ബെഹ്‌റയുടെ പരിഷ്കാരങ്ങൾ തുടങ്ങി: മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു; സമയം പുനക്രമീകരിച്ചു

20

കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു. ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് 5 രൂപയും
നാല് ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയുമാണ് പുതിയ നിരക്ക്.

നിലവില്‍ ആദ്യത്തെ രണ്ട് മണിക്കൂര്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയുമാണ് ഈടാക്കുന്നത്. നാല് ചക്ര വാഹനങ്ങള്‍ക്ക് 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ്.
മറ്റു വലിയ വാഹനങ്ങള്‍ക്ക് 100രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നിരക്ക്.

പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ എംഡി ലോകനാഥ് ബഹ്‌റ പറഞ്ഞു. സ്‌റ്റേഷനിലെ പാര്‍ക്കിങ്ങ് നിരക്കില്‍ കുറവി വരുത്തിയത് മെട്രോയുടെ സ്ഥിരം യാത്രക്കാരെ മാത്രമല്ല, മറ്റ് യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെയും മെട്രോയിലേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിലൂടെ അവരുടെ സമയവും ഇന്ധനവും ലാഭിക്കാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമയം പുനക്രമീകരിച്ച് മെട്രോ

കൊച്ചിമെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ചാണ് സമയങ്ങളില്‍ മാറ്റം വരുത്തിയത്. ഇന്ന് (12/09/2021) മുതല്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ 15 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും.