തൃശൂരിന് ഇനി പൂരക്കാലം: പാറമേക്കാവ് പൂരം പന്തലിന് കാൽനാട്ടി; പൂരം പൊലിമ കുറയാതെ തന്നെ ആഘോഷിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ

20

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ തൃശൂർ ഇനി പൂരച്ചൂടിലേക്ക്. പൂരത്തിന് പാറമേക്കാവ് വിഭാഗം സ്വരാജ് റൗണ്ടിൽ ഒരുക്കുന്ന പന്തലിന് കാൽനാട്ടി. മണികണ്ഠനാൽ പന്തലിന്റെ കാൽനാട്ട് രാവിലെ എട്ടരക്ക് ശേഷം ഭൂമി പൂജക്ക് ശേഷം നടന്നു. പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിലായിരുന്നു ഭൂമി പൂജാ ചടങ്ങുകൾ. എടപ്പാൾ നാദം ലൈറ്റ് ആൻഡ് സൗണ്ട് ബൈജുവാണ് പന്തൽ കരാർ ഏറ്റെടുത്തിരിക്കുന്നത്. മന്ത്രി വി.എസ് സുനിൽകുമാർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊലിമ കുറയാതെ തന്നെ തൃശൂർ പൂരം എല്ലാ ചടങ്ങുകളോടെയും ആഘോഷിക്കുമെന്നും സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം സെക്രട്ടറി ജി.രാജേഷ്, പ്രസിഡണ്ട് കെ.സതീഷ് മേനോൻ തുടങ്ങി ദേവസ്വം ഭാരവാഹികളും തട്ടകവാസികളും പങ്കെടുത്തു. ഈ മാസം 23നാണ് പൂരം. കോവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആശങ്കകളുണ്ടെങ്കിലും പൂരം നടത്താനാവുമെന്നാണ് ദേവസ്വങ്ങൾ പ്രതീക്ഷിക്കുന്നത്.