കൊച്ചിയിൽ ട്രാൻസ് ജെൻഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

51

കൊച്ചിയിൽ ട്രാൻസ് ജെൻഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റിലയിലെ വാടക വീട്ടിൽ കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യെ ആണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും എന്നാൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്.

കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു സുഹൃത്തുക്കളും അന്വേഷിച്ച് എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാൽ ഇന്നു രാവിലെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.