
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുക. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഗതാഗത നിയന്ത്രണം ഇങ്ങനെ
തിങ്കൾ (24.04.2023) ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ , വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും NH ൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബിഒടി (BOT ) ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂർ, വൈറ്റില വഴി പോകേണ്ടതാണ്.തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണ്. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിറ്റി എച്ച് ൽ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷൻ വഴി പോകേണ്ടതാണ് . എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സർവ്വീസ് ബസുകൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണ്. ചൊവ്വ (25.04.2023 ) രാവിലെ 8 മുതൽ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.വാഹനങ്ങൾ തേവര ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്.പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബിഒടി(BOT) ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്. തൃശ്ശൂർ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്നർ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ആലപ്പുഴ,കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തേവര ഫെറി ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റർ റോഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും, ഇന്ദിരാഗാന്ധി റോഡിലും പാർക്ക് ചെയ്യേണ്ടതാണ്.
കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്കർ ബാബു, ബഷീർ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തും. വൈകിട്ട് കൊച്ചിയിലെ അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റർ ദൂരത്തിൽ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ തൊഴിൽ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്‍റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കർദിനാൾമാരടക്കം ക്രൈസ്തവ മേലധ്യക്ഷൻമാരുമായുളള കൂടിക്കാഴ്ച.