കാട്ടാനാക്രമണം സംരക്ഷണം തേടി ഹൈകോടതിയിൽ ഹർജി: വനംവകുപ്പിനോട് വിശദീകരണം തേടി കോടതി; കേന്ദ്രം അനുവദിച്ച വിഹിതം പോലും വിനിയോഗിച്ചില്ലെന്ന് ജോസഫ് ടാജറ്റ്

11

ജില്ലയിലെ വനമേഖലയോട് അടുത്ത ജനവാസമേഖലയിൽ നടക്കുന്ന കാട്ടാനക്രമണത്തെ നേരിടാൻ ഫലപ്രദമായ മാർഗങ്ങൾ സർക്കാർ നടപ്പിലക്കത്തതിനെതിരെ ഹൈകോടതിയിൽ ഹർജി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ അഡ്വ ജോസഫ് ടാജറ്റ് ആണ് ഹരജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഈ കാര്യത്തിൽ വനവകുപ്പിന് എന്താണ്‌ ബോധിപ്പിക്കാനുള്ളതെങ്കിൽ ആയത്‌ തിങ്കളാഴ്ചക്ക് ബോധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്‌ മണികുമാർ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ജോസഫ് ടാജറ്റ് പ്രതിനിധീകരിക്കുന്ന പുത്തൂർ ഡിവിഷനിലെ കള്ളായി , വെള്ളാനിക്കോട്, മരോട്ടിച്ചാൽ, മന്ദാമംഗലം, താമരവെള്ളച്ചാൽ എന്നിവിടങ്ങളിൽ ജനവാസമേഖലയിൽ കാട്ടാനക്രമണം പതിവായ സാഹചര്യത്തിൽ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. പാലപ്പിള്ളിയിൽ കാട്ടാന രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തതോടെ ജനങ്ങൾ വലിയ ഭീതിയിലാണ്. രണ്ട് വർഷത്തിനിടയിൽ അൻപതിൽപരം ആക്രമണങ്ങൾ പീച്ചി വൈൽഡ് ലൈഫ്, പട്ടിക്കാട്, പാലപ്പിള്ളി, ചിമ്മിനി വൈൽഡ് ലൈഫ്, വെള്ളിക്കുളങ്ങര എന്നീ റേഞ്ചുകളിലായി നടന്നിട്ടുള്ളതായി ജോസഫ് ടാജറ്റ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതലും പാലപ്പിള്ളി മേഖലയിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് ആനകൾ എത്തുന്നത്. ചില സ്ഥലങ്ങളിൽ ഫെൻസിങ് ഉണ്ടെങ്കിലും അതുകൊണ്ടൊന്നും ആനകളെ പ്രതി രോധിക്കാൻ സാധിക്കുന്നില്ല. എലിഫന്റ് ട്രെഞ്ച് നിർമിക്കുക എന്നുള്ളതാണ് ഫലപ്രദമായ മാർഗ്‌ഗം. ഇത് ഈ റേഞ്ചുകളിലും നിർമിക്കുക, അതുപോലെതന്നെ കാടിനകത്ത് വെള്ളം ഉൾപ്പെടെയുള്ള സൗകര്യമൊരുക്കക, മൃഗങ്ങളുടെനഷ്ടപ്പെട്ട ആവാസവ്യവസ്‌ഥ സംരക്ഷിക്കുക, ആക്രമണം തടയുന്നതിന് സർക്കാർ എന്തെങ്കിലും മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഹരജിയിൽ കാണിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി, ചീഫ് കൺസെർവേറ്റർ ഓഫ്‌ ഫോറസ്റ്, തൃശൂർ, ചാലക്കുടി ഡി.എഫ്.ഒ മാർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ, ജില്ലാ കലക്ടർ എന്നിവരാണ് എതിർകക്ഷികൾ. ത്രിതല പഞ്ചായത്ത് തലത്തിലും സർക്കാർ തലത്തിലും ഈ ആവശ്യവുമായി യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും മൃഗങ്ങളെ തടയാൻ യാതൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് തങ്ങൾക്ക് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുവെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. കേന്ദ്ര സർക്കാർ ഈ കാര്യത്തിലേക്ക് അനുവദിച്ച സംഖ്യപോലും ചിലവഴിച്ചിട്ടില്ലെന്നും ഗുരുതരമായ വീഴ്ചയാണെന്നും അഡ്വ ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി.

Advertisement
Advertisement