തോൽക്കാൻ മനസില്ല; വിധിയെ വെല്ലുവിളിച്ച് ഹക്കീം നേടിയ ജീവിതവിജയം

774


പാതി തളർന്ന ശരീരം കൊണ്ട് പരസഹായത്താൽ ജീവിക്കേണ്ടി വരുമായിരുന്ന യുവാവ്   വിധിയെ വെല്ലുവിളിച്ച് ഇച്ഛാശക്തികൊണ്ട്  കഠിന പരിശ്രമത്തിലൂടെ  ബോഡി ബിൽഡറായി. അംഗ പരിമിതനായ ഒരാൾക്ക് ചിന്തിക്കാനാവാത്ത ഹെൽത്ത് ക്ലബ് ട്രെയിനർ എന്ന   മേഖലയിൽ ജീവിതം വിജയം കണ്ട ആളാണ്  ഹക്കീം. ഒരു ഭിന്ന ശേഷിക്കാരനായ  ഇദ്ദേഹത്തിന് ഈ   നിലയിലേക്കെത്താൻ അനുഭവിക്കേണ്ടി വന്നത് കഠിന വേദന കളാണ്.   

Advertisement

ശാരീരിക പരിമിതികളെ അതിജീവിച്ചുകൊണ്ട് തന്റെ ഹെൽത്ത് ക്ലബ്ബിലെ പരിശീലനത്തിലൂടെ ഇന്ന് ഒട്ടേറെ പേരെ ആരോഗ്യ ദൃഡഗാത്രരാക്കുകയും അതിലൂടെ പോലീസ്, ആർമി തുടങ്ങിയ മേഖലകളിൽ  ജീവിത വിജയം നേടിക്കൊടുക്കാൻ  കാരണമായി എന്നതും വി ഹക്കീമിന് അഭിമാനമാണ്.

ജിംനേഷിയത്തിൽ ഒരു സുഹൃത്തിന് കൂട്ടായി പോയതാണ് തുടക്കം. എല്ലാവരും ചെയ്യുന്നത് കണ്ടപ്പോൾ ആഗ്രഹമായി. പിന്നെ സുഹൃത്തുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ ഒരു കൈ നോക്കാൻ തീരുമാനിച്ചു. പലപ്പോഴും ശരീരം പിണങ്ങി. വേദനകൊണ്ടു പുളഞ്ഞു. എന്നാലും പരിശീലനം തുടരാൻ തന്നെ തീരുമാനിച്ചു. ക്രമേണ ശരീരത്തിൻറെ മാറ്റം അറിയാൻ തുടങ്ങി. പിന്നീട് പഞ്ചഗുസ്തി പരിശീലിച്ചു. നിരവധി വേദികളിൽ ഹക്കീമിന്റെ കൈക്കരുത്തിൽ എതിരാളി തകർന്നു വീണു.

ശരീര സൗന്ദര്യ മത്സരത്തിൽ 2 തവണ മിസ്റ്റർ വേൾഡ് സെലക്ഷൻ ലഭിച്ചു. കാനഡയിലും സ്വിസ്റ്റർലന്റിലും പോയി മത്സരത്തിൽ പങ്കെടുക്കുന്നതിന്  സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. 2000 ത്തിലും 2008 ലും മിസ്റ്റർ കേരളയായി. 3 തവണ പാലക്കാടും 2 തൃശൂർ ജില്ല ചാമ്പ്യനുമായി. പഞ്ചഗുസ്‌തിയിൽ നിരവധി വേദികളിൽ ജേതാവായി. 

ഇന്ന് കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തോളം ശിഷ്യരാണ് ഇദ്ദേഹത്തിനുള്ളത്. പഴയന്നൂരിലെ ഹെൽത്ത് ക്ലബ് കോവിഡ് പശ്ചാത്തലത്തിൽ ഏറെക്കാലം അടച്ചിടുന്നു. സർക്കാർ അനുമതിയായതോടെ വീണ്ടും സജീവമായി.

Advertisement