുകളി നാടകം സാംസ്കാരിക കേരളത്തിന് അപമാനം: നാടകത്തിനെതിരെ കെ.സി.ബി.സി രംഗത്ത്; നാടകത്തിന് പിന്നിൽ കപട സദാചാര വാദികൾ, നാടകം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് തൃശൂർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ
Advertisement
Advertisement