ഇന്ധന എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്രനടപടി പിൻവലിക്കണം; എ.ഐ.വൈ.എഫ്.

85

ചേലക്കര: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില എക്കാലത്തേയും കുറഞ്ഞ നിരക്കിലെത്തിയിട്ടും പെടോൾ, ഡീസൽ എക്സൈസ് തീരുവ കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കൊറോണക്കാലത്തെ പകൽക്കൊളളയാണെന്നും വർദ്ധനവ് പിൻവലിച്ച് ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും
എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.പി. സുനിൽ ആവശ്യപ്പെട്ടു.
കൊറോണ പ്രതിസന്ധിയിൽ ജനങ്ങൾ പ്രയാസപ്പെടുമ്പോൾ പെട്രോൾ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി മനുഷ്യത്വരഹിതവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. കൊറോണ വ്യാപനത്തിനു ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം തീരുവ വർദ്ധിപ്പിച്ചിരിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ ആഗോള വിപണിയിൽ ഉണ്ടായ കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ എക്സൈസ് തീരുവ വർദ്ധിപ്പിച്ച തീരുമാനം തികച്ചും പ്രതിഷേധാർഹമാണ്. കൊറോണ പ്രതിസന്ധിയിൽ ജനങ്ങൾക്ക് ആനുകൂല്യങ്ങളും സഹായങ്ങളും നൽകുന്നതിന് പകരം ജനജീവിതം ദുസ്സഹമാക്കുന്ന നടപടിയുമായിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്.
എക്സൈസ് തീരുവ വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ചേലക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ചേലക്കര പോസ്റ്റ്‌ ഓഫീസിനു മുൻവശത്ത് നിൽപ് സമരം സംഘടിപ്പിച്ചു. മേഖല സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.കെ. പ്രവീൺ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ്‌ പി എ. മൊയിദീൻകുട്ടി, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം മലായ് സുകുമാരൻ മേഖലാ കമ്മിറ്റി അംഗം വി കെ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.