ക്രാഷ് കോഴ്‌സുകളിലൂടെ ദുരിതാശ്വാസനിധിയിലേക്ക് തുക സ്വരൂപിക്കാൻ ഗവ. എൻജിനീയറിങ് കോളേജ്

  138

  ലോക് ഡൗൺ കാലഘട്ടം വിജ്ഞാനപ്രദമാക്കി തീർക്കാൻ നിരവധി ക്രാഷ് കോഴ്‌സുകൾ ഒരുക്കിയും ഇതിലൂടെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങിയും ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.

  Advertisement

  അപ്പർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് അക്കാദമിക രംഗത്ത് മികച്ച നിലവാരം പുലർത്താൻ സഹായിക്കുക എന്ന ആശയവുമായാണ് ‘കൺസപ്റ്റ് ലേർണിംഗ് ‘ എന്ന എൻജിനീയറിങ് കോളേജ് സംരംഭം മുന്നോട്ട് വന്നിട്ടുള്ളത്.

  സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രൊഫഷണൽ വാല്യൂ കൂട്ടുന്ന ഗ്രാഫിക് ഡിസൈന്റെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രാരംഭഘട്ട കോഴ്‌സിന്റെ ആദ്യ ബാച്ച് ആരംഭിച്ചു.

  ഇതോടൊപ്പം ലൈറ്റ് റൂം, അഡോബ് പ്രീമിയർ പ്രൊ എന്ന വിഡിയോ എഡിറ്റിംഗ് കോഴ്‌സുകളും സംഘടിപ്പിക്കുന്നു. ഇതിൽ പങ്കെടുക്കുവാൻ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് 200 രൂപയോ അതിലധികമോ സംഭാവന ചെയ്താൽ മതി.

  കോഴ്‌സിന് മറ്റു ഫീസുകൾ ഒന്നും തന്നെ ഈടാക്കുന്നില്ല.
  പുതിയ കോഴ്‌സുകൾ ലഭ്യമാകാൻ പ്ലേസ്റ്റോറിൽ നിന്നും കൺസപ്റ്റ് ലേർണിംഗ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.

  ഇത് കൂടാതെ ഫീസ് നൽകി പഠിക്കാവുന്ന ഗെയിം ഡെവലപ്‌മെന്റ്, 3 ഡി ലേർണിംഗ് കോഴ്സുകളും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നു. കൃത്യമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് കോളേജിലെ തന്നെ സ്റ്റാർട്ടപ്പ് സംരംഭമായ ഇൻഫ്യൂസറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.

  ഓൺലൈൻ പഠനം വഴി കുട്ടികളുടെ സാങ്കേതിക മികവ് വളർത്തുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.
  നിരവധി വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷൻ നൽകുന്ന തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ കൺസപ്റ്റ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭം കോളേജിലെ തന്നെ മറ്റൊരു സ്റ്റാർട്ട്അപ്പ് സംരംഭമായ ഇൻഫ്യൂസറി എന്ന സ്ഥാപനവുമായി സഹകരിച്ചുകൊണ്ടാണ് ഈ പുതിയ ഉദ്യമത്തിലേക്ക് നീങ്ങിയത്.

  വിദ്യാർഥികൾക്ക് സൗഹൃദപരവും അനുയോജ്യവുമായ പഠനാന്തരീക്ഷം ഒരുക്കുവാനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുവാനും തൃശൂർ ഗവൺമെന്റ് കോളേജിലെ തന്നെ തെരഞ്ഞെടുത്ത വിദ്യാർഥികളെയാണ് ട്യൂട്ടർമാരായി നിയമിച്ചിട്ടുള്ളത്.

  പഠനത്തിന് ഉപരി വിദ്യാർഥികളിലെ പാഠ്യേതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി മികച്ച പരിശീലകരെ ഉറപ്പുവരുത്തിക്കൊണ്ട് ആർട്ട് ക്ലാസുകളും ഓൺലൈനായി നൽകുന്നു.

  ലോക് ഡൗണായതിനാൽ സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാണ്.
  കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകനായ അജയ് ജെയിംസിന്റെ കീഴിൽ വിദ്യാർഥികളായ ബിബിൻ ബാബു, ശ്രീജിത്ത് വി എസ്, ബസ്സ്‌ലി, അഞ്ചൽ സന്തോഷ്, അഭിനവ്, അഭിനന്ദ്, സൂരജ്, ബാസിത് എന്നിവരാണ് ഈ സംരംഭത്തിന് പിറകിൽ പ്രവർത്തിക്കുന്നത്.

  ചുരുക്കം ചില വിദ്യാർഥികളും അധ്യാപകരുമായി കഴിഞ്ഞ ജൂലൈയിലാണ് കൺസപ്റ്റ് എന്ന ഹോം ട്യൂഷൻ സംരംഭം തുടങ്ങിയത്. എല്ലാ രംഗത്തും കഴിവുതെളിയിച്ച അധ്യാപകരെ കണ്ടെത്തുന്നതിന് വേണ്ടി പരീക്ഷകളും അഭിമുഖങ്ങളും ഈ ആപ്പ് സംഘടിപ്പിക്കുന്നു.

  വിജയിച്ചവർക്ക് കോളേജിലെ വിദഗ്ധ പാനലിന് മുന്നിൽ ഡെമോ ക്ലാസുകൾ എടുക്കുവാൻ അവസരമൊരുക്കും. അതിനു ശേഷം മാത്രമാണ് വിദ്യാർത്ഥികളുമായി ഇടപെടാൻ കഴിയുക. പരീക്ഷണത്തിലൂടെ മനസ്സിലാക്കി പഠിക്കുവാൻ വേണ്ടി പ്രാക്ടിക്കൽ കിറ്റുകളും ലഭ്യമാക്കുന്നുണ്ട്.

  അതിലൂടെ അവർക്ക് വീട്ടിൽ ചില പരീക്ഷണങ്ങൾ നടത്താനും കൂടുതൽ മനസ്സിലാക്കാനും കഴിയുന്നു.
  കുട്ടികളെ അക്കാദമിക് രംഗത്തും കലയിലും മികവു പുലർത്താൻ സഹായിക്കുന്ന വിദ്യാഭ്യാസം നൽകാൻ കണ്‌സപ്ട് സംരംഭം വളരെ ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് 8921423873 നമ്പറിൽ ബന്ധപ്പെടാം.

  Advertisement