തുമ്പികളുടെ കൂട്ടത്തിലേക്ക് രണ്ടു പുതിയ ഇനം സൂചിത്തുമ്പികൾ കൂടി

13

പശ്ചിമഘട്ടത്തിലെ തുമ്പികളുടെ കൂട്ടത്തിലേക്ക് രണ്ടു പുതിയ ഇനം സൂചിത്തുമ്പികൾ കൂടി. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽനിന്നാണ്‌ പുതിയ ഇനങ്ങളെ കണ്ടെത്തിയത്. മനുഷ്യന്റെ നടുവിരലിന്റെ നീളം വരും. തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകരും മുംബൈയിലെ ഗവേഷകരും ചേർന്ന സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഡോ. ശ്രീറാം ബാക്കറേ, പ്രതിമ പവാർ, സുനിൽ ബോയിട്ടേ, കേരളത്തിൽനിന്ന്‌ ഡോ. കലേഷ് സദാശിവൻ, വിനയൻ നായർ എന്നിവരാണ് സംഘാംഗങ്ങൾ. യൂഫിയ (Euphaea ) ജനുസിൽപ്പെട്ട യൂഫിയ തോഷിഗാരെൻസിസ് (Euphaea thoshegarensis), യൂഫിയ സുഡോഡിസ്പാർ (Euphaea pseudodispaar ) എന്നിവയാണ് പുതിയ സ്പീഷീസുകൾ. പുതിയ രണ്ടു സ്പീഷീസുകളും മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ തൊഷീഗാർ, കാസ് തടാകം എന്നിവിടങ്ങളിലെ ഉയർന്ന അരുവികൾക്ക് സമീപമാണ് കാണുന്നത്. പുതിയ തുമ്പികളുടെ വിവരങ്ങൾ ജേർണൽ ഓഫ് ത്രെറ്റെൻഡ് ടാക്‌സ യുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.