പൂരാവേശത്തിൽ തൃശൂർ: മധുരം പൊഴിച്ച് മഠത്തിൽ വരവ് പഞ്ചവാദ്യം; സമയം വൈകി ഇലഞ്ഞിത്തറമേളം; കുടമാറ്റത്തിനുമായി കാത്തിരുന്ന് പൂരലോകം

81

തൃശൂര്‍ പൂരത്തിന്റെ ഉത്സവ ലഹരിയിലാണ് പുലർച്ചെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. തുടർന്ന് ചെ​മ്പൂ​ക്കാ​വ്, പ​ന​മു​ക്കും​പ​ള്ളി, കാ​ര​മു​ക്ക്, ലാ​ലൂ​ർ, ചൂ​ര​ക്കോ​ട്ടു​കാ​വ്​, അ​യ്യ​ന്തോ​ൾ, നെ​യ്​​ത​ല​ക്കാ​വ്​ തുടങ്ങിയ ദേവീദേവന്മാർ ക്ഷേത്രത്തിൽ എത്തി വടക്കുംനാഥനെ വണങ്ങി. ഓരോ ഘടക പൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. പതിനൊന്നരയോടെ തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കും‌നാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന മഠത്തിൽ വരവ് ആരംഭിച്ചു. കാലങ്ങൾ കലങ്ങിമറിഞ്ഞ് താളവട്ടങ്ങൾ മുറുകി ആൽമരത്തണലിൽ വാദ്യകലകാരൻമാരുടെ വിരുന്നൂട്ട്. പൂരപ്രേമികളെ ആവേശത്തിലാറാടിച്ച് കോങ്ങാട് മധുവും സംഘവും കഴിഞ്ഞകാലത്തിന് പകരം വീട്ടുമ്പോൾ വാദ്യലോകത്തിന്റെ വിസ്മയോലകത്തായിരുന്നു പൂരാസ്വാദകരും വാദ്യക്കാരും. ഇതിനകം പൂരനഗരി ജനസാഗരമായിക്കഴിഞ്ഞു. നടുവിലാലിൽ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കും‌നാഥനിലേക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ ഭഗവതിയുടെ എഴുന്നെള്ളത്ത്. ഇവിടെ മേളം. 12ഓടെ പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നെള്ളത്ത് പ്രൗഢമായിരുന്നു. 15ആനകളുടെ അകമ്പടിയോടെ പാറമേക്കാവ് പത്മനാഭൻറെ ശിരസിൽ സ്വർണവർണത്തിളക്കത്തിൽ രാജകീയ എഴുന്നെള്ളിപ്പിന് പെരുവനം പാണികൊട്ടി പുറത്തെത്തിച്ചു. ക്ഷേത്രത്തിന് മുന്നിൽ നിരന്ന ആനകൾക്ക് മുന്നിൽ പിന്നെ മേളപ്പെരുമഴ. ചെറിയ കുടമാറ്റം. ആർത്ത് വിളിച്ച് ജനക്കൂട്ടം. സമയം നീങ്ങിയത് അറിഞ്ഞില്ല മേളം കാലഭേദങ്ങൾ കടന്നുപോയതോടെ മേളവും നീളമേറി. പിന്നീട് തേക്കിൻ‌കാട്ടിലൂടെ പാണ്ടിമേളത്തിന്റെ ചെമ്പട താളത്തിൽ എത്തുന്ന ഭഗവതിക്ക് പതിനഞ്ച് ആനകൾ അകമ്പടി. പക്ഷേ, മേളം മുറുകിയതിനൊപ്പം ആസ്വാദകരും ചേർന്നതോടെ സമയം വൈകി. ഇതോടെ 2.10ന് തുടങ്ങേണ്ട പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കേണ്ട പാണ്ടിയിൽ മേളപ്പെരുമ തീർക്കുന്ന ഇലഞ്ഞിത്തറ മേളം പതിവ് സമയവും കടന്നതോടെ വടക്കുന്നാഥനിൽ കാത്തിരുന്നവരുടെ ക്ഷമകെടുന്ന നിലയിലെത്തിയപ്പോഴേക്കും പെരുവനവും സംഘവും നിരന്നു. രണ്ടേമുക്കാലോടെ മേളത്തിന് കോലിട്ടു. ഈ സമയത്ത് 2.45ന് ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ കാലം നിരന്നിരുന്നു. വൈകിട്ട് 5.30ഓടെയാണ് വർണവിസ്മയം തീർക്കുന്ന കുടമാറ്റം. പുലര്‍ച്ചെ ആകാശത്ത് വർണ വിസ്മയം തീർത്ത് പൂര വെടിക്കെട്ട് നടക്കും. നാളെ പകല്‍ പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും. നാലായിരത്തോളം പോലീസുകാരാണ് സുരക്ഷക്കുള്ളത്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം , സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. സിസിടിവി ക്യാമറകൾ അടക്കം സജ്ജീകരിച്ച് പൊലീസിന്റെ സമ്പൂർണ നിരീക്ഷണത്തിലാണ് ന​ഗരം.

Advertisement
Advertisement