ഏഷ്യന്‍ ഗെയിംസ് റിലേയില്‍ അന്ന് കിട്ടിയ ഇന്ത്യയുടെ വെള്ളി സ്വര്‍ണമായി; മലയാളി താരം അനു രാഘവന് വെങ്കലം

474

2018 ഏഷ്യൻ ഗെയിംസിൽ 4X400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ നേടിയ വെള്ളി മെഡൽ സ്വർണമായി മാറി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്‌റൈന്‍ റിലേ ടീമിലെ ഒരു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ മെഡൽ സ്വർണമായി ഉയർത്തപ്പെട്ടത്. മുഹമ്മദ് അനസ്, എം.ആർ പൂവമ്മ, ഹിമാ ദാസ്, ആരോഗ്യാ രാജീവ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ റിലേ ടീം.

Advertisement

ബഹ്‌റൈന്റെ കെമി അഡേകോയ ആണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ കെമിക്ക് നാല് വർഷത്തെ വിലക്കും പ്രഖ്യാപിച്ചു. ഇതോടൊപ്പം 2018-ൽ റിലേയിൽ വെങ്കലം നേടിയ കസാക്കിസ്താന്റെ മെഡൽ വെള്ളിയായും നാലാം സ്ഥാനത്തെത്തിയ ചൈനയുടെ മെഡൽ വെങ്കലമായും മാറി.

കെമി അഡേകോയ പിടിക്കപ്പെട്ടതോടെ മലയാളി താരം അനു രാഘവനും ഏഷ്യൻ മെഡലിനുള്ള അവസരമൊരുങ്ങി. അന്ന് 400 മീറ്റർ ഹർഡിൽസിലും കെമി സ്വർണം നേടിയിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന അനു രാഘവന് വെങ്കലം ലഭിക്കും.

ജക്കാര്‍ത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ റിലേ ടീം 3:15:71 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 3:11:89 ആയിരുന്നു ബഹ്‌റൈന്റെ സമയം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവന്‍ നാലാം സ്ഥാനത്തെത്തിയത് 56. 92 സെക്കന്റിലാണ്. ഇതോടെ എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയുമടക്കം ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 20 ആയി. റിലേയില്‍ മാത്രമായി ഇന്ത്യ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി.

Advertisement