ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പേരിൽ വൻ തട്ടിപ്പ് ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്

76

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന വൻതുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കത്തുകൾ വഴിയോ ഫോൺകോളുകൾ വഴിയോ ആണ് തട്ടിപ്പ്.വൻതുക അല്ലെങ്കിൽ സമ്മാനങ്ങൾ ലഭിച്ചുവെന്ന സന്ദേശമാണ് ആളുകളെ തേടിയെത്തുന്നത്. സമ്മാനം കൈപ്പറ്റുന്നതിനായി സർവീസ് ചാർജ്ജായോ ടാക്സായോ ഒരു തുക നൽകാൻ ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ്. ഇത്തരത്തിൽ പണം നൽകുന്നവരുടെ പണം മുഴുവൻ നഷ്ടമാവുകയും ചെയ്യും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം സൈബർ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം.വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന തട്ടിപ്പ് സന്ദേശങ്ങൾ കൂടി പങ്കു വച്ചു കൊണ്ടാണ് കേരള പൊലീസ് എഫ്ബി പോസ്റ്റിലൂടെ ‘ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ’ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലാണ് ഇത്തരം മെസേജുകൾ എത്തുന്നത്. അവർ തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വിലപ്പെട്ട പല ഡാറ്റകളും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് അറിയിച്ചത്.  ഇത്തരം തട്ടിപ്പുകൾ വീണുപോയാൽ തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുന്നതിനൊപ്പം വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.