മരുമകന്റെ കമ്പനിക്ക് ബ്രഹ്മപുരത്ത് ബയോമൈനിങ് കരാര്‍ ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ കോര്‍പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണിക്കെതിരേ മുതിര്‍ന്ന സി.പി.എം. നേതാവ് വൈക്കം വിശ്വന്‍ നോട്ടീസയച്ചു. ആരോപണത്തിനു പിന്നില്‍ ഒരടിസ്ഥാനവുമില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വ്യാജപ്രചാരണങ്ങള്‍ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. അഭിഭാഷകന്‍ വി. ജയപ്രകാശ് മുഖേനയാണ് വിശ്വന്‍ മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയത്.
കൊച്ചി കോര്‍പറേഷന്റെ മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ ഭാഗമായി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് ബയോമൈനിങ്ങിനായി കോണ്‍ട്രാക്ട് നല്‍കിയത് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്കാണെന്നും വൈക്കം വിശ്വന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇത് തരപ്പെടുത്തിയതെന്നുമായിരുന്നു ആരോപണം.