പൂരത്തിന്റെ ചങ്കിടിപ്പിൽ തൃശൂർ: പൂരം പ്രദർശനത്തിന് തുടക്കമായി: തൃശൂർ പൂരം പ്രൗഢിയോടെ നടത്തുമെന്ന് മന്ത്രിമാർ സാമ്പത്തീക സഹായം അനുവദിക്കുമെന്ന് മന്ത്രി മൊയ്തീൻ; തൃശൂരിന്റെ വികാരത്തിനൊപ്പമാണ് സർക്കാരെന്ന് സുനിൽകുമാർ

89

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ കിഴക്കേ നടയിലെ സ്ഥിരം പ്രദർശന നഗരിയിൽ മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രതിരോധങ്ങളോടെ പൂരം ആഘോഷിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. എല്ലാ ആചാരങ്ങളും പ്രൗഢിയോടെ തന്നെ നടത്തും. കഴിഞ്ഞ തവണ പൂരം നടത്താൻ കഴിയാതിരുന്ന നഷ്ടത്തിൽ പൂരത്തിന് സാമ്പത്തീക സഹായമനുവദിക്കും. സർക്കാർ ബജറ്റിൽ ഇത് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്.സുനിൽകുമാർ സർക്കാർ തൃശൂരിന്റെ പൂര വികാരത്തിനൊപ്പമാണെന്നും വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പുമുൾപ്പെടെ പകിട്ട് കുറയാതെയും ഗാംഭീര്യം ചോരാതെയും എല്ലാം ആഘോഷിക്കുമെന്നും സുനിൽകുമാർ വ്യക്തമാക്കി. വികാരപ്രകടനമല്ല, വിവേകപൂർവ്വം ചർച്ച ചെയ്ത് പ്രശ്ന പരിഹാരങ്ങളുണ്ടാക്കുകയാണ് സർക്കാരിൽ നിന്നും ചെയ്തതെന്നും മന്ത്രി പറഞ്ഞു.

മേയർ എം.കെ.വർഗീസ് മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, മുൻ മേയറും കോർപ്പറേഷൻ പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ ജെ പല്ലൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി നാരായണൻ, വി.കെ.അയ്യപ്പൻ, കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, റെജി ജോയ്, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് കെ.സതീഷ് മേനോൻ, സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രഫ.ചന്ദ്രശേഖരൻ, വല്ലത്ത് രാംകുമാർ പ്രതിനിധികളും പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയുൾപ്പെടെ 168ഓളം സ്റ്റാളുകളാണ് ഇത്തവണ പ്രദർശനത്തിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിയന്ത്രിച്ചാണ് പ്രദർശന നഗരിയിലേക്ക് പ്രവേശനം. ഈ മാസം 23നാണ് തൃശൂർ പൂരം.