
പൂരാവേശത്തിൽ തൃശൂർ: മധുരം പൊഴിച്ച് മഠത്തിൽ വരവ് പഞ്ചവാദ്യം; സമയം വൈകിഇലഞ്ഞിത്തറമേളം; കുടമാറ്റത്തിനുമായി കാത്തിരുന്ന് പൂരലോകം
തൃശൂര്‍ പൂരത്തിന്റെ ഉത്സവ ലഹരിയിലാണ് പുലർച്ചെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. തുടർന്ന് ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാർ ക്ഷേത്രത്തിൽ എത്തി വടക്കുംനാഥനെ വണങ്ങി. ഓരോ ഘടക പൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. പതിനൊന്നരയോടെ തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന മഠത്തിൽ വരവ് ആരംഭിച്ചു.

കാലങ്ങൾ കലങ്ങിമറിഞ്ഞ് താളവട്ടങ്ങൾ മുറുകി ആൽമരത്തണലിൽ വാദ്യകലകാരൻമാരുടെ വിരുന്നൂട്ട്. പൂരപ്രേമികളെ ആവേശത്തിലാറാടിച്ച് കോങ്ങാട് മധുവും സംഘവും കഴിഞ്ഞകാലത്തിന് പകരം വീട്ടുമ്പോൾ വാദ്യലോകത്തിന്റെ വിസ്മയോലകത്തായിരുന്നു പൂരാസ്വാദകരും വാദ്യക്കാരും. ഇതിനകം പൂരനഗരി ജനസാഗരമായിക്കഴിഞ്ഞു. നടുവിലാലിൽ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥനിലേക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ ഭഗവതിയുടെ എഴുന്നെള്ളത്ത്. ഇവിടെ മേളം. 12ഓടെ പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നെള്ളത്ത് പ്രൗഢമായിരുന്നു. 15ആനകളുടെ അകമ്പടിയോടെ പാറമേക്കാവ് പത്മനാഭൻറെ ശിരസിൽ സ്വർണവർണത്തിളക്കത്തിൽ രാജകീയ എഴുന്നെള്ളിപ്പിന് പെരുവനം പാണികൊട്ടി പുറത്തെത്തിച്ചു. ക്ഷേത്രത്തിന് മുന്നിൽ നിരന്ന ആനകൾക്ക് മുന്നിൽ പിന്നെ മേളപ്പെരുമഴ. ചെറിയ കുടമാറ്റം. ആർത്ത് വിളിച്ച് ജനക്കൂട്ടം. സമയം നീങ്ങിയത് അറിഞ്ഞില്ല മേളം കാലഭേദങ്ങൾ കടന്നുപോയതോടെ മേളവും നീളമേറി. പിന്നീട് തേക്കിൻകാട്ടിലൂടെ പാണ്ടിമേളത്തിന്റെ ചെമ്പട താളത്തിൽ എത്തുന്ന ഭഗവതിക്ക് പതിനഞ്ച് ആനകൾ അകമ്പടി. പക്ഷേ, മേളം മുറുകിയതിനൊപ്പം ആസ്വാദകരും ചേർന്നതോടെ സമയം വൈകി. ഇതോടെ 2.10ന് തുടങ്ങേണ്ട പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കേണ്ട പാണ്ടിയിൽ മേളപ്പെരുമ തീർക്കുന്ന ഇലഞ്ഞിത്തറ മേളം പതിവ് സമയവും കടന്നതോടെ വടക്കുന്നാഥനിൽ കാത്തിരുന്നവരുടെ ക്ഷമകെടുന്ന നിലയിലെത്തിയപ്പോഴേക്കും പെരുവനവും സംഘവും നിരന്നു. രണ്ടേമുക്കാലോടെ മേളത്തിന് കോലിട്ടു. ഈ സമയത്ത് 2.45ന് ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ കാലം നിരന്നിരുന്നു. വൈകിട്ട് 5.30ഓടെയാണ് വർണവിസ്മയം തീർക്കുന്ന കുടമാറ്റം. പുലര്‍ച്ചെ ആകാശത്ത് വർണ വിസ്മയം തീർത്ത് പൂര വെടിക്കെട്ട് നടക്കും. നാളെ പകല്‍ പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും. നാലായിരത്തോളം പോലീസുകാരാണ് സുരക്ഷക്കുള്ളത്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം , സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. സിസിടിവി ക്യാമറകൾ അടക്കം സജ്ജീകരിച്ച് പൊലീസിന്റെ സമ്പൂർണ നിരീക്ഷണത്തിലാണ് നഗരം.
പൂരലഹരിയിൽ തൃശൂർ; ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
രണ്ട് വർഷമായി കാത്തിരിക്കുന്ന തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. വടക്കുനാഥ ക്ഷേത്രത്തിലേക്ക് ഘടകപൂരങ്ങൾ എത്തി തുടങ്ങി. ചിട്ടയും മുറയും തെറ്റാതെ ആദ്യം കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ കടന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ പുറത്തിറങ്ങി. ശ്രീമൂലസ്ഥാനത്ത് എട്ട് ആനകളുടെ അകമ്പടിയോടെ മേളം തീർത്ത് മണികണ്ഠനാൽ വഴി കുളശേരി ക്ഷേത്രത്തിലേക്ക് മടങ്ങി. ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിൽ എത്തും. ഓരോ ഘടക പൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറും. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് എഴുന്നെള്ളിപ്പും തുടങ്ങി. പതിനൊന്നരയോടെ പഞ്ചവാദ്യത്തോടെ മഠത്തിൽ നിന്നും തിരിച്ചെഴുന്നെള്ളും. പന്ത്രണ്ടോടെ പാറമേക്കാവിലെ എഴുന്നളളിപ്പിനുള്ള തുടക്കമാകും 15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയായി പുറത്തേക്കിറങ്ങും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിൻ്റെ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുളള തെക്കോട്ടിറക്കം. കോർപറേഷന് മുന്നിലെ രാജാവിൻറെ പ്രതിമ വലംവെച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊളളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. അഞ്ചരയോടെയാണ് എണ്ണാനാവാത്ത വിധം സാക്ഷിയാകുന്ന ഇരുഭഗവതിമാരുടേയും കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. പുലർകാലം മുതൽ ഘടകപൂരങ്ങളുടെ വരവാണ്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് പൂരനഗരിയിൽ ആദ്യമെത്തുക. കണിമംഗലം എഴുന്നള്ളിപ്പ് തെക്കേ ഗോപുരം വഴിയാണ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്യായനീ ദേവി, ചൂരക്കോട്ടുകാവ് ദുർഗാദേവി, അയ്യന്തോൾ കാർത്യായനീ ദേവി, കുറ്റൂർ നെയ്തലക്കാവ് ഭഗവതി എന്നീ അഞ്ച് ദേശക്കാർ പടിഞ്ഞാറേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴിയാണ് ഇറങ്ങുക. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ ശാസ്താവും ചെമ്പൂക്കാവ് കാർത്യായനി ഭഗവതിയും കിഴക്കേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങും.
കണിമംഗലം ശാസ്താവിന്റെ വരവിനിടെ ആനയുടെ ‘കുറുമ്പ്’
തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ ഴുന്നെള്ളിപ്പിൽ കൂട്ടാനയായി പങ്കെടുപ്പിച്ചിരുന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. ജനങ്ങൾ കൂടുതൽ ഇല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

മണികണ്ഠനാലിനു സമീപത്ത് വെച്ച് പരിഭ്രാന്തി കാണിച്ച ആന ജനങ്ങൾക്കിടയിലേക്ക് ഓടിയില്ലെങ്കിലും ജനങ്ങൾ ഭീതിയോടെ ഓടിയകന്നു. ആനയെ സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്ക്വാഡ് ശ്രീമൂല സ്ഥാനത്ത് വെച്ച് തളച്ച് കൊണ്ട് പോയി.
എട്ട് ആനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത്. ഇന്നലെ പൂരവിളംബരം നടത്തി നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര വാതിലിലൂടെയാണ് കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് പടിഞ്ഞാറെ ഗോപുരം വഴി പുറത്തിറങ്ങി.
ഇന്നാണ് പൂരം
കാഴ്ചകളുടെ സമൃദ്ധിയിൽ നഗരം പൂരനിറച്ചാർത്തണിഞ്ഞു. എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയെത്തിയ നെയ്തലക്കാവ് ഭഗവതി തുറന്നിട്ട ഗോപുരവാതിലിലൂടെ ഇനി പൂരങ്ങളുടെ കയറ്റിറക്കം…. മേളപ്പെരുക്കങ്ങളും കുടമാറ്റവും വെടിക്കെട്ട് വിസ്മയങ്ങളും സമന്വയിക്കുന്ന പൂരം ഇന്നാണ്.

പഞ്ചവാദ്യ-പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് ഏഴരയോടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂരം തുടങ്ങും. രാവിലെ തിരുവമ്പാടിയിലേക്കുള്ള വരവ് കഴിഞ്ഞ് പതിനൊന്നരയോടെ പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നെള്ളും. പന്ത്രണ്ടോടെ പാറമേക്കാവിലെ എഴുന്നളളിപ്പിനുള്ള തുടക്കമാകും 15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയായി പുറത്തേക്കിറങ്ങും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിൻ്റെ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുളള തെക്കോട്ടിറക്കം. കോർപറേഷന് മുന്നിലെ രാജാവിൻറെ പ്രതിമ വലംവെച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊളളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. അഞ്ചരയോടെയാണ് എണ്ണാനാവാത്ത വിധം സാക്ഷിയാകുന്ന ഇരുഭഗവതിമാരുടേയും കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. പുലർകാലം മുതൽ ഘടകപൂരങ്ങളുടെ വരവാണ്.

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് പൂരനഗരിയിൽ ആദ്യമെത്തുക. കണിമംഗലം എഴുന്നള്ളിപ്പ് തെക്കേ ഗോപുരം വഴിയാണ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്യായനീ ദേവി, ചൂരക്കോട്ടുകാവ് ദുർഗാദേവി, അയ്യന്തോൾ കാർത്യായനീ ദേവി, കുറ്റൂർ നെയ്തലക്കാവ് ഭഗവതി എന്നീ അഞ്ച് ദേശക്കാർ പടിഞ്ഞാറേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴിയാണ് ഇറങ്ങുക. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ ശാസ്താവും ചെമ്പൂക്കാവ് കാർത്യായനി ഭഗവതിയും കിഴക്കേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങും.
പൂരത്തിൽ അഞ്ച് പതിറ്റാണ്ട്: കൊമ്പൻ ശങ്കരംകുളങ്ങര മണികണ്ഠന് ആദരം
തൃശൂർ പൂരത്തിൽ അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി പങ്കെടുക്കുന്ന ഗജവീരൻ ശങ്കരംകുളങ്ങര മണികണ്ഠന് പൂരനാടിൻറെ ആദരം. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൂരപ്രേമികളും ചേർന്നാണ് ആദരിച്ചത്. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ പൂരത്തിൽ എഴുന്നെള്ളിക്കുന്നതിനുള്ള ആരോഗ്യ പരിശോധനക്കായി എത്തിച്ച ആനയെ മറ്റ് ആനകളുടെയും വാദ്യമേളങ്ങളുടെയും ശ്രീമൂല സ്ഥാനത്തേക്ക് സ്വീകരിച്ച് ആനയിച്ചു.

തൃശൂർ പൂരത്തിന്റെ പറയെടുപ്പു മുതൽ മഠത്തിൽ വരവിന്റെ ഇറക്കിയെഴുന്നള്ളിപ്പിൽ വരെയായി 57 വർഷത്തോളം സജീവ സാനിധ്യമാണ് ശങ്കരംകുളങ്ങര മണികണ്ഠൻ. പുരം നടക്കാതെപോയ വർഷങ്ങളുടെ ഇളവ് പരിഗണിച്ചാണ് അരനൂറ്റാണ്ടിലേറെയെന്ന പൂരാസ്വാദകരുടെ കണക്ക്. തൃശൂർ പൂരത്തിൽ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നെള്ളിപ്പിൽ പങ്കെടുത്തിട്ടില്ല. ക്ഷേത്രത്തിലേക്ക് ആനയെ വേണമെന്ന ദേവസ്വത്തിന്റെ ആവശ്യത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻറെ പ്രത്യേക താൽപ്പര്യത്തിലാണ് നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ വീണ മൂന്ന് വയസുകാരൻ കൊമ്പനെ ശങ്കരംകുളങ്ങരയിലെത്തിച്ചത്. സമീപകാലം വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് സമയത്ത് പന്തലിൽ തിടമ്പുമായി നിൽക്കുന്ന ദൗത്യം മണികണ്ഠനായിരുന്നു. ഇപ്പോൾ മഠത്തിലേക്കുള്ള വരവിൽ തിടമ്പേറ്റുന്നതും നെയ്തലക്കാവിൻറെ കോലമേന്തുന്നതും മണികണ്ഠനാണ്. ശ്രീമൂലസ്ഥാനത്ത് നടന്ന ചടങ്ങിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയൻ ഗണപതിയുടെ ലോക്കറ്റോട് കൂടിയ മാലയും പൊന്നാടയും മണികണ്ഠനെ അണിയിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ശങ്കരംകുളങ്ങര ദേവസ്വം സെക്രട്ടറി ബാലകൃഷ്ണൻ, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, പൂരപ്രേമികൾ തുടങ്ങിയരും പങ്കെടുത്തു.

ആനകളുടെ അന്തിമ പട്ടികയായി
പാറമേക്കാവിന് പത്മനാഭനും തിരുവമ്പാടിക്ക് ചന്ദ്രശേഖരനും തിടമ്പേറ്റും
തിരുവമ്പാടി ആനകള്‍

തിരുവമ്പാടി ചന്ദ്രശേഖരന്, തിരുവമ്പാടി കണ്ണന്, തിരുവമ്പാടി ലക്ഷ്മി, കുട്ടന്‍കുളങ്ങര അര്ജുനന്, ശങ്കരംകുളങ്ങര മണികണ്ഠന്, ശങ്കരംകുളങ്ങര ഉദയന്‍, പാമ്പാടി സുന്ദരന്‍, ഗുരുവായൂര്‍ സിദ്ധാര്ഥന്, ജൂനിയര്‍ വിഷ്ണു, പുതുപ്പള്ളി സാധു, പാറന്നൂര്‍ നന്ദന്, വരടിയം ജയറാം, കിഴൂട്ട് വിശ്വനാഥന്, അക്കിക്കാവ് കാര്ത്തികേയന്, മച്ചാട് കര്ണന്, വെമ്പനാട്ട് അര്ജുനന്, വെമ്പനാട്ട് വാസുദേവന്‍, തടത്താവിള രാജശേഖരന്, ചെര്‍പ്പുളശേരി ശ്രീ അയ്യപ്പന്, ചെര്‍പ്പുളശേരി മണികണ്ഠന്, ഊട്ടോളി രാമന്, ഊട്ടോളി പ്രസാദ്, ചിറ്റിലപ്പിള്ളി ശബരീനാഥ്, ചെറുകോല്‍പ്പുഴ ശിവന്, വലിയപുരയ്ക്കല്‍ സൂര്യന്, വട്ടമങ്കാവ് മണികണ്ഠന്, കുറുപ്പത്ത് ശിവശങ്കരന്, കുന്നുമ്മേല്‍ പരശുരാമന്, പരിമണം വിഷ്ണു, ചോയ്സണ് അമ്പാടി കണ്ണന്, നന്ദിലത്ത് ഗോവിന്ദ് കണ്ണന്, ഒലയാംപാടി മണികണ്ഠന്, ഒലയാംപാടി ഭദ്രന്, കുന്നംകുളം ഗണേശന്, ചക്കനാംമഠം ദേവപ്രിയന്‍, കോഴിക്കോട് ഗോപാലന്, കടക്കാച്ചാല് ഗണേശന്, വാരിയത്ത് ജയരാജ്, പേരൂര്‍ ശിവന്, മംഗലാംകുന്ന് ഗണേശന്, കളപ്പുരയില്‍ ശ്രീദേവി, തിരുവാഴപ്പിള്ളി മഹാദേവന്, തൃക്കരിയൂര് ശിവനാരായണന്‍, കരിമണ്ണൂര്‍ ഉണ്ണി.
പാറമേക്കാവ് വിഭാഗം
തെക്കോട്ടിറക്കത്തിനു പാറമേക്കാവ് വിഭാഗത്തിന്റെ ഗജനിരയെ പാറമേക്കാവ് ദേവസ്വം ശ്രീ പത്മനാഭൻ നയിക്കും
രാത്രിപൂരത്തിന് ഗുരുവായൂർ ദേവസ്വം നന്ദനും പകൽപൂരത്തിന് കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവകുമാറും പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേറ്റും.പത്മനാഭന്റെ അഭാവം ഉണ്ടായാൽ ഗുരുവായൂർ ദേവസ്വം നന്ദൻ തെക്കോട്ടിറക്കത്തിന് പാറമേക്കാവ് ഗജനിരയെ നയിക്കും. പാറമേക്കാവ് കാശിനാഥൻ രാത്രിപൂരത്തിനും കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവകുമാർ പകൽപൂരത്തിനും തിടമ്പേറ്റും.

പാറമേക്കാവ് ശ്രീ പത്മനാഭന്, പാറമേക്കാവ് ദേവീദാസന്, പാറമേക്കാവ് കാശിനാഥന്, പാറമേക്കാവ് അയ്യപ്പന്, ഗുരുവായൂര്‍ ദേവസ്വം നന്ദന്, കൊച്ചിന് ദേവസ്വംബോര്‍ഡ് ശിവകുമാര്‍, പല്ലാട്ട് ബ്രഹ്മദത്തന്, മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്, വൈലാശേരി അര്ജുനന്, മാവേലിക്കര ഗണപതി, ചൈത്രം അച്ചു (അശ്വിന്), തെച്ചിക്കോട്ടുകാവ് ദേവീദാസന്, മുള്ളത്ത് ഗണപതി, മച്ചാട് ഗോപാലന് (അരുണ്‍കുമാര്‍), മൗട്ടത്ത് രാജേന്ദ്രന്, ചെര്‍പ്പുളശേരി ശേഖരന്, ചെര്പ്പുള്ളശേരിഅയ്യപ്പന്, പട്ടാമ്പി മണികണ്ഠന്, കൂറ്റനാട് വിഷ്ണു, മരുതൂര്‍ക്കുളങ്ങര മഹാദേവന്, തൊട്ടേക്കാവ് വിനായകന്, ബ്രാഹ്മിണി ഗോവിന്ദന്‍കുട്ടി, മംഗലാംകുന്ന് മുകുന്ദന്, നടക്കല്‍ ഉണ്ണിക്കൃഷ്ണന്, എഴുത്തച്ഛന് ശങ്കരനാരായണന്, ഗുരുവായൂര്‍ കൃഷ്ണനാരായണന്‍, അരുണ്‍ അയ്യപ്പന്, മച്ചാട് ധര്മന്, ചെമ്പുക്കാവ് വിജയ് കണ്ണന്, മനുസ്വാമി മഠം വിനായകന്, ഒല്ലൂക്കര ജയറാം, കൊളക്കാടന്‍ കുട്ടിക്കൃഷ്ണന്, കൊളക്കാടന്‍ ഗണപതി, അമ്പാടി മഹാദേവന്, അമ്പാടി മാധവന്‍കുട്ടി, ചിറക്കല്‍ ഗണേശന്, ബാലുശേരി ഗജേന്ദ്രന്, കൂടല്‍മാണിക്യം മേഘാര്ജുനന്, മനിശേരി രാജേന്ദ്രന്, മീനാട് കേശു, പുത്തൂര്‍ ബാലകൃഷ്ണന്, പുത്തൂര്‍ ദേവീനന്ദന്‍, ചെത്തല്ലൂര്‍ ദേവീദാസന്, ചെമ്മണ്ണൂര്‍ സൂര്യനാരായണന് (ഗോപാലന്‍കുട്ടി)

പൂരം ഒരു രക്ഷയ്ല്യാട്ടാ..ഇജ്ജാതി കളർഫുൾ പരിപാടി
പൂരത്തിലാണ് മന്ത്രിമാർ. ജില്ലയിലെ മന്ത്രിമാരായ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, റവന്യു മന്ത്രി കെ.രാജൻ, ഉന്നത വിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു എന്നിവർ പൂരം വിലയിരുത്തലുമായി മുഴുവൻ സമയം പൂരനഗരിയിലുണ്ട്. ഇവർക്കൊപ്പമാണ് വിവിധ പരിപാടികളുമായി ജില്ലയിലെത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആരോഗ്യമന്ത്രി വീണ ജോർജും എത്തിയത്. പൂരം ചമയ പ്രദർശനങ്ങൾ കണ്ട മന്ത്രിമാർ, പൂര വിളംബരമറിയിക്കുന്ന തെക്കേഗോപുര വാതിൽ തുറക്കുന്ന കാഴ്ച കണ്ട് വിസ്മയത്തിലായി.

ചെറുപൂരം കണക്കെ ആയിരക്കണക്കിന് ആളുകൾ തെക്കേചരുവിൽ എത്തിയത് കണ്ട് സജി ചെറിയാൻ അത്ഭുതത്തിലായി. പൂരത്തിൻറെ അമ്പരവും ആകാംഷയും വിസ്മയവും പങ്കുവെച്ച് മന്ത്രി ‘പൂരം ഒരു രക്ഷയ്ല്യാട്ടാ ഇജ്ജാതി കളർഫുൾ പരിപാടി’ എന്ന് അടിക്കുറിപ്പോടെ മന്ത്രിമാർക്കും ടി.എൻ.പ്രതാപൻ എന്നിവർക്കുമൊപ്പം നിൽക്കുന്ന ചിത്രവും പേജിൽ പങ്കുവെച്ചു. നെയ്തലക്കാവിൻറെ തെക്കേഗോപുര വാതിൽ തുറക്കാനുള്ള വരവിൽ മന്ത്രി കെ.രാജനും സേവ്യർ എൽത്തുരുത്തും പങ്കുചേർന്നതോടെ തട്ടകക്കാർക്കും ആവേശമായി.
ഹെലികാം, ലേസർഗൺ, ഡ്രോൺ, ലേസർലൈറ്റുകൾ, വിസിലുകൾക്ക് നിരോധനം
പൂരപ്പറമ്പിൽ ഹെലികാം, ലേസർഗൺ, ഡ്രോൺ, ലേസർലൈറ്റുകൾ, വിസിലുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായും കർശന സുരക്ഷ ഉറപ്പാക്കിയതായും കലക്ടർ ഹരിത വി.കുമാർ പറഞ്ഞു. ഇത്തരം ഉപകരണങ്ങൾ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കാനുളള കർശനനിർദ്ദേശവും നൽകിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ 10 ന് അർധരാത്രി മുതൽ 11ന് ഉച്ചക്ക് രണ്ട് വരെ ഡ്രൈ ഡേ ആയിരിക്കും. തെക്കേനടയിൽ പൊലീസ് കൺട്രോൾ റൂമിന് മുന്നിൽ
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക സംരക്ഷണവലയം ഒരുക്കിയിട്ടുണ്ട്.

പൊലീസ് കൺട്രോൾ റൂമിന് പുറകിൽ സ്ത്രീകൾക്ക് ടോയ്ലെറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നെഹ്റു പാർക്കിന്റെ പ്രവേശന ഭാഗത്തും ജനറൽ ആശുപത്രിക്ക് പുറകുവശത്തെ പറമ്പിലും ടോയ്ലറ്റ് സംവിധാനം സജ്ജമാണ്. 1515 എന്ന പിങ്ക് പൊലീസ് നമ്പറിൽ സ്ത്രീകൾക്ക് പരാതികൾ അറിയിക്കാം. മൂന്ന് പിങ്ക് പൊലീസ് സംഘങ്ങളും 5 ബുള്ളറ്റ് പട്രോൾ സംഘങ്ങളും നഗരത്തിൽ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ശക്തൻ സ്റ്റാൻഡ്, പാട്ടുരായ്ക്കൽ, റെയിൽവേ എന്നിവിടങ്ങളിൽ ഏഴോളം ഷീടാക്സി സൗകര്യമേർപ്പെടുത്തി. 1515 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വാഹനസൗകര്യം ലഭ്യമാകും. ജനങ്ങൾക്ക് കുടിവെള്ള സൗകര്യത്തിനായി കോർപ്പറേഷന്റെ നേതൃത്വത്തിൽ വാട്ടർ കിയോക്സ് ഒരുക്കിയിട്ടുണ്ട്. ചൂട് കൂടുതലായതു കൊണ്ട് ജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു. പോസ്റ്റ് കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മുൻകരുതലിനായി അഞ്ച് ഓക്സിജൻ പാർലറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസം നേരിട്ടാൽ പെട്ടന്ന് തന്നെ മെഡിൽ എയ്ഡ് പോസ്റ്റുകളിൽ എത്തിച്ചേരണമെന്നും കലക്ടർ അറിയിച്ചു. ഭക്ഷ്യ സുരക്ഷ സ്ക്വാഡുകൾ പരിശോധന നടത്തി വരുന്നതായും കലക്ടർ പറഞ്ഞു
പൂരത്തിനെത്തുന്നവർക്ക് കോർപ്പറേഷന്റെ സൗജന്യ സംഭാര വിതരണം:
ഏഴ് കേന്ദ്രങ്ങളിലായി 50,000 ലിറ്റര്‍ വിതരണം ചെയ്യുമെന്ന് മേയർ
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഏഴ് കേന്ദ്രങ്ങളിലായി സൗജന്യസംഭാരം വിതരണം ചെയ്യുമെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു. കോര്പ്പറേഷന് ഓഫീസിന് മുന്‍വശം, മണികണ്ഠനാല്‍, നടുവിലാല്‍, ബിനി ടൂറിസ്റ്റ് ഹോമിനു മുന്‍വശം, രാമവര്മ്മപാര്ക്ക്, പാറമേക്കാവിനു സമീപം, മേനാച്ചേരി ബില്‍ഡിംഗിനു മുന്‍വശം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഭാര വിതരണം നടക്കുക. മില്‍മയില്‍ നിന്നുമാണ് 50,000 ലിറ്റര്‍ സംഭാരം കോര്പ്പറേഷന് വാങ്ങിക്കുന്നത്. നാളെ രാവിലെ സംഭാര വിതരണ കേന്ദ്രങ്ങള്‍ മേയര്‍ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.
കുടമാറ്റത്തിന് നിയോൺ ലൈറ്റ് ഘടിപ്പിച്ച റിമോട്ട് കൺട്രോൾ സ്പെഷൽ കുടയുമായി തിരുവമ്പാടി പിള്ളേർ
തൃശൂർ പൂരത്തിന് ആദ്യമായി നിയോൺ ലൈറ്റും റിമോട്ട് കൺട്രോൾ പ്രോഗ്രാം ചെയ്ത കുടകളും തയ്യാറാക്കി തിരുവമ്പാടി പിള്ളേർ വിഭാഗം.

ആദി യോഗി ആസ്പദമാക്കി തയ്യാറാക്കിയ കുടകളുടെ സ്വിച്ച് ഓൺ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സ്പെഷ്യൽ കുടകൾ സന്ദർശിക്കാൻ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ രാജൻ കൊച്ചിൻ ദേവസംബോർഡ് പ്രസിഡന്റ് വി നന്ദകുമാർ മുൻ മന്ത്രി വി.എസ് സുനിൽകുമാർ, ദേവസം ഭാരവാഹികൾ എന്നിവർ എത്തി. ജയദേവ്, മനീഷ്കുമാർ, ജയകൃഷ്ണൻ, ശ്രീരാം, വിഘ്നേശ്, അപ്പു, ഗണേഷ്, കണ്ണൻ, പ്രസാദ്, ഹരി എന്നിവരുടെ നേതൃത്വ ത്തിലാണ് കുടകൾ തയ്യാറാക്കിയത്.
വെടിക്കെട്ട് കാണാൻ കെട്ടിടത്തിന് മുകളിൽ കയറാം, രണ്ട് മണിക്കൂർ മുമ്പേ
തൃശൂർ പൂരം വെട്ടിക്കെട്ട് കാണാൻ നിയന്ത്രണത്തിൽ ഇളവ്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ട്. പൊലീസും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഈ കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ട് കാണേണ്ടവർ രണ്ട് മണിക്കൂർ മുൻപ് ഇവിടങ്ങളിൽ എത്തിച്ചേരണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കാനാവില്ലെന്ന കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് വിഭാഗത്തിൻറെ കടുത്ത നിലപാടിനെ തുടർന്നാണ് സംസ്ഥാനം ബദൽമാർഗം തീരുമാനിച്ചത്. നൂറുമീറ്റര്‍ പരിധി സുപ്രീംകോടതി നിര്‍ദ്ദേശമാണ്. അത് ലംഘിക്കാനാവില്ലെന്നും കണ്ട്രോളര് കേരള മേധാവി ഡോ. പി കെ റാണ വിശദീകരിച്ചു. സ്വരാജ് റൗണ്ടില്‍ തന്നെ നൂറുമീറ്റര്‍ പരിധിക്കപ്പുറമുള്ള സ്ഥലമുണ്ടെന്നും അവിടെ കാണികളെ അനുവദിക്കണമെന്നുമായിരുന്നു പാറമേക്കാവിന്റെ നിലപാട്. പെസ പ്രതിനിധികള്‍ വൈകുന്നേരം വെടിക്കെട്ട് നടക്കുന്ന തേക്കിന് കാട് മൈതാനത്ത് പരിശോധനയ്ക്ക് എത്തുന്നുണ്ട്. തീരുമാനത്തില്‍ പെസ ഉറച്ചു നിന്നാല്‍ സ്വരാജ് റൗണ്ടില്‍ കാണികളുണ്ടാവില്ല.
ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്
തൃശൂര്‍ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പൂര നഗരി സന്ദര്‍ശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദര്‍ശനം കണ്ടു. തൃശൂര്‍പൂരത്തിന്റെ തയ്യാറെടുപ്പുകള്‍ മന്ത്രി ഭാരവാഹികളുമായി ചര്‍ച്ച ചെയ്തു.

തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലയുള്ള ഷീന സുരേഷിനെ മന്ത്രി നേരില്‍ കണ്ട് സംസാരിച്ചു. തൃശൂര്‍ പൂരം വെടിക്കെട്ടിന് ലൈസന്‍സ് നേടുന്ന ആദ്യ വനിതയാണ് ഷീന. ഷീനയ്ക്ക് മന്ത്രി എല്ലാ ആശംസകളും നേർന്നു
ആവേശത്തിൽ പൂരനാട്; തെക്കേഗോപുര വാതിൽ തുറന്ന് നെയ്തലക്കാവിലമ്മ പൂരവിളംബരം നടത്തി
കാത്ത് നിന്ന ആയിരങ്ങളുടെ ആവേശാരവങ്ങൾക്കിടയിൽ പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരനട തുറന്നിട്ടു.

പുറത്ത് കാത്ത് നിന്ന പൂരാസ്വാദകരുടെ ആരവങ്ങളും പുഷ്പവൃഷ്ടിയിലും തുമ്പി ഉയർത്തി ശിവകുമാർ അഭിവാദ്യം ചെയ്തു. ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കി പൂര വിളംബരം നടത്തി. തൃശൂർ പൂരലഹരിയിലായി. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. രാവിലെ എട്ടോടെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും കിഴക്കൂട്ട് അനിയൻമരാരുടെയും പെരുവനം സതീശൻ മരാരുടെയും നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെയാണ് നെയ്തലക്കാവിലമ്മ പുറപ്പെട്ടത്. സേവ്യർ ചിറ്റിലപ്പിള്ളി അടക്കമുള്ളവർ എഴുന്നെള്ളത്തിനെ അനുഗമിച്ചിരുന്നു.

പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തി. ശിവകുമാറിനെ കാത്ത് ആരാധകർ തെക്കേ ഗോപുര നടയിലും പടിഞ്ഞാറേ നടയിലും മണികണ്ഠനാലിലും ഉണ്ടായിരുന്നു. മേളത്തോടെ നെയ്തലക്കാവിലമ്മയെ ആനയിച്ചു. ശ്രീമൂലസ്ഥാനത്തും തെക്കേഗോപുരത്തിലും മേളം മണിക്കൂറുകൾ കടന്ന് നീണ്ടു. ആവേശലഹരിയിൽ ആസ്വാദകർ ആരവം മുഴക്കി. നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജനകീയമാക്കിയ പൂരവിളമ്പരത്തിന്റെ മാറ്റ് കുറക്കാതെ പിന്മുറക്കാരൻ ശിവകുമാറും ചടങ്ങ് ഗംഭീരമാക്കി.

ആയിരങ്ങളാണ് തെക്കേചരുവിൽ എത്തിയത്. കിഴക്കേ ഗോപുരം കടന്ന് വടക്കും നാഥനെ വണങ്ങി പൂരമറിയിച്ചു. പിന്നീട് തെക്കേഗോപുര വാതിൽ പൂരത്തിനായി തുറന്നിട്ട് നിലപാടുതറയിലേയ്ക്കു നീങ്ങി പുരവിളംബര നടത്തി. ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദർശനം ഇന്നും തുടരുന്നുണ്ട്. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തുന്നത്.
കൂടുതൽ പേർക്ക് വെടിക്കെട്ട് കാണാൻ സൗകര്യമുണ്ടാകുമെന്ന് മന്ത്രിമാർ
നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി പേര്‍ക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രിമാരായ കെ.രാധാകൃഷ്ണും രാജനും അറിയിച്ചു. നിയമം ലംഘിക്കാൻ കഴിയില്ലെന്നും അതിനുള്ളിൽ നിന്ന് പൂരം കാണാനുള്ള എല്ലാ സൗകര്യങ്ങളുണ്ടാക്കുമെന്നും മന്ത്രിമാർ പറഞ്ഞു. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദേവസ്വം ഭാരവാഹികളും കേന്ദ്ര എക്സ്പ്ളോസീവ് ഉദ്യോഗസ്ഥരും പൊലീസുമടക്കമുള്ളവരുടെ യോഗത്തിന് ശേഷമാണ് മന്ത്രിമാർ ഇക്കാര്യമറിയിച്ചത്. നിയന്ത്രണാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. സ്വയം നിയന്ത്രിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു. പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേർന്ന യോഗത്തിൽ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, കളക്ടർ ഹരിത വി.കുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ വർഗീസ്, മേയർ എം.കെ വർഗീസ്, ജില്ലാ പോലീസ് മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരുമായുള്ള യോഗത്തിനിടയിൽ തങ്ങളെ അവഗണിക്കുകയാണെന്ന് പ്രതിഷേധിച്ച് ദേവസ്വം ഭാരവാഹികൾ ഇറങ്ങിപ്പോകാൻ ശ്രമിച്ചുവെങ്കിലും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഇവരെ അനുനയിപ്പിച്ച് യോഗത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു.

പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുളള ഒരുക്കങ്ങളും തുടരുകയാണ്. നൂറ്റാണ്ട് പിന്നിട്ടിട്ടും ചിട്ടതെറ്റാത്ത ചടങ്ങുകളെങ്കിലും ഓരോ പൂരവും അവിസ്മരണീയവും പുതുമയേറിയ അനുഭവങ്ങളുമാണ് പൂരപ്രേമികൾക്ക്. നാളെയാണ് പൂരം. ഉച്ചയോടെ എട്ട് ഘടക പൂരങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിയോടെയാണ് ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കേഗോപുരം ഇറങ്ങിയശേഷം കുടമാറ്റം നടക്കും. വീണ്ടും ഘടക പൂരങ്ങളുടെ ആവർത്തനം. പുലർച്ചെ വെടിക്കെട്ട്. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും. രണ്ട് വർഷത്തിന് ഇടവേളയിട്ടെത്തിയ പൂരത്തിനെ ആവേശത്തോടെയാണ് പൂരപ്രേമികൾ വരവേൽക്കുന്നത്. നേരത്തെ തന്നെ വിപുലമായ ഒരുക്കങ്ങൾ ദേവസ്വങ്ങളും സർക്കാരും വിലയിരുത്തിയിരുന്നു. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർ പൂര നഗരിയിൽ ഒരുക്കങ്ങൾ വിലയിരുത്തി പൂർണ സമയമുണ്ട്. ഇന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പൂരം ഒരുക്കങ്ങൾ വിലയിരുത്തി പൂരനഗരിയിലുണ്ട്.

ശങ്കരംകുളങ്ങര മണികണ്ഠന് പൂര നാടിന്റെ ആദരം ഇന്ന്
തൃശൂർ പൂരത്തിൽ അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി പങ്കെടുക്കുന്ന ഗജവീരൻ ശങ്കരംകുളങ്ങര മണികണ്ഠനെ പൂരനാട് ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 5.30ന് വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്ത് വെച്ച് ആനകളുടെയും വാദ്യമേളങ്ങളുടെയും സ്വീകരിച്ച് ആദരിക്കുന്നു.
തൃശൂർ പൂരത്തിന്റെ പറയെടുപ്പു മുതൽ മഠത്തിൽ വരവിന്റെ ഇറക്കിയെഴുന്നള്ളിപ്പിൽ വരെ നിലയുറപ്പിച്ച 57 വർഷം. പുരം നടക്കാതെപോയ വർഷങ്ങൾ ഒഴിവാക്കിയാലും അരനൂറ്റാണ്ടിലേറെക്കാലം തൃശൂർ പൂരത്തിൽ മറ്റൊരാനയ്ക്കും തുമ്പിയെത്തിപ്പിടിക്കാനാവാത്ത നേട്ടക്കാരനാണ് മണികണ്ഠൻ. നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ വീണ 3 വയസ്സുള്ള കൊമ്പനാണ് ഇന്നത്തെ ശങ്കരംകുളങ്ങര മണികണ്ഠനായി വളർന്നത്.


നെയ്തലക്കാവിലമ്മ പുറപ്പെട്ടു; തെക്കേ ഗോപുരവാതിൽ തുറക്കാൻ
നാളെയാണ് കാത്തിരുന്ന പൂരം. പൂരമാഘോഷിക്കാൻ പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടു. വഴി നീളെ പൂക്കൾ വിതറിയും ആരവങ്ങളോടെയുമാണ് ശിവകുമാറിനെ പൂരം ആസ്വാദകർ വരവേൽക്കുന്നത്.

നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. രാവിലെ എട്ടു മണിയോടെ എഴുന്നള്ളിപ്പ് തുടങ്ങും. പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തും. തെക്കേഗോപുര വാതിൽ തുറന്ന് നിലപാടുതറയിലേയ്ക്കു നീങ്ങും. പിന്നീട് പുരവിളംബര നടത്തും. ഞായറാഴ്ച രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദർശനങ്ങൾക്ക് തുടക്കമായി. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തിയത്. പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുളള ഒരുക്കങ്ങളും തുടരുകയാണ്. നൂറ്റാണ്ട് പിന്നിട്ടിട്ടും ചിട്ടതെറ്റാത്ത ചടങ്ങുകളെങ്കിലും ഓരോ പൂരവും അവിസ്മരണീയവും പുതുമയേറിയ അനുഭവങ്ങളുമാണ് പൂരപ്രേമികൾക്ക്. പൂരദിവസം ഉച്ചയോടെ എട്ട് ഘടക പൂരങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിയോടെയാണ് ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കേഗോപുരം ഇറങ്ങിയശേഷം കുടമാറ്റം നടക്കും. വീണ്ടും ഘടക പൂരങ്ങളുടെ ആവർത്തനം. പുലർച്ചെ വെടിക്കെട്ട്. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.

നാളെയാണ് പൂരം: തെക്കേ ഗോപുരവാതിൽ ഇന്ന് തുറക്കും
രണ്ടാണ്ടിന്റെ കാത്തിരിപ്പ്… ഉള്ളിൽ പൂരവിളിയും ആർത്തിരമ്പിലും മേളപ്പെരുക്കവും കരിമരുന്നിന്റെ പൊട്ടിവിതറലും കാണാനുള്ള വെമ്പലിൽ ചങ്ങലപൊട്ടിക്കുമോയെന്ന ആശങ്കയിലാണ് പൂരമനസ്. നാളെയാണ് കാത്തിരുന്ന പൂരം. ആനച്ചമയങ്ങളുടെ വർണക്കാഴ്ചകളും ആകാശമേലാപ്പിൽ വിരിഞ്ഞ സാമ്പിളിന്റെ കരിമരുന്ന് ചന്തവും കണ്ട ആനന്ദനിർവൃതിയിലാണ് പൂരാസ്വാദകർ. പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി ഇന്ന് തെക്കേഗോപുരനട തുറന്നിടും.

നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. മേളത്തിൻറെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ഞായറാഴ്ച രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദർശനങ്ങൾക്ക് തുടക്കമായി. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തിയത്. പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുളള ഒരുക്കങ്ങളും തുടരുകയാണ്. നൂറ്റാണ്ട് പിന്നിട്ടിട്ടും ചിട്ടതെറ്റാത്ത ചടങ്ങുകളെങ്കിലും ഓരോ പൂരവും അവിസ്മരണീയവും പുതുമയേറിയ അനുഭവങ്ങളുമാണ് പൂരപ്രേമികൾക്ക്. പൂരദിവസം ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിയോടെയാണ് ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കേഗോപുരം ഇറങ്ങിയശേഷം കുടമാറ്റം നടക്കും. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും. ഇടവേളക്ക് ശേഷമെത്തിയ പൂരത്തിനെ ആവേശത്തോടെയാണ് തൃശൂർ വരവേൽക്കുന്നത്.

കിടുക്കി സാമ്പിൾ
അക്ഷമയും ആകാംഷയും നിറഞ്ഞ മണിക്കൂറുകളെയും അപ്രസക്തമാക്കി പൂരനഗരിയെ വിറപ്പിച്ച് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട് പ്രേമികളെയും പൂരപ്രേമികളെയും മനസ് നിറച്ചു. ഇനി പൂരനാളിലെ പുലർച്ചെയെത്തുമെന്ന ഉറപ്പ്.
നിശ്ചിത സമയത്തിനും മണിക്കൂറുകൾ വൈകിയാണ് സാമ്പിളിന് തിരിതെളിഞ്ഞതെങ്കിലും ആസ്വാദകരുടെ മനം നിറച്ച് പൂരനഗരിയിൽ ഇടിയുടെയും മിന്നലിൻറെയും പെയ്തിറക്കം.

വൈകീട്ട് ഏഴിനാണ് പാറമേക്കാവ് വിഭാഗം സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുകയെന്നാണ് പറഞ്ഞതെങ്കിലും പരിശോധനകൾ പൂർത്തിയാക്കി അനുമതി ലഭിക്കാൻ വൈകിയതിനാൽ എട്ട് മണിയോടെയാണ് അനുമതിയായത്. ‘നിമിഷങ്ങൾക്കകം തേക്കിൻകാടിന് തീപടർന്നു’. അമിട്ടുകളും ഗുണ്ടുകളും കൃത്യമായ പാകത്തിൽ ചേർത്ത് വാനിൽ പൊട്ടിച്ച് വിരിയിച്ച് പാറമേക്കാവിനു വേണ്ടി ആദ്യമായി വെടിക്കെട്ട് ഒരുക്കിയ വർഗീസ് തഴക്കവും വഴക്കവും ചെന്നയാളാണെന്ന് തെളിയിച്ചു. ഓലപ്പടക്കത്തിൽ നിന്ന് പിന്നെ അമിട്ടിലേക്ക്…. വാനിലേക്കുയർന്ന് പൊങ്ങിയ ആകാശത്ത് അഗ്നിയുടെ ഭൂകമ്പം തീർത്തു. പൂരത്തിലെ പ്രധാന വെടിക്കെട്ടിലെ എല്ലാ ചേരുവകളും ചേർത്ത് തന്നെയായിരുന്നു സാമ്പിളും. ഏഴ് മിനുട്ട് നഗരം വിറക്കുകയായിരുന്നു.

മുക്കാൽ മണിക്കൂറിന് ശേഷമാണ് തിരുവമ്പാടി സാമ്പിളിന് തിരികൊളുത്തിയത്. തിരുവമ്പാടിക്കു വേണ്ടി ആദ്യമായി ഒരു വനിത വെടിക്കെട്ടൊരുക്കുന്നതിൻറെ ആകാംഷ പൂരാസ്വാദകർക്കും വെടിക്കെട്ട് പ്രേമികൾക്കെല്ലാമുണ്ടായിരുന്നു. അതിനുള്ള കാത്തിരിപ്പിലായിരുന്നു നഗരം. കാത്തിരുന്ന് മടുത്തവരുടെ മുഖം തെളിയിച്ച് തന്നെയാണ് വെടിമരുന്നിൽ ജീവിക്കുന്ന കുണ്ടന്നൂർ കുടുംബത്തിന്റെ പൈതൃകം ഓർമിപ്പിച്ചാണ് സുരേഷിന്റെ ഭാര്യ ഷൈനി കരിമരുന്നിലെ തന്റെ കരവിരുത് തെളിയിച്ചു.

തേക്കിൻകാടിന് ചുറ്റും സ്വരാജ് റൗണ്ടിന്റെ ഒരു ഭാഗത്ത് മാത്രം കയറാൻ കഴിഞ്ഞുള്ളൂവെങ്കിലും നഗരം നിറഞ്ഞ പുരുഷാരം നിറഞ്ഞ നിറഞ്ഞ കയ്യടികളോടെയും ആരവങ്ങളോടെയുമാണ് തിരുവമ്പാടിയുടെ സാമ്പിൾ വെടിക്കെട്ട് പൊട്ടി തീർന്നപ്പോൾ ഷൈനിക്കുള്ള അഭിനന്ദനം അറിയിച്ചത്.

ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെ തന്നെ തേക്കിൻകാട് സാമ്പിളിന്റെ ഒരുക്കങ്ങളിലേക്ക് കടന്നു. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു സാമ്പിള്‍ വെടിക്കെട്ട്. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ പൊലീസ് നേരത്തെ തന്നെ അടച്ചു കെട്ടി. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളില്‍ നിന്നാണ് ജനക്കൂട്ടം സാമ്പിൾ വെടിക്കെട്ട് കണ്ടത്. ശബ്ദനിയന്ത്രണവും വെടിമരുന്നിലെ കൂട്ടുകളും പെസോയുടെ നിർദേശപ്രകാരം കര്‍ശനമായി പാലിച്ചാണ് ഇരുകൂട്ടരും സാമ്പിൾ വെടിക്കെട്ട് പൊട്ടിച്ചത്. ആദ്യ ഘട്ടത്തെ വെടിക്കെട്ടിനു ശേഷം അമിട്ടുകളും വാനിൽ വിസ്മയം തീർത്തു.
സാമ്പിൾ ഇന്ന്
ഒരുക്കങ്ങളെല്ലാം പൂർത്തിയായി…. ഇനി മണിക്കൂറുകൾ മാത്രം… കാത്തിരിക്കുന്ന ആകാശപൂരത്തിന്റെ സാമ്പിൾ ഞായറാഴ്ചയാണ്. പൂരനാളിലെ പുലർച്ചെയിലെ വെടിക്കെട്ടിന്റെ അത്ഭുതങ്ങൾ സാമ്പിളിലും കാണാമെന്നാണ് കരാറുകാരുടെ അവകാശവാദം. വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തും. പിന്നാലെ തിരുവമ്പാടിയും. ഇരു വിഭാഗങ്ങളുടേയും വെടിക്കോപ്പുകളെല്ലാം സജ്ജമായിക്കഴിഞ്ഞു.

തേക്കിന്‍കാട് മൈതാനിയിലെ കാബിനുകളിലേക്ക് മാറ്റിത്തുടങ്ങി. ശനിയാഴ്ച രാവിലെ എക്സ്പ്ളോസീവ് വിഭാഗം വെടിമരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട്ടിലെ സൗകര്യങ്ങളും പരിശോധിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും സാമ്പിള്‍ വെടിക്കെട്ട്. പൊതുജനങ്ങള്‍ക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളില്‍ നിന്നു വേണം സാമ്പിളും പ്രധാന വെടിക്കെട്ടും കാണാന്‍. ശബ്ദനിയന്ത്രണം കര്‍ശനമായി പാലിച്ചാണ് ഇരുകൂട്ടരും സാമ്പിളും വെടിക്കെട്ടും നടത്തുന്നത്. ഡൈന പൂര്‍ണമായും ഒഴിവാക്കിയതായും പെസോയുടെ നിർദേശങ്ങൾ പാലിച്ചാണ് കൂട്ടുകളെന്നും കരാറുകാര്‍ പറഞ്ഞു. ഇത്തവണത്തെ വെടിക്കെട്ട് പൂരത്തിൻറെ സുവർണ ചരിത്രത്തിലേക്കുള്ളത് കൂടിയാണ്. ആദ്യമായി വനിത വെടിക്കെട്ട് ലൈസൻസിയാണെന്നതാണ് ഏറ്റവും പ്രത്യേകത. മറ്റൊന്ന് ഇരു വിഭാഗത്തിനും കന്നിക്കാരാണെന്നതും ഇത്തവണത്തെ വേറിട്ടതാണ്. സാമ്പിള്‍ വെടിക്കെട്ടിനോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഴ മാറി നില്ക്കുന്നതിനാല് സാമ്പിളിൻറെ ഒരുക്കങ്ങള്‍ തേക്കിന്‍കാട്ടില്‍ പുരോഗമിക്കുകയാണ്. തിരുവമ്പാടിക്കു വേണ്ടി വെടിക്കെട്ടൊരുക്കുന്ന വടക്കാഞ്ചേരി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് വീട്ടില്‍ സുരേഷിൻറെ ഭാര്യ എം.എസ്.ഷീനയും പാറമേക്കാവിനു വേണ്ടി വെടിക്കെട്ട് വിസ്മയം തീര്‍ക്കാനൊരുങ്ങുന്ന വരന്തരപ്പിള്ളി സ്വദേശി പി.സി.വര്‍ഗീസും ഇതാദ്യമായാണ് തൃശൂര്‍ പൂരം വെടിക്കെട്ടിന് കരാറേറ്റെടുത്തിരിക്കുന്നത്.

പൂരപ്രേമികൾ നിരാശരാവില്ലെന്നും അവർക്കുള്ള അത്ഭുതങ്ങളുണ്ടാവുമെന്ന് ലൈസൻസികൾ ഉറപ്പ് നൽകുന്നു. തിയേറ്ററുകളെ ഇളക്കിമറിച്ച സിനിമകളെ ആകാശപൂരത്തിൽ ഓർമവരുമെന്നാണ് സസ്പെൻസ് ഒളിപ്പിച്ച് കരാറുകാർ പറയുന്നത്. ഒപ്പം സന്തോഷ്ട്രോഫി ടീമിനോടുള്ള ആദരവും വെടിക്കെട്ടിലെ വിസ്മയങ്ങളായി കാണാം. പൂരം വെടിക്കെട്ടിലെ അരങ്ങേറ്റക്കാരായതിനാൽ തുടക്കം ഗംഭീരമാക്കാനുള്ള അവസാന ശ്രമത്തിലാണ് ഇരുകൂട്ടരും.

വെടിക്കെട്ടിന് റൗണ്ടിൽ പ്രവേശനമില്ല
സുരക്ഷ ചൂണ്ടിക്കാണിച്ച് പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും പെസോയുടെ അനുമതി തേടിയിരുന്നുവെങ്കിലും കാണികളെ റൗണ്ടിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. പെസോയുടെ നിർദേശമനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്ന പൊലീസ് മാർഗനിർദേശം പുറപ്പെടുവിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാല്‍ സ്വരാജ് റൗണ്ടില്‍ , നെഹ്റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷന്, ഇന്ത്യന്‍ കോഫി ഹൌസ് വരെയുള്ള ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ വരെ മാത്രമേ കാണികളെ അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു. പൂരം വെടികെട്ടിന്റെ തീവ്രത മുൻ വർഷങ്ങളേക്കാൾ വളരെയധികം കുറച്ചിട്ടും കാണികളെ വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് കയറ്റി നിര്‍ത്താത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രണ്ട് വർഷത്തെ വീർപ്പുമുട്ടൽ കഴിഞ്ഞുള്ള പൂരത്തിന് സാധാരണയിൽ കവിഞ്ഞുള്ള ആളുകൾ എത്തുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്. വെടിക്കെട്ട് കാണാൻ ഈ ജനക്കൂട്ടം ഇരമ്പിയെത്തുന്നത് തിരക്ക് അനിയന്ത്രിതമാകാനും സുരക്ഷ കൈവിട്ട് പോകാനും ഇടയാക്കുമെന്ന ആശങ്കയും പൂരപ്രേമികൾ പങ്കുവെക്കുന്നു. എന്നാൽ പെസോയിൽ നിന്നും ഇളവിനുള്ള സമ്മർദങ്ങൾ വിവിധ മേഖലകൾ വഴി തുടരുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്.

ചമയപ്പുരകൾ തുറന്നു
ആനയലങ്കാരങ്ങളുടെ വിസ്മയച്ചെപ്പ് ‘ചമയപ്പുര’ തുറന്നു. ആനച്ചൂരും ആനച്ചൂടും തട്ടാത്ത മിന്നിത്തിളങ്ങുന്ന ആനച്ചമയങ്ങളുടെ അത്ഭുത കലവറയായി പാറമേക്കാവ് അഗ്രശാലയും തിരുവമ്പാടി കൗസ്തുഭവും മാറി. രണ്ടു ദിവസം ചമയക്കാഴ്ചകള്‍ കണ്ട് കണ്ണും മനസും നിറയ്ക്കാനുള്ള പൂരപ്രേമികളുടെ ഒഴുക്ക് തുടങ്ങി. പൂരനാളിലുണ്ടായേക്കാവുന്ന വന്‍ ജനത്തിരക്ക് കണക്കിലെടുത്താണ് ഇത്തവണ തിരുവമ്പാടി വിഭാഗം ചമയപ്രദര്‍ശനം രണ്ടു ദിവസമായി നടത്താന്‍ തീരുമാനിച്ചത്.
പാറമേക്കാവിന്റെ ചമയപ്രദര്‍ശനം അഗ്രശാലയില്‍ നടനും മുന്‍ എം.പിയുമായ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജന്, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, അംഗം എം.ജി നാരായണൻ, സ്വാമി നന്ദാത്മജാനന്ദ എന്നിവരും പ്രദർശന ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

കുടമാറ്റത്തിനായി ഒരുക്കിയ സ്പെഷ്യല്‍ കുടകളില്‍ പലതും ചമയപ്രദര്ശനത്തിലുണ്ട്. രാത്രിപത്ത് വരെയാണ് ചമയപ്രദര്‍ശനം. പൂരത്തലേന്ന് കൂടതല്‍ സമയം പ്രദര്‍ശനമുണ്ടാകും.

ചെമ്പുക്കാവിന്റെ മേളം നയിക്കാൻ നാലാംതവണയും അഭിഷേക്
പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് പൂരം ഘടകപൂരങ്ങളിൽ പ്രധാനിയായ ചെമ്പുക്കാവിന്റെ മേളം നയിക്കാൻ നാലാംതവണയും അഭിഷേക്. തൃശൂർ പൂരത്തിനണിനിരക്കുന്ന പ്രമാണിമാരിലെ പ്രമുഖരിൽ ഏറ്റവും പ്രായം കുറഞ്ഞ മേള പ്രമാണി കൂടിയാണ് അഭിഷേക്. 12 വർഷമായി പാറമേക്കാവിന്റെ തെക്കോട്ടിറക്കം മേള നിരയിലെ കൊട്ടി വരുന്ന അഭിഷേക് 2018ലാണ് ആദ്യമായി ചെമ്പുക്കാവിൻറെ മേളപ്രമാണിയായി ചുമതലയേൽക്കുന്നത്. ഘടക പൂരങ്ങളിൽ ചെമ്പൂക്കാവ് മാത്രമാണ് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് മേളം അവതരിപ്പിക്കുക. പത്ത് വർഷമായി നിരവധി ക്ഷേത്രങ്ങളിൽ മേളം അഭ്യസിപ്പിക്കുന്ന അഭിഷേകിന് നൂറ്റിയമ്പതിൽ പരം ശിഷ്യപരമ്പരയുണ്ട്. കൂടാതെ സ്കൂൾ കലോത്സവങ്ങളിൽ സോൺ ബോസ്കോ സ്കൂളിനെ തുടർച്ചയായി മൂന്ന് തവണ സംസ്ഥാനകലോത്സവത്തിൽ പങ്കെടുപ്പിച്ച് തൃശൂർ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുക്കുവാനും അഭിഷേകിനായി. ഭക്തപ്രിയം ക്ഷേത്രം, പാലയ്ക്കൽ ഭഗവതി ക്ഷേത്രം കുതിരാൻ ശ്രീ അയ്യപ്പക്ഷേത്രം തുടങ്ങി പ്രശസ്തമായ ഒട്ടനവധി ക്ഷേത്രങ്ങളിലും മേളത്തിന് നായകനാകുവാൻ അഭിഷേക്ക് ഈ ചെറുപ്രായത്തിൽ സാധിച്ചു. പാറമേക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ചുള്ള ദേശപ്പാട്ടിൻറെ മേളത്തിൽ 21ാം വയസിൽ പ്രമാണം വഹിക്കാനുള്ള അപൂർവ്വമായ അവസരവും അഭിഷേകിനുണ്ടായി.

വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിൽ സൗകര്യം ഒരുക്കണമെന്ന് പോലീസിനോട് ദേവസ്വങ്ങൾ
പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനു കാണികളെ നിയമവിധേയമായി സ്വരാജ്റൗണ്ടിൽ പ്രവേശിപ്പിക്കാനാകുമെന്ന് ദേവസ്വങ്ങൾ. പാറമേക്കാവിന്റെ സാമ്പിൾ വെടിക്കെട്ട് അവസാനിക്കുന്നത് തേക്കിൻകാട്ടിൽ വിദ്യാർഥി കോർണറിനു തൊട്ടുമുന്നിലാണ്. മുമ്പ് ഫിനിഷിങ് പോയന്റ് മണികണ്ഠനാൽ ഗണപതികോവിലിനു പുറകുവശത്തായിരുന്നു. ഇക്കുറി ഇതുമൂലം കാണികൾക്ക് 100 മീറ്റർ അകലത്തിൽ സ്വരാജ്റൗണ്ടിൽ മാരാർറോഡ് മുൻവശം മുതൽ നടുവിലാൽ വരെ അണിനിരക്കാമെന്നു ദേവസ്വം സെക്രട്ടറിയും വെടിക്കെട്ടു കമ്മിറ്റി കൺവീനറുമായ ജി.രാജേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. അമിട്ടുകൾ പൊട്ടിക്കുന്നത് ഫിനിഷിങ് പോയന്റിന്റെ പുറകിലാണ്. വിദ്യാർഥി കോർണറിനു തൊട്ടു പടിഞ്ഞാറുഭാഗമാണിത്.
അതിനാൽ 100 മീറ്റർ പരിധിയിൽ കാണികളെ അനുവദിച്ചാൽ രാഗം തീയറ്ററിനു കിഴക്കുഭാഗത്തു സ്വരാജ്റൗണ്ടിലും ജില്ലാആശുപത്രി പരിസരം വരേയും ജനത്തെ അനുവദിക്കാനാകുമെന്നു ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം പെസോ അധികൃതർ ഇന്ന് വരുന്ന അവസരത്തിൽ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം കത്തുനൽകി. പൊലീസ് അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം.
സമാന രീതിയിൽ തിരുവമ്പാടിയുടെ ഭാഗത്തും ക്രമീകരണങ്ങൾ വരുത്തിയാൽ റൗണ്ടിൽ കൂടുതൽ ഭാഗത്ത് ജനക്കൂട്ടത്തെ നിർത്താനാകും. സ്വരാജ്റൗണ്ടിൽ നിന്നു വെടിക്കെട്ടു കാണാൻ അനുവദിക്കാത്തത് വെടിക്കെട്ടു പ്രേമികളെ നിരാശയിലാക്കുന്നു. റൗണ്ടിൽ വളരെ കുറച്ചു ഭാഗത്തുമാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്. ഇടവഴികൾ അടച്ച് ജനത്തെ മാറ്റിനിർത്തുകയാണ് പതിവ്. ശബ്ദം കുറച്ച് വർണം കൂട്ടിയ സാഹചര്യത്തിൽ ജനകീയ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് ആവശ്യമുയർന്നു.

തൃശൂർ പൂരം വീഡിയോഗ്രാഫി മൽസരം 2022
ആനപീഡനം വിഷയമാക്കി ഹെറിട്ടേജ് അനിമൽ ടാസ്ക് ഫോഴ്സ് തൃശൂർ പൂരത്തിൻറെ രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോഗ്രാഫി മൽസരം നടത്തുന്നു. പരമാവുധി രണ്ട് മിനുട്ട് ദൈർഘ്യമുള്ള വീഡിയോകൾ അയക്കാം. ഒരാൾക്ക് മൂന്ന് വീഡിയോകൾ വരെ അയക്കാം.സമ്മാനാർഹമായ വീഡിയോക്ക് 10,001 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ക്യാഷ് അവാർഡ് തൃശൂർ പ്രസ്ക്ളബിൽ വെച്ച് വിതരണം ചെയ്യും. 2022 മെയ് 13ന് മുമ്പേ വീഡിയോകൾ venkitachalamvk1965@gmail.com എന്ന ഇ മെയിലിൽ അയക്കണം.

തൃശൂർ പൂരത്തിന് വിപുലമായ സൗകര്യങ്ങളുമായി റെയിൽവേ
1902ൽ ചെറുവണ്ണൂർ സന്ധി (ഇന്നത്തെ ഷൊർണ്ണൂർ ജംഗ്ഷൻ) യിൽനിന്നും എറണാകുളം വരെയുള്ള മീറ്റർ ഗേജ് തീവണ്ടിപ്പാത പൂർത്തിയായ കാലം മുതൽ തന്നെ, റെയിൽവേ തൃശ്ശൂർ പൂരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. ആധുനികവും നൂതനവുമായ ഒരു ഗതാഗതരൂപം ജനങ്ങൾക്ക് പരിചയപ്പെടുത്തുവാനുള്ള നല്ലൊരവസരമായി അവർ പൂരത്തെ കണ്ടു. പത്രങ്ങളിൽ അക്കാലത്തു് സൗത്ത് ഇന്ത്യൻ റെയിൽവേ നൽകിയിരുന്ന പരസ്യങ്ങൾ അതിന് തെളിവാണ്. വേഗത കുറഞ്ഞ ജലഗതാഗതത്തെ പ്രധാനമായും ആശ്രയിച്ചിരുന്ന ജനങ്ങൾക്ക്, പ്രത്യേകിച്ചും സമീപ ജില്ലകളിൽ നിന്നുള്ളവർക്ക്, പൂരത്തിന് തൃശ്ശൂരിൽ എത്താനായി വേഗം കൂടിയ ഒരു ഗതാഗതരൂപമാണ് അന്ന് തീവണ്ടിയിലൂടെ ലഭ്യമായത്.
കോവിഡിന് മുമ്പത്തെപ്പോലെ ഈ വർഷവും വിപുലമായ സൗകര്യങ്ങളാണ് റെയിൽവേ പൂരപ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്. എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്, തിരുനെൽവേലി – പാലക്കാട് പാലരുവി, മംഗലാപുരം – നാഗർകോവിൽ പരശുറാം എന്നീ തീവണ്ടികൾക്ക് മെയ് 10, 11 ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്തു് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പൂരത്തിരക്കൊഴിവാക്കി യാത്ര ചെയ്യുന്നതിന് ഈ സൗകര്യം ജനങ്ങളെ സഹായിയ്ക്കും.
അതിന് പുറമെ തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പ്രകാശ സംവിധാനം, കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ, സൂചന കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശ്ശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (11) പൂങ്കുന്നത്ത് രണ്ട് കൗണ്ടറുകളും പതിനൊന്നാം തിയതി ബുധൻ വെളുപ്പിന് 3 മണിമുതൽ രാവിലെ 11 വരെ പ്രവർത്തിയ്ക്കുന്നതാണ്. ദിവാൻജി മൂലമുതൽ തൃശൂർ സ്റ്റേഷനിലേയ്ക്ക് കൂടുതൽ ലൈറ്റുകളും സ്ഥാപിയ്ക്കുന്നുണ്ട്.
തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ പി ശശീന്ദ്രൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമ്മേർഷ്യൽ) ബാലകൃഷ്ണൻ, ചീഫ് ബുക്കിങ് സൂപ്പർവൈസർ മീനാംബാൾ, ചീഫ് കൊമ്മേർഷ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ് കുമാർ, ആർപിഎഫ് ഇൻസ്പെക്ടർ അജയകുമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നത്.

പീലി കണ്ണെഴുതി ആലവട്ട കാഴ്ചകൾ
ആനപ്പുറത്ത് പീലി വിടർത്തുന്ന ആലവട്ടങ്ങളാണ് തൃശൂർ പൂരത്തിലെ ആനച്ചമയ കാഴ്ചകളിലെ സുന്ദരൻ. പീലി കണ്ണെഴുതി ഏവരെയും മോഹിപ്പിച്ച് ആലവട്ടങ്ങൾ ആനപ്പുറത്ത് ഉയരുമ്പോൾ അതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്.
പാറമേക്കാവിനു വേണ്ടി പ്രൊഫസർ മുരളീധരനും തിരുവമ്പാടിക്ക് വേണ്ടി സുജിത്തുമാണ് ആലവട്ടങ്ങൾ നിർമ്മിക്കുന്നത്.
ഇരു വിഭാഗങ്ങളുടെയും ചമയ പുരകളിൽ മയിൽപീലികളും മയിൽപീലികൾ കൊണ്ടുള്ള ആലവട്ട കാഴ്ചകളും നിറയുകയാണ്.

അരങ്ങേറ്റം കുറിക്കാൻ സുജിത്ത്
തിരുവമ്പാടിക്ക് വേണ്ടി ആലവട്ടങ്ങൾ നിർമ്മിക്കുന്ന സുജിത്തിന് ഇത് ആലവട്ടങ്ങളുടെ അമരക്കാരൻ ആയുള്ള ആദ്യ പൂരം. അതിലുപരി അച്ഛന്റെ സൽപേര് നിലനിർത്താനുള്ള ഊഴം.
തിരുവമ്പാടിയുടെ ആലവട്ട നിര്‍മ്മാണ ചുമതലയുള്ള ചാത്തനാത്ത് കുടുംബത്തിലെ ചന്ദ്രന്റെ മകനാണ് സുജിത്ത്. കഴിഞ്ഞ ഡിസംബറിലാണ് ചന്ദ്രൻ മരിക്കുന്നത്.
കുടുംബത്തിന്റെ നെടും തൂണായിരുന്ന, ആലവട്ട നിര്‍മ്മാണത്തില്‍ അതി വിദഗ്ധനായിരുന്ന ചന്ദ്രന്റെ വിയോഗം സുജിത്തിനെയും തളർത്തി.
അത്രയും നാളും അച്ഛന് ചന്ദ്രന്റെ സഹായിയായി നിന്നിട്ടുള്ളതല്ലാതെ ഒരു ആലവട്ടം പോലും സ്വന്തം ഐഡിയയില്‍ ചെയ്തിട്ടില്ലെന്ന് സുജിത്ത് പറയുന്നു. അതുകൊണ്ട് തന്നെ ഈ പൂരത്തിന തിരുവമ്പാടിയുടെ ആലവട്ടം ആര് ഉണ്ടാക്കും എന്ന ആശങ്ക പലര്ക്കു മുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം സുജിത്ത് തിരുവമ്പാടി ദേവസം ഓഫീസിലേയ്ക്കു പോയി.
തിരുവമ്പാടി വിഭാഗത്തിന്റെ ആലവട്ട നിര്‍മാണം ഏറ്റെടുത്തു കൊള്ളാമെന്ന് അവിടെയെത്തി അറിയിക്കുമ്പോള്‍ സുജിത്തിന് ഒറ്റ ലക്ഷ്യമെയുണ്ടായിരുന്നുള്ളൂ. അച്ഛന് ഈ രംഗത്തു നേടിയേ പേര് കളയരുത്. അതു കൂടാതെ ബന്ധുവായ മുരളീധരന് ചാത്തനാത്ത് പാറമേക്കാവിനു വേണ്ടി ഉണ്ടാക്കുന്ന ആലവട്ടത്തെക്കാള് സുജിത്തിന്റെ ആലവട്ടം മികച്ചതെന്ന് എല്ലാവരും പറയണം എന്ന ആരോഗ്യപരമായ മത്സരവുമുണ്ട്.
ജനിച്ചപ്പോള്‍ മുതല്‍ പൂരവും ആലവട്ട നിര്മാണവുമാക്കെ കണ്ടു വളര്‍ന്ന സുജിത്തിന് ആലവട്ട നിര്‍മ്മാണം മറ്റൊരിടത്തേക്ക് പോകുന്നത് ഉള്കൊള്ളാനാവില്ലല്ലോ. കൊച്ചി ദേവസം ബോര്‍ഡ് താണിക്കുളം ക്ഷേത്രത്തില്‍ കൗണ്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് സുജിത്ത്. ഭാര്യ നയന ഗുരുവായൂര്‍ ദേവസത്തില്‍ ജോലി ചെയ്യുന്നു.

മയില്പീലിത്തണ്ടു കൊണ്ട് ഒരുക്കിയ മധ്യഭാഗം ചുറ്റിലും മയില്‍പീലി കണ്ണുകള്‍ .രണ്ടരയടി വിസ്താരത്തിലുള്ള ഒരു ആലവട്ടത്തിന് ഒരു കിലോ മയില്‍ പീലി വേണം. ആലവട്ടത്തിന്റെ ഒരു വശത്തു മാത്രം ഏകദേശം നൂറ്റി ഇരുപത്തഞ്ച് മയില്‍ പീലികള്‍ ഉണ്ടാകും. ഇരുവശങ്ങളിലുമായി ഇരുനൂറ്റി അല്‍പത് . രണ്ടു ജോഡി വച്ച് പതിനഞ്ചാനകള്ക്കുമായി മുപ്പത് ആല വട്ടം ഒരു വിഭാഗം ഉണ്ടാക്കും. പാറമേക്കാവിനും തിരുവമ്പാടിക്കുമായി അറുപത് ആലവട്ടം പൂരത്തിനു വേണം.
തിടമ്പേറ്റുന്ന ആനയ്ക്ക് സ്പെഷ്യല്‍ ആലവട്ടം ഉണ്ടാകും. ആ ആനയുടെ ഇരുവശത്തും നില്ക്കുന്ന ആനകളുടെയും ആലവട്ട ഡിസൈനില്‍ വ്യത്യാസമുണ്ടാകും. ബാക്കിയുള്ള പന്ത്രണ്ട് ആനകള്‍ക്കുള്ള ആലവട്ടം ഒരു പോലുള്ളതായിരിക്കും.
ഒരു ആലവട്ടത്തിന് ഒരു കിലോ മയില്‍ പീലിയാണ് വേണ്ടി വരിക. മയില്പീലികള് എത്തുന്നത് രാജസ്ഥാനില്‍ നിന്നുമാണ്. ചുരുളുകള്‍ അടിപ്പൂവ് വളയങ്ങള്‍ ഇവയൊക്കെ മയില്‍പീലി തണ്ടു കൊണ്ടാണ് ഉണ്ടാക്കുന്നത്.
വട്ടത്തില്‍ വെട്ടിയ സണ്‍ പാക്ക് ഷീറ്റിലാണ് ആലവട്ടം റെഡിയാക്കിയെടുക്കുന്നത്. മുന്‍പത് കാഡ്ബോഡിലായിരുന്നു ചെയ്തിരുന്നത്. രണ്ടായിരത്തി ആറിലെ പൂരത്തിനു ചെയ്ത മഴയില്‍ ആലവട്ടം മുഴുവന്‍ നനഞ്ഞലുത്തുപോയി. അന്ന് അത് മുഴുവന്‍ ഉപയോഗ ശൂന്യമായപ്പോള്‍ കാഡ്ബോര്ഡിനുപകരം എന്തുപയോഗിക്കാം എന്ന ചിന്തയില്‍ നിന്നാണ് സണ്‍ പാക്ക് ഷീറ്റ് എന്ന മെറ്റീരിയലില്‍ ആലവട്ടം നിര്‍മിച്ചു തുടങ്ങിയത്. ശാസ്ത്രം വികസിച്ചപ്പോള്‍ ആലവട്ട നിര്‍മാണത്തിനുള്ള മെറ്റീരിയലുകള്‍ ലളിതമായി. മുന്‍പ് അതില്‍ വയ്ക്കുന്ന ഒരു ബോളുണ്ടാക്കണമെങ്കില് ചെമ്പില്‍ നിര്‍മിച്ച് ഗോള്‍ഡ് കവറ്റിംഗ് ചെയ്യുകയായിരുന്നു പതിവ് എന്നാല്‍ ഇന്ന് അതൊക്കെ പ്ലാസ്റ്റിക് ബോളുകള്‍ ആയി മാറി.
അര നൂറ്റാണ്ട് പിന്നിട്ട് മുരളീധരന്റെ ആലവട്ട പൂരം
പ്രൊഫ.മുരളീധരന് അര നൂറ്റാണ്ടായി ആലവട്ട നിര്‍മ്മാണത്തിലാണ് തൃശൂര്‍ പൂരം വേണോ കോളേജിലെ വകുപ്പു മേധാവിയാകണോ ഇങ്ങനൊരു ചോദ്യം മനസ്സിലേക്ക് വന്നപ്പോള്‍ മുപ്പത്തിരണ്ടു വര്‍ഷം കോളേജ് അധ്യാപകനായി ജോലി ചെയ്ത മുരളീധരന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. പൂരം മതി എന്ന തീരുമാനത്തില്‍ അദ്ദേഹം 2014-ല്‍ വോളണ്ടറി റിട്ടയര്‍മെന്റെടുത്തു. കൂടെ തൊട്ടു താഴെ നില്‍ക്കുന്നവര്‍ക്ക് ഗുണമാകട്ടെ എന്നും കരുതി. അര നൂറ്റാണ്ടു കഴിഞ്ഞു മുരളിധരന് ആലവട്ടം ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് . അച്ഛന് ബാലകൃഷ്ണനും മുത്തച്ഛനുമൊക്കെ ആലവട്ട നിര്‍മ്മാതാക്കളായിരുന്നു. പാറമേക്കാവിന്റെ ആലവട്ടം ചാത്തനാത്ത് കുടുംബത്തിന്റെ കുലത്തൊഴിലു തന്നെയാണ് . രണ്ടായിരത്തി നാലില്‍ അച്ഛന് മരിച്ച ശേഷം മുരളീധരന് ആലവട്ട നിര്‍മ്മാണത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുത്തു. പൂരം നടക്കുന്നത് അവധിക്കാലത്തായതിനാല്‍ മുരളീധരന്റെ അധ്യാപന ജീവിതത്തെ പൂരം യാതൊരു വിധത്തിലും തടസപ്പെടുത്തിയില്ല. ആലവട്ട നിര്‍മ്മാണത്തില്‍ നിന്നുള്ള വരുമാനം എന്തെന്ന് ചോദിച്ചാല്‍ മുരളീധരന് പറയും. ലാഭവുമില്ല നഷ്ടവുമില്ല. അത് നോക്കിയല്ല ഈ ജോലി ഏറ്റെടുക്കുന്നത്. പാരമ്പര്യം , ഇഷ്ടം, തുടങ്ങി ഒരുപാട് gകാരണങ്ങള്‍ ലാഭമുള്ള മറ്റ് തൊഴിലിനേക്കാള്‍ ഇവിടെ നിലനില്ക്കാന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.

പൂരമെത്തും മുൻപേ പൂത്തുലഞ്ഞ് പൂരനഗരി
പതിവ് തെറ്റിയില്ല. തേക്കിൻകാട്ടിൽ പതിനഞ്ചോളം പൂമരങ്ങൾ പൂത്തുലഞ്ഞ് കാഴ്ചക്കാരുടെ കണ്ണിന് വർണ്ണങ്ങളുടെ പൂരക്കാലം സമ്മാനിക്കുന്നുണ്ട്.
പൂരവും പൂമരങ്ങളും
പൂരവും പൂമരങ്ങളും ഒരുമിച്ചാണ് പൂത്തുലയുക. പൂരത്തിനും പൂമരത്തിനും അടുത്ത ബന്ധമാണുള്ളത്.
പൂരത്തിന്റെ വരവറിയിച്ച് പൂമരം പൂക്കുന്നതോടെയാണ് പൂരലഹരി നഗരത്തിലെത്തുക.
ആരോടും ചോദിക്കാതെ ആരോടും പറയാതെ അനുവാദം തേടാതെ തൃശൂർ റൗണ്ടിനു ചുറ്റുമുള്ള പൂമരങ്ങൾ പൂരക്കാലമായാൽ പൂക്കാൻ തുടങ്ങും. പൂരം വർണക്കാഴ്ചകൾക്ക് കൊടിയേറും പോലെ പൂരമെത്തും മുൻപ് പൂമരങ്ങൾ പതിയെ പൂവിടും. ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും നോക്കിയാൽ ഈ പൂമരങ്ങൾക്ക് വേറൊരു കാഴ്ചയും ഭംഗിയുമാണ്. പൂരത്തെ വരവേൽക്കാൻ പ്രകൃതി നഗരത്തെ അണിയിച്ചൊരുക്കുകയാണ് ഈ പൂമരങ്ങളിലൂടെ. കുടമാറ്റത്തിന്റെ വർണങ്ങൾ പോലെ പല പൂമരങ്ങളിലും പൂക്കൾക്ക് പലനിറമാണ്. സ്വർണവർണമുള്ള മഞ്ഞപ്പൂക്കളും കടും ചുവപ്പും ഗുൽമോഹർ പോലുളള പൂക്കളും ഈ നഗരത്തിനു മേൽ പൂക്കുട ചൂടി നിൽക്കും. അതിനു താഴെ പൂരം പെയ്തിറങ്ങും. പൂരമല്ലാത്ത കാലത്തും ഈ പൂമരങ്ങൾ നഗരത്തിലുണ്ടെങ്കിലും അവയെ ശ്രദ്ധിക്കുന്നത് പൂരക്കാലത്ത് മാത്രമാണ്.
പുലർച്ചെ വെടിക്കെട്ടിന് കാത്തുനിൽക്കുമ്പോൾ പൂമരങ്ങൾ കാഴ്ചയുടെ ഭംഗി മറയ്ക്കുമോ എന്ന് ആശങ്കപ്പെടാറണ്ടെങ്കിലും അതുണ്ടാകാറില്ല. ദിഗന്തങ്ങൾ നടുങ്ങുമാറ് ആദ്യത്തെ കുഴിമിന്നലുകൾ ആകാശത്തേക്ക് പാഞ്ഞ് പൊട്ടിത്തെറിച്ചുണ്ടാകുന്ന ഉഗ്രശബ്ദത്തിൽ പൂമരങ്ങളിൽ ചേക്കേറിയ പക്ഷികൾ ചിറകിട്ടടിച്ച് പറന്നുപോകുന്ന കാഴ്ച പൂരത്തിന്റെ വെടിക്കെട്ടു പുലർച്ചെ മാത്രം കാണുന്ന അപൂർവദൃശ്യമാണ്. ബാക്കിയുള്ള ദിവസങ്ങളിൽ ആ പക്ഷികൾ പുലർവേളയിൽ നിയമവെടി പൊട്ടുന്നത് പോലും അറിയാതെ ആ പൂമരങ്ങൾക്കുള്ളിൽ സുഖമായി ഉറങ്ങും. കിളികളെ ഒളിപ്പിച്ചുവെച്ച പൂമരങ്ങൾ. പകൽപ്പൂരത്തിന്റെ വെയിലിൽ നിന്നും രക്ഷതേടി സ്ത്രീകളും കുട്ടികളും പൂമരത്തണലിൽ ഒത്തുകൂടാറുണ്ട്. പൂരം കഴിഞ്ഞാലും അവ പൂത്തുനിൽക്കും…പൂരത്തിന്റെ ഓർമ്മകൾ പോലെ…

1500 വർണക്കുടകളാൽ തേക്കിൻകാട് പൂത്തുലയും
മേടമാസത്തിൽ തൃശൂരിൽ രണ്ടുകൂട്ടരുണ്ടാക്കുന്ന കുടകൾ കാണാൻ കടൽകടന്നു ആളുകളെത്തും. അതാണ് തൃശൂർ പൂരത്തിലെ ഏറ്റവും മനോഹരകാഴ്ചകൾ ഒന്നായ കുടമാറ്റം. ഡിവൈൻ ദർബാർ എന്ന് വിശേഷിപ്പിക്കാറുള്ള പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ കൂടിക്കാഴ്ച.
പരസ്പരം അഭിമുഖമായി നിന്ന് ഇരുകൂട്ടരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുടകൾ മാറിമാറി ഉയർത്തുമ്പോൾ തെക്കേ ഗോപുര നടക്കുതാഴ നിറയുന്ന പുരുഷാരം കുടകളെക്കാൾ ഉയരത്തിൽ ആരവം മുഴക്കി ഇരുവിഭാഗത്തിലും മത്സര ആവേശം നിറക്കും.

പൂരത്തിന്റെ സായാഹ്നത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം വർണ്ണക്കുടകൾ ആണ് തേക്കിൻകാട് മൈതാനിയിൽ പൂത്തുലയുക. വിസ്മയിപ്പിക്കുന്ന സ്പെഷ്യൽ കുടകൾ വേറെയും.
എല്ലാ വര്‍ഷവും പൂരത്തിന് നാലു മാസം മുമ്പേ കുടകളുടെ പണികള്‍ ആരംഭിക്കും. എന്നാല്‍ ഇത്തവണ കോവിഡ നിയന്ത്രണങ്ങൾ എത്രത്തോളം നീണ്ടു പോകും എന്ന ആശങ്ക മൂലം പണികള്‍ തുടങ്ങാന്‍ വൈകിയെന്ന് പാറമേക്കാവിനുവേണ്ടി കുടകൾ നിർമ്മിക്കുന്ന വസന്തന് കുന്നത്തങ്ങാടി പറഞ്ഞു. പണിക്കാര് കൂടുതൽ സമയം ജോലി ചെയ്ത് കുട്ടികളുടെ നിർമ്മാണം തീർത്തു കൊണ്ടിരിക്കുകയാണ്. അമ്പതോളം സെറ്റ് കുടകളാണ് പാറമേക്കാവ് തയ്യാറാക്കുന്നത്.
തിരുവമ്പാടിയുടെ ചമയ പുരയിലും വർണ്ണക്കുടകൾ അണിഞ്ഞൊരുങ്ങുക യാണ്. പോയ വർഷം തിരുവമ്പാടി വിഭാഗം കുടകൾ നിർമ്മിച്ചിരുന്നുവെങ്കിലും പൂരം ഒരു ആനപ്പുറത്ത് മാത്രം നടത്തിയതുകൊണ്ട് ആ കുടകളൊ ന്നും ഉപയോഗിക്കേണ്ടി വന്നില്ല
കഴിഞ്ഞ വര്‍ഷം ചെയ്തു വെച്ച ഉപയോഗിക്കാത്ത കുറച്ചു കുടകള്‍ ഇത്തവണ ഉപയോഗിക്കാന്‍ കഴിയുമെന്ന് തിരുവമ്പാടിയുടെ കുടകൾ ശ്രമിക്കുന്ന പുരുഷോത്തവന്‍ അരണാട്ടുകര പറഞ്ഞു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂരക്കമ്പക്കാർ പൂർണതോതിലുള്ള കുടമാറ്റം കാണാൻ ഒരുങ്ങിയിരിക്കുന്നത്. പോയ വർഷം തിരുവമ്പാടി ഒരാന പുറത്തും പാറമേക്കാവ് 15 ആനകളെ അണിനിരത്തിയുമാണ് കുടമാറ്റം പേരിനു മാത്രമായി നടത്തിയത്. അതിനു മുൻപുള്ള വർഷം കോവിഡ് വ്യാപനം മൂലം പൂരവും കുടമാറ്റവും ഉണ്ടായില്ല.

ബോംബെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് കുടകള്‍ക്കുള്ള തുണിത്തരങ്ങള്‍ കൊണ്ടുവരുന്നത്. ഇരു ദേവസ്വങ്ങളുടെയും ചമയം കമ്മിറ്റികള്‍ അവിടങ്ങളിൽ നേരിട്ടു പോയി മെറ്റീരിയല്‍ സെലക്ട് ചെയ്യും . വിവിധ വർണ്ണങ്ങളിൽ വെല്‍വെറ്റ് തുടങ്ങിയ രാജകീയ തുണിത്തരങ്ങില് സ്വീക്വന്‍സ് വര്‍ക്കുകളുടെ തിളക്കവും സ്ക്രീന്‍ പ്രിന്റിംഗിലൂടെയുള്ള ചിത്രങ്ങളുമൊക്കെയായി കുടകള്‍ ഒരുങ്ങുന്നു. അലുക്കുകള്‍ കൂടി തുന്നി പിടിപ്പിക്കുന്നതോടെ കുടകളുടെ പണി പൂര്‍ത്തിയാകും. അലുക്കുകള്‍ പിടിപ്പിക്കുന്ന പണി ഈ ആഴ്ച തുടങ്ങും.
ഇരു വിഭാഗവും 45 മുതല്‍ അന്‍പതു വരെ സെറ്റ് കുടകള്‍ മാറ്റും.
കുട മാറ്റത്തിന്റെ ക്ലൈമാക്സിൽ ഇരുവിഭാഗവും ഉയർത്തുന്ന സ്പെഷ്യൽ കുടകൾ ഇരു വിഭാഗങ്ങളുടെയും പണിപ്പുരയിൽ അതീവരഹസ്യമായി ഒരുങ്ങുന്നുണ്ട്. സ്പെഷ്യൽ കുടകളുടെ കൗതുകം ഇരുകൂട്ടരും വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല.

തൃശൂർ പൂരത്തിന്റെ കുട മാറ്റത്തിനുവേണ്ടി വേണ്ടി കുടകൾ ഒരുക്കുന്നവർ ബന്ധുക്കളാണ് എന്നത് മറ്റൊരു കൗതുകം. പുരുഷോത്തമന്റെ അമ്മാവന്റെ മകൻ ആണ് പാറമേക്കാവിൽ കുട ഒരുക്കുന്ന വസന്തൻ കുന്നത്തങ്ങാടി.
രണ്ടു പേരും 40 വർഷത്തിലേറെയായി ഈ രംഗത്തെത്തിയിട്ട്. വസന്തന്റെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ പാരമ്പര്യമായി പൂരത്തിന്റെ കുടകള്‍ നിര്‍മിക്കുന്നവരായിരുന്നു. പുരുഷോത്തമനെ ഈ രംഗത്തേയ്ക്കു കൊണ്ടുവന്നത് വസന്തന്റെ അച്ഛനാണ്. പന്ത്രണ്ടു വര്‍ഷം മുന്‍പുവരെ പാറമേക്കാവിന്റെ ജോലികളാണ് പുഷോത്തമന്‍ ചെയ്തിരുന്നത്. തിരുവമ്പാടിയില്‍ ആളെ അത്യാവശ്യമായി വിളിച്ചപ്പോള്‍ അങ്ങോട്ടേയ്ക്ക് മാറിയെങ്കിലും. ഇരുവരും ഓരോ ദിവസത്തെയും ജോലിയുടെ പുരോഗതികള്‍ പരസ്പരം പങ്കുവയ്ക്കും. അതു കൊണ്ട് ഞങ്ങളുടെ ഇടയില്‍ രഹസ്യക്കുടകള് ഒന്നുമില്ലെന്ന് ഇരുവരും പറയുന്നു. പക്ഷേ ഞങ്ങള്‍ ആളുകള്‍ക്ക് സര്‍പ്രെസ് കൊടുക്കുമെന്ന് പറഞ്ഞ് പുരുഷോത്തമന് ചിരിച്ചു.

ഇലഞ്ഞിത്തറയിൽ പെരുവനത്തിന് 24ാം പ്രമാണം
പൂരത്തിന് ഇലഞ്ഞിച്ചുവട്ടിൽ ഇത്തവണ പുതുമകൾ നിറഞ്ഞതാണ്. ഇലഞ്ഞിത്തറ മേളത്തിൽ 24ാം പ്രമാണമേറ്റ് പെരുവനം കുട്ടൻമാരാരെത്തുമ്പോൾ മകൻ കാർത്തിക് മാരാർ ആദ്യനിരയിലെ അരങ്ങേറ്റക്കാരനാവുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഇലത്താളത്തിൽ അവസാന വരിയിൽ നിന്ന് തുടങ്ങി വലംതലയിലേക്ക് മാറിയാണ് കാർത്തികിൻറെ ഇടംതലയിലേക്കുള്ള സ്ഥാനക്കയറ്റം. പെരുവനത്തിൻറെ വലംകൈ മേളപ്രമാണത്തിലെ രണ്ടാമനായ കേളത്ത് അരവിന്ദാക്ഷ മാരാർ ഒഴിഞ്ഞതോടെയാണ് ആദ്യ നിരയിലേക്കുള്ള കാർത്തികിൻറെ വരവ്. ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണത്തിൽ കുട്ടൻമാരാർ കാൽ നൂറ്റാണ്ടിലേക്കെത്തുമ്പോൾ ഇത്രയേറെ ആരാധകരെയും അതിനൊപ്പം എതിർപ്പുകളെയും കണ്ട മേളപ്രമാണി വേറെയുണ്ടായിട്ടുണ്ടോയെന്ന് സംശയം.

അച്ഛൻ പെരുവനം അപ്പുമാരാർ ചെല്ലി കൊടുത്ത വഴിയിലൂടെ സഞ്ചരിച്ച കുട്ടൻമാരാർ അച്ഛനേക്കാൾ പ്രസിദ്ധനായി രാജ്യം പത്മശ്രീ നൽകി ആധരിച്ചു. ഗുരുസ്ഥാനീയനായ കുമരപ്പുരം അപ്പുമാരാരിൽ നിന്നാണ് തൃശൂർ പൂരത്തിൻറെ മേളവിസ്മയമായ ഇലഞ്ഞിത്തറ മേളത്തിൻറെ പ്രമാണി പദവിയിലെത്തുന്നത്. തന്നേക്കാൾ വ്യാഴവട്ട വയസിൻറെ മൂപ്പുള്ള കേളത്ത് അരവിന്ദാക്ഷ മാരാരും അത്ര തന്നെ ഇളപ്പമുള്ള പെരുവനം സതീശന്മാരാരെയും പഴുവിൽ രഘുവിനെയും ഇടവും വലവും നിറുത്തിയുള്ള മേളഭാവത്തിൻറെ കാലങ്ങൾ പ്രവചനങ്ങൾക്കതീതമായിരുന്നു. 2020ൽ ചടങ്ങിലൊതുക്കിയ പൂരത്തിന് കഴിഞ്ഞ വർഷം പൂരവും മേളവും നടത്തിയെങ്കിലും ഉദ്യോഗസ്ഥരും പൂരം സംഘാടകർക്കും മാത്രമായിട്ടായിരുന്നു ഇലഞ്ഞിച്ചുവട്ടിൽ മേളം. ഇത്തവണ രണ്ട് വർഷത്തിൻറെ കടമുൾപ്പെടെ തീർക്കാനുണ്ട് പെരുവനത്തിനും കൂട്ടർക്കും. ഇത്തവണ പെരുവനത്തിൻറെ കൂട്ടത്തിൽ കേളത്തിന് പകരക്കാരനെത്തുകയാണ്. പെരുവനം സതീശനും പഴുവിൽ രഘുനാഥും ആ നിരയിലുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് മുമ്പ് ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണിയായിരുന്ന പരിയാരത്ത് കുഞ്ഞൻ മാരാർ മേളങ്ങളുടെ അറ്റത്ത് നിന്ന് കൊട്ടിയിരുന്ന കേളത്ത് അരവിന്ദാക്ഷമാരാർ എന്ന 17കാരനെ പതിനഞ്ചാമനായി എത്തിച്ചു. ഇപ്പോൾ ആ നിരയിലേക്ക് കാർത്തിക് മാരാരും എത്തുന്നു.

കേളത്ത് ഒഴിയുമ്പോൾ പുതുതലമുറയുടെ വരവ് കൂടിയുണ്ട് ഇലഞ്ഞിച്ചുവട്ടിലേക്ക്. ഒപ്പം ഉള്ളവർക്ക് സ്ഥാനക്കയറ്റത്തിൻറെ ആഹ്ളാദവും. ഇലഞ്ഞിച്ചുവട്ടിൽ മേളകാലം മുറുകി…പെരുവനം ഇടത്തോട്ടും വലത്തോട്ടും നോക്കി കൊട്ടുകാർക്കു സിഗ്നൽ നൽകിക്കഴിഞ്ഞു. മേളാവേശത്തിന് തീ പിടിക്കുന്ന നിമഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഉൽസവപ്രേമികൾ.
വെണ്മുടിയഴിച്ചിട്ടഴകു വിടർത്തി പൂത്തുലയും
വെണ്മുടിയഴിച്ചിട്ടഴകു വിടർത്തുന്ന മനോഹരിയാണ് വെണ്‍ചാമരം. പൂരത്തിന് കൊട്ടുമുറുകുമ്പോൾ കുടചൂടി നിൽക്കുന്ന ആനപ്പുറത്ത് ആലവട്ടത്തിനൊപ്പം വെണ്‍ചാമരം കൂടി വീശുമ്പോഴാണ് എഴുന്നള്ളിപ്പിന്റെ ചന്തം അതിന്റെ പൂർണതയിലെത്തുന്നത്.
അതുകൊണ്ടു തന്നെ അതിർത്തി താണ്ടി ഇന്ത്യൻ മണ്ണിലെത്തുന്പോഴേക്കും ഇതിന് കിലോയ്ക്ക് പതിനയ്യായിരം രൂപ വില കൊടുക്കണം. ഒരു ജോഡി വെണ്ചാമരമുണ്ടാക്കാൻ ആറു കിലോ വേണം. പതിനഞ്ചനാനകൾക്ക് ആവശ്യമായ വെണ്ചാമരമുണ്ടാക്കാൻ പതിമൂന്നരലക്ഷം രൂപയുടെ യാക്ക് രോമം വേണം. ഇതിനു പുറമെ പണിക്കൂലിയും. തൃശൂർ പൂരത്തിന് ഒരിക്കലും ഉപയോഗിച്ച വെണ് ചാമരം ഉപയോഗിക്കില്ല. എല്ലാവർഷവും തൃശൂർ പൂരത്തിനായി ടിബറ്റിൽ നിന്നും യാക്കിന്റെ രോമങ്ങൾ പുതുമയോടെ ഇവിടെയെത്തും.
രണ്ടടി മുതൽ വീതിയുള്ള രോമം നാലര മീറ്റർ നീളത്തിലുള്ള ചരടിൽ പ്രത്യേക രീതിയിൽ മെടഞ്ഞെടുക്കലാണ് വെണ്ചാമരമുണ്ടാക്കുന്നതിന്റെ ആദ്യപടി. ഈ മെടഞ്ഞെടുക്കലിനാണ് ഏറ്റവും സമയമെടുക്കുക. ഒരു ജോഡി വെണ്‍ചാമരത്തിൽ രോമം മെടയാൻ ആറു ദിവസമെടുക്കും. അരയിൽ ബലമുള്ള ചരടു ചുറ്റി ഒരറ്റം തൂണിൽ കെട്ടി ചാമരം മെടഞ്ഞെടുക്കാൻ പരിചയ സമ്പന്നർക്കു മാത്രമെ സാധിക്കുവെന്ന് തിരുവമ്പാടിക്ക് വേണ്ടി വെണ്ചാമരമൊരുക്കുന്ന സുജിത്ത് പറഞ്ഞു. മുള കൊണ്ടോ ഇരുന്പു കൊണ്ടോ ഉണ്ടാക്കിയ പ്രത്യേക തരം ബ്രഷുപയോഗിച്ച് ചീകി മിനുക്കലാണ് അടുത്ത ജോലി. അതിനു ശേഷം മരം കൊണ്ടുണ്ടാക്കിയ കതിരിൽ ചുറ്റും.
ഏറ്റവും വലിയ വെണ്‍ചാമരം തൃശൂർ പൂരത്തിനു സ്വന്തം
പല ദേശങ്ങളിലും വെണ്‍ചാമരം നിർമ്മിക്കുന്നു ണ്ടെങ്കിലും വലിയ വെണ്‍ചാമരം തൃശൂർ പൂരത്തിനു മാത്രമാണ് ഉണ്ടാക്കി കണ്ടിട്ടുള്ളതെന്ന് പാറമേക്കാവിനു വേണ്ടി വെണ്‍ചാമരം ഒരുക്കുന്ന മുരളിധരൻ ചാത്തനാത്ത് പറയുന്നു. പത്തു കിലോ ഭാരം വരുന്ന വെണ്ചാമരങ്ങളാണ് ഒരാന പുറത്തിരിക്കുന്നയാൾ എടുത്തുയർത്തേണ്ടത്. താളാത്മമായ കലാശ സമയത്ത് വെണ്‍ചാമരം വീശണമെങ്കിൽ നല്ല ആരോഗ്യം വേണമെന്നതിനാൽ വെണ്‍ചാമരം കൈകാര്യം ചെയ്യുന്നവർ നല്ല സ്ട്രോംഗായിരിക്കും.

മേളത്തിലെ ഷഷ്ഠി നിറവിൽ അനിയൻമാരാർ
പതിനാറു വർഷങ്ങളുടെ ഇടവേളയുണ്ട് കിഴക്കൂട്ട് അനിയൻമാരാരുടെ മേള ജീവിതത്തിൽ. അനിയേട്ടനെന്ന് എല്ലാവരും സ്നേഹത്തോടെയും ആദരവോടെയും വിളിക്കുന്ന കിഴക്കൂട്ട് അനിയൻമാരാർക്ക് ഇത് എഴുപത്തിയാറിന്റെ നിറവാണെങ്കിൽ മേളപ്പെരുക്കത്തിൽ അറുപതിന്റെ തിളക്കമാണ്. തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായി ഡബിൾ റോളിൽ തിളങ്ങിയെന്ന ഖ്യാതിയും അനിയൻമാരാർക്ക് സ്വന്തം.
ഇപ്പോൾ തിരുവന്പാടി പകൽപൂരത്തിന്റെ മേള പ്രമാണിയാണ് കിഴക്കൂട്ട് അനിയൻമാരാർ. നാൽപതു വർഷം പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കാളിയായി. പിന്നെ പാറമേക്കാവിന്റെ പകൽ പൂരത്തിന് 2005ൽ പ്രാമാണ്യം വഹിച്ചു. 2012ൽ തിരുവമ്പാടിയുടെ പകൽപൂര പ്രമാണിയായി.

76-ാം വയസിലും മേളാസ്വാദകരെ ആവേശത്തിമർപ്പിലേക്കെത്തിക്കുന്ന കൊട്ടിന്റെ മാജിക് കിഴക്കൂട്ട് അനിയൻമാരാർക്ക് സ്വന്തം. അനിയേട്ടന്റെ മേളംകൊട്ടിന് അറുപതാണ്ടിന്റെ പഴക്കവും തഴക്കവുമുണ്ടെങ്കിലും പുതുമ മാറുന്നില്ല ആ കൊട്ടിന്.
തിരുവന്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ് നായ്ക്കനാലിലെത്തി മേളത്തിന് വഴിമാറുന്പോഴാണ് അനിയൻമാരാരുടെ മേളം തുടങ്ങുക. പിന്നെ ശ്രീമൂലസ്ഥാനത്തെത്തി മേളം മുറുകുന്പോൾ മതിൽകെട്ടിനകത്ത് ഇലഞ്ഞിത്തറയിൽ പെരുവനം മേളം പെരുക്കുന്നുണ്ടാകും.
പഞ്ചവാദ്യത്തിൽ പരയ്ക്കാട് ഇഫക്ട്
പഞ്ചവാദ്യത്തിലെ പരയ്ക്കാട് ഇഫക്ട്…അതൊന്ന് വേറെത്തന്നെയാണെന്ന് പഞ്ചവാദ്യ പ്രേമികൾ തർക്കമില്ലാതെ സമ്മതിക്കും. പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് പ്രാമാണ്യം വഹിക്കുന്ന പരയ്ക്കാട് തങ്കപ്പൻ ഇത് ആറാം വർഷമാണ് പ്രാമാണ്യം വഹിക്കുന്നത്.നാൽപത്തിയേഴ് വർഷത്തെ അനുഭവസന്പത്താണ് പരയ്ക്കാട് തങ്കപ്പമാരാർ തിമിലയിലേക്ക് ആവാഹിക്കുന്നത്. തിരുവന്പാടിക്കും പാറമേക്കാവിനും വേണ്ടി പഞ്ചവാദ്യ സദ്യ ഒരുക്കിയിട്ടുണ്ട് തങ്കപ്പമാരാർ. 1975ൽ തിരുവന്പാടിയുടെ മഠത്തിൽ വരവിനായിരുന്നു തങ്കപ്പമാരാരുടെ പൂരം അരങ്ങേറ്റം. എട്ടു വർഷം മഠത്തിൽ വരവിന്റെ പഞ്ചവാദ്യ നിരയിൽ പങ്കാളിയായി. 1984 മുതൽ അദ്ദേഹം പാറമേക്കാവ് വിഭാഗത്തിലേക്ക് മാറി. എല്ലാവർക്കുമൊപ്പം കൊട്ടിത്തികഞ്ഞയാളാണ് തങ്കപ്പമാരാർ എന്ന് പറയാറുണ്ട്.

2017ൽ കോങ്ങാട് മധു തിരുവന്പാടിയുടെ മഠത്തിൽ വരവിന് പ്രമാണിയായ അതേ വർഷം തന്നെയാണ് പാറമേക്കാവിന്റെ പഞ്ചവാദ്യ പ്രമാണിയായി തങ്കപ്പമാരാർ എത്തുന്നത്.
പാറമേക്കാവിന്റെ പഞ്ചവാദ്യം പൂരത്തിന് രാത്രിയാണ് തുടങ്ങുക. വെടിക്കെട്ട് കാണാനെത്തുന്നവർ പാറമേക്കാവിന്റെ പഞ്ചവാദ്യം കേൾക്കാനുമെത്തും. അവരെ ആവേശത്തിലാറാടിച്ച് മണികണ്ഠനാൽ പന്തലിലെത്തിക്കുന്പോൾ ആ ഇഫക്ട് അടുത്തറിയാം… പഞ്ചവാദ്യത്തിലെ പരയ്ക്കാട് തിമില ഇഫക്ട്….
പൂരപന്തലുകളുയർത്തുന്നത് സഹോദരങ്ങൾ
ചെറുതുരുത്തിയിൽ നിന്നുള്ള സഹോദരങ്ങളാണ് തൃശൂർ പൂരത്തിന്റെ മൂന്നു പന്തലുകളും ഒരുക്കുന്നത്. പൂരനഗരിയിലെത്തുന്ന പൂരക്കന്പക്കാർ പന്തലുകൾക്കും മാർക്കിടുമെന്നതിനാൽ സഹോദരങ്ങൾ മത്സരബുദ്ധിയോടെയാണ് പന്തലുകളൊരുക്കുന്നത്. അതുകൊണ്ടു തന്നെ സാന്പിൾ വെടിക്കെട്ടിന്റെയന്ന് സന്ധ്യയ്ക്കേ പന്തലുകളിലെ സസ്പെൻസ് ആളുകളറിയൂ എന്ന് പന്തലുകളൊരുക്കുന്ന ബ്രദേഴ്സ് പറയുന്നു.
മണികണ്ഠനാലിൽ ഉയരുന്ന പാറമേക്കാവിന്റെ പന്തൽ ഒരുക്കുന്നത് യൂസഫാണ്. നായ്ക്കനാലിലും നടുവിലാലിലും തിരുവന്പാടി ഉയർത്തുന്ന പന്തലുകളുടെ അമരക്കാരൻ ചെറുതുരുത്തിയിലെ ആരാധന പന്തൽവർക്സിന്റെ സെയ്തലവിയാണ്.

നൂറടി ക്ലബിൽ പന്തലുകൾ
നൂറു കോടി ക്ലബിൽ സിനിമകൾ കയറും മുൻപേ തന്നെ പൂരപ്പന്തലുകൾ നൂറടി ക്ലബിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണയും നൂറടി ക്ലബിൽ പന്തലുകൾ കയറുമെന്നാണ് അണിയറ ശിൽപികൾ പറയുന്നത്.
ആയിരക്കണക്കിന് എൽഇഡി ബൾബുകൾ കൂടി തെളിയുന്നതോടെ ശിവപുരിയിലെ പ്രകാശഗോപുരങ്ങൾക്ക് തലയെടുപ്പ് ഒന്നു വേറെത്തന്നെയാകും.
പന്തലുകളിലും രഹസ്യങ്ങളുണ്ടെന്നാണ് യൂസഫും സെയ്തലവിയും പറയുന്നത്. അതെന്താണെന്ന് പന്തലിന്റെ നിർമാണം പൂർത്തിയായി വൈദ്യുതലങ്കാരങ്ങൾ തെളിയുന്പോൾ കാണാമെന്ന് ഇരുകൂട്ടരും പറഞ്ഞു.
ജസ്റ്റ് വെയ്റ്റ് ആൻഡ് സീ എന്നാണ് ഇവരുടെ വാക്കുകൾ…
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണതോതിൽ പൂരമെത്തുന്പോൾ പൂരപന്തലുകൾക്കുമുണ്ട് ഇതുവരെ കാണാത്ത ചന്തം..
അതുകൊണ്ടുതന്നെ ഇന്നേവരെ കാണാത്ത രീതിയിലുള്ള പന്തലുകളാണ് തങ്ങളൊരുക്കുന്നതെന്ന് ഇവർ തറപ്പിച്ചു പറയുന്നു.
മരത്തിന്റെ റീപ്പറുകളിലാണ് ഇല്യുമിനേഷനുള്ള ലൈറ്റുകൾ ഉറപ്പിക്കാനുള്ള തട്ടിക അഥവ ട്രില്ലീസ് ഉണ്ടാക്കുന്നത്. പതിനഞ്ചോളം ആശാരിമാർ നാൽപ്പത്തിയഞ്ചു ദിവസം പണിതാണ് തട്ടിക നിർമിച്ചത്. പാറമേക്കാവിലും തിരുവന്പാടിയിലും ആശാരിമാർ പതിനഞ്ചോളംപേരുണ്ട്. കവുങ്ങിൻ തടികളുടെ തൂണുകളാണ് പൂരപ്പന്തലുകളുടെ പ്രധാന നിർമാണ സാമഗ്രി.

പന്തലുകളുടെ കാൽനാട്ടിന് നാട്ടുന്ന മുഹൂർത്തക്കാലിൽ നിന്നാണ് നൂറടി പന്തലിന്റെ കണക്കുകൾ തുടങ്ങുക. ഒരു കവുങ്ങിൻകാലിൽ നിന്ന് നൂറടിയിലേക്കുള്ള മാജിക്കാണ് മൂന്നു പന്തലുകളും.
ചെറുതുരുത്തിയിലെ ഈ സഹോദരങ്ങളുടെ കുടുംബത്തിന് പന്തൽ പണി വർഷങ്ങളായുള്ള അനുഷ്ഠാനം തന്നെയാണ്.
പണ്ടൊക്കെ പന്തൽ ഡിസൈൻ പേപ്പറിൽ വരച്ചുണ്ടാക്കുകയാണ് പതിവെങ്കിൽ ഇപ്പോൾ എല്ലാം കംപ്യൂട്ടറിലാണ് ചെയ്യുന്നത്.
ദേവസ്വങ്ങൾക്ക് പൂരക്കാലമായാൽ ഇവർ ഡിസൈനുകൾ നൽകും. അതിൽ നിന്ന് തെരഞ്ഞെടുത്ത ഡിസൈൻ സ്വരാജ് റൗണ്ടിൽ കണ്ണിനു വിസ്മയമായി ഉയരും.
പാറമേക്കാവിനു വേണ്ടി യൂസഫിന്റെ മകൻ കബീറും തിരുവന്പാടിക്ക് സെയ്തലവിയുടെ മകൻ ഹൈദരാലിയുമാണ് പന്തലുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
പൂര വിളംബരത്തിനും ഉപചാരത്തിനും ശിവകുമാർ
രണ്ട് വർഷം കഴിഞ്ഞ് ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് പുതുമകളേറെയാണ്. അതിൽ പ്രധാനപ്പെട്ടതാണ് തിടമ്പേറ്റുന്നതിലെ നിയോഗം. ഇതാദ്യമായി പൂരവിളംബരത്തിനും ഉപചാരത്തിനും തിടമ്പേറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡിൻറെ എറണാകുളം ശിവകുമാറിന് ആണ് ആ നിയോഗം.

മുൻകാലങ്ങളിൽ പൂര വിളംബരത്തിന് മറ്റൊരാനയും എഴുന്നെള്ളിപ്പുകളിലുൾപ്പെടെ വെവ്വേറെ ആനകളെയുമാണ് ഉപയോഗിക്കാറുള്ളത്. എട്ടിന് കൊച്ചിൻ ദേവസ്വം ബോർഡിൻറെ ക്ഷേത്രമായ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്കാണ് പൂരത്തിൻറെ വരവറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര വാതിൽ തുറന്ന് പൂരവിളംബരമറിയിക്കാനുള്ള അവകാശം. പേരിനൊരു ചടങ്ങിൽ മാത്രമൊതുങ്ങിയിരുന്ന തെക്കേഗോപുര വാതിൽ തുറക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ വരവോടെ പൂരത്തോളം പ്രസിദ്ധമായി. അഞ്ച് വർഷത്തിലധികം രാമചന്ദ്രനായിരുന്നു തെക്കേഗോപുര വാതിൽ തുറക്കുന്ന എഴുന്നെള്ളിപ്പിൽ പങ്കെടുത്തിരുന്നത്. 2019ൽ കടുത്ത നിയന്ത്രണങ്ങളോടെ പ്രത്യേക അനുമതിയോടെ ഒരു മണിക്കൂർ നേരത്തേക്ക് എഴുന്നെള്ളിച്ചാണ് പങ്കെടുപ്പിച്ചത്.

2020ൽ പൂരം ചടങ്ങിലൊതുക്കിയതോടെ തെക്കേഗോപുരവാതിൽ തുറക്കുന്നത് നടന്നില്ല. 2021ൽ ബോർഡ് ശിവകുമാറിനെ ദൗത്യം ഏൽപ്പിച്ചു. ഇത് രണ്ടാംതവണയാണ് പൂരവിളംബരത്തിനായുള്ള ശിവകുമാറിൻറെ നിയോഗം.ഇതിനോടൊപ്പമാണ് പാറമേക്കാവിൻറെ പകൽപ്പൂരത്തിന് തിടമ്പേറ്റി ഉപചാരം ചൊല്ലാനുള്ള ചുമതലയും.
ഇലഞ്ഞിച്ചോട്ടിൽ ഇനി കേളത്ത് ഇല്ലാത്ത മേളം
മൂന്നര പതിറ്റാണ്ട് ഇലഞ്ഞിചോട്ടിലും ഒരു പതിറ്റാണ്ട് തിരുവമ്പാടിക്കുമടക്കം നാലര പതിറ്റാണ്ട് തൃശൂർ പൂരത്തിൽ കൊട്ടി തിമർത്ത് കേളത്ത് അരവിന്ദ മാരാർ എന്ന അത്ഭുത പ്രതിഭ തൃശൂർ പൂരത്തിൽ നിന്ന് വിരമിച്ചു. മേളത്തിലെ കാരണവരാണ് കേളത്ത്. മേളകാലത്തിലേക്ക് നടന്നടുത്ത പെരുവനം നടവഴിയിൽ നിന്ന്, ആറാട്ടുപുഴ പൂരം, ഇരിഞ്ഞാലക്കുട ഉത്സവം, തൃപ്പൂണിത്തുറ ഉത്സവം, കുട്ടനെല്ലൂർ പൂരം തുടങ്ങി ഒന്നൊന്നായി നിറുത്തി നിറുത്തി കേരളത്തിലെ മേളലോകത്ത് വിരാചിച്ചിരുന്ന കേളത്ത് ഒടുവിൽ പ്രമാണമേൽക്കാതെ പൂരത്തിൽ
നിന്നും വിടചൊല്ലുന്നു. പൂരത്തിൽ യാത്രയയപ്പ് നൽകാനുള്ള ദേവസ്വങ്ങളുടെ സ്നാഹാഭ്യർഥനയെ കേളത്ത് നിരസിച്ചു. പൂരം കഴിഞ്ഞ് പൂരനടയിൽ എത്താമെന്ന് അറിയിച്ചു.

പരിയാരത്ത് കുഞ്ഞൻ മാരാർ പതിനേഴ് വയസുകാരനെ നിരയിലെ പതിനഞ്ചാമനായി വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കൊണ്ട് നിറുത്തി. ഒന്നേകാൽ പതിറ്റാണ്ട് കൊട്ടി അവിടെ. പരിയാരത്ത് കുഞ്ഞൻ മാരാർ, പല്ലശന പത്മനാഭ മാരാർ, പരിയാരത്ത് കുഞ്ചു മാരാർ മേളകുലപതികൾക്കൊപ്പം. പിന്നെ ഒന്നേമുക്കാൽ പതിറ്റാണ്ട് തൃശൂർ പൂരത്തിൽ നിന്ന് വിട്ടു നിന്നു. പിന്നീട് തിരികെയെത്തിയത് തിരുവമ്പാടിയുടെ മേളത്തിലേക്ക് തൃപ്പേകുളം അച്ചുതമാരാരുടെ ഒപ്പം ഒരു പതിറ്റാണ്ടോളം തിരുവമ്പാടി മേളത്തിൽ. അവിടെ നിന്ന് വീണ്ടും ഇലഞ്ഞിചോട്ടിലേക്ക് പെരുവനം കുട്ടന്മാരാർക്കൊപ്പം രണ്ടേകാൽ പതിറ്റാണ്ട്. തൃശൂർ പൂരത്തിലെ പടിയേറ്റവും പടിയിറക്കവും ഇലഞ്ഞിച്ചുവട്ടിൽ നിന്ന് തന്നെയാണ് കേളത്തിന്. പതിനഞ്ചാമനായി തുടങ്ങി ഒരു അർദ്ധ പ്രമാണത്തോടെ വിരമിക്കൽ.
നാല് ഗോപുരവും കടക്കുന്ന അവകാശി ദൈവം
തൃശൂർ പൂരത്തിൽ വടക്കുന്നാഥ ക്ഷേത്രത്തിലെ നാല് ഗോപുരവും കടക്കുന്ന ഏക അവകാശി ദൈവം പാറമേക്കാവാണ്. പൂരനാളിൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് കിഴക്കേ ഗോപുരം കടന്ന് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരം വഴിയാണ് പുറത്തിറങ്ങുക. പിറ്റേന്ന് ഉപചാരം ചൊല്ലി പടിഞ്ഞാറെ ഗോപുരം കടന്ന് വടക്കേ ഗോപുരം വഴി കൊക്കർണിയിലെ ചന്ദ്രപുഷ്കരണി തീർഥ കുളത്തിലാണ് ആറാട്ട്.

വടക്കുംനാഥ ക്ഷേത്രത്തിലെ നാലു ഗോപുരവും കടക്കുന്ന ഒരേ ഒരു ദേവി, പാറമേക്കാവ് ആണ്. തെക്കേഗോപുരം തൃശൂർ പൂരത്തിനും ശിവരാത്രി നാളിലും ആളുകൾക്ക് പ്രവേശിക്കാനായി തുറക്കും. കിഴക്കേ ഗോപുരവും പടിഞ്ഞാറെ ഗോപുരവും ദിവസവും ആളുകൾക്ക് പ്രവേശിക്കാം. പക്ഷേ, വടക്കേഗോപുരത്തിൽ ഭക്തർക്ക് പ്രവേശനാനുമതിയില്ല. ഇവിടെയാണ് പൂജാരിമാരുടെ മഠവും കുളിയിടവും. കൊക്കർണിയെന്ന് അറിയപ്പെടുന്ന വിശാലമായ താഴ്വാരത്തിൽ രണ്ട് കുളങ്ങളുണ്ട്. സൂര്യപുഷ്കരണിയും ചന്ദ്ര പുഷ്കരണിയും. ചന്ദ്രപുഷ്കരണിയിലാണ് പാറമേക്കാവിന് ആറാട്ട്. പ്രതിഷ്ഠാ ദിനത്തിനും വേലക്കുമടക്കം പാറമേക്കാവിൻറെ ആറാട്ട് കടവ് ഇവിടെയാണ്. യുനെസ്കോയുടെ സംരക്ഷിത പൈതൃപട്ടികയിൽ ഇടം നേടിയ വടക്കുന്നാഥ ക്ഷേത്രത്തിൻറെ നാല് ഗോപുരങ്ങളും ഒരുപോലെയെന്ന് തോന്നിക്കുമെങ്കിലും വടക്കേഗോപുരം മറ്റുള്ളവയിൽ നിന്നും അൽപ്പം ചെറുപ്പമാണ്.
അയ്യന്തോളിന്റെ കൊടിയേറ്റ മേളം പ്രമാണിയായി എരവത്തിൻറെ ഓർമയിൽ പെരുവനത്തിൻറെ പിൻമുറക്കാരൻ
തൃശൂർ പൂരത്തിലെ ഘടക പൂരങ്ങളിൽ പ്രധാനമായ അയ്യന്തോൾ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലം മേളത്തിലും പഞ്ചവാദ്യത്തിലും പ്രമാണം വഹിച്ച എരവത്ത് കുട്ടികൃഷ്ണമാരാരുടെ പേരക്കുട്ടി പെരുവനം മാരാത്ത് വിനു പരമേശ്വരൻ മാരാർ അയ്യന്തോളിന്റെ കൊടിയേറ്റ മേളത്തിൽ പ്രമാണം വഹിച്ചു. ചെറുപ്രായത്തിൽ തന്നെ മുത്തച്ഛന്റെ കൂടെ അയ്യന്തോൾ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് കൂടെയുണ്ടായിരുന്നു വിനുവിന് കൊടിയേറ്റ പ്രമാണം നിയോഗമായി. ചെണ്ടയും, ഇടയ്ക്കയും ഒരുപോലെ അതിലെ ചിട്ടവട്ടങ്ങൾ കൈവിടാതെ പ്രയോഗിക്കുന്നതിൽ പുതുതലമുറയിലെ പ്രധാനിയാണ് പെരുവനം വിനു മാരാർ. നിരവധി ക്ഷേത്രങ്ങളിൽ മേളവും പഞ്ചവാദ്യത്തിൽ ഇടയ്ക്കയും തന്റെ ആത്മസമർപ്പണ ബോധത്തോടെ കൊട്ടി തീർത്തിട്ടുണ്ട്.

പാറമേക്കാവിൻറെ രാത്രി പഞ്ചവാദ്യത്തിൽ ഇടയ്ക്ക കൊട്ടുന്നത് വിനു മാരാർ ആണ്. മുമ്പ് തിരുവമ്പാടി വിഭാഗത്തിൻറെ മഠത്തിൽവരവ് പഞ്ചവാദ്യത്തിലും ഇടയ്ക്ക കൊട്ടിയിട്ടുണ്ട്. മേള കലയുടെ ഗ്രാമം എന്ന് അറിയപ്പെടുന്ന പെരുവനത്തെ യുവ കലാകാരനും പെരുവനം നാരായണ മാരാർ, പെരുവനം അപ്പു മാരാർ പരമ്പരയിലെ കണ്ണി കൂടിയാണ് വിനു പരമേശ്വരൻ മാരാർ.
പൂരം കൊടിയേറി
ആർപ്പുവിളികൾക്കും ആരവങ്ങൾക്കുമുയരേ തൃശൂർ പൂരത്തിന് കൊടിയേറി. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറി.

രണ്ട് വർഷം അടച്ചിട്ട കാലത്ത് ‘ചടങ്ങിലൊതുക്കി ഇല്ലാ’തായ പൂരത്തിൻറെ തിരിച്ചുവരവിനെ വരവേറ്റ്, വൻ തിരക്കായിരുന്നു ക്ഷേത്രങ്ങളിൽ കൊടിയേറ്റിന്. പാറമേക്കാവിൽ രാവിലെ ഒമ്പതേ മുക്കാലിനും തിരുവമ്പാടിയിൽ പത്തരയോടെയുമാണ് കൊടിയേറിയത്. പാറമേക്കാവിൽ പെരുവനം കുട്ടൻമാരാരുടെ പ്രാമാണിത്വത്തിൽ വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാരും ദേവസ്വം ഭാരവാഹികളും തട്ടകക്കാരും ചേർന്ന് ക്ഷേത്രത്തിൽ കൊടിമരം ഉയർത്തിയപ്പോൾ തിങ്ങി നിറഞ്ഞ ജനസാഗരം ആർപ്പുവിളിച്ചും ആരവമിട്ടും കൊടിയേറ്റത്തെ ആഘോഷമാക്കി മാറ്റി. ചെമ്പിൽ കുട്ടനാശാരി നിർമ്മിച്ച കവുങ്ങിൻ തടികൊണ്ടുള്ള കൊടി മരത്തിൽ ആല്, മാവ് എന്നിവയുടെ ഇലകളും, ദർഭപ്പുല്ല് എന്നിവ കൊണ്ടും അലങ്കരിച്ചിരുന്നു. അതിൽ ക്ഷേത്രത്തിൽ നിന്ന് നൽകിയ സിംഹമുദ്രയുള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയർത്തിയത്.

കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും, മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി. തുടർന്ന് അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെ ക്ഷേത്ര മുറ്റത്ത് പെരുവനം കുട്ടൻമാരാരുടെ മേളത്തോടെ എഴുന്നളളിപ്പും നടന്നു. പാറമേക്കാവ് ശ്രീപത്മനാഭൻ തിടമ്പേറ്റി.

തിരുവമ്പാടി ക്ഷേത്രത്തിൽ പത്തരയോടെയാണ് കൊടിയേറിയത്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ അടക്കാമരം ചെത്തി മിനുക്കി കൊടിമരം ഒരുക്കി കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തി. അതിനുശേഷം ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി നാട്ടുകാരും ദേവസ്വം ഭാരവാഹികളും ചേർന്നാണ് കൊടിയേറ്റ് നടത്തിയത്. വൈകീട്ട് മൂന്നോടെ ക്ഷേത്രത്തിൽ നിന്നുള്ള പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. 3.30ന് ഭഗവതി നായ്ക്കനാലിൽ എഴുന്നള്ളിയെത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പുരപ്പതാകകൾ ഉയർന്നു. ശ്രീകൃഷ്ണൻറേയും ശ്രീഭഗവതിയുടേയും സാന്നിധ്യം സൂചിപ്പിക്കുന്ന നീലനിറത്തിലും മഞ്ഞനിറത്തിലുമുള്ള കൊടികളാണ് ഉയർത്തിയത്.

കൊടിയേറിയത് അറിയിച്ച് തേക്കിൻകാട്ടിൽ ആചാര വെടികളും മുഴങ്ങി. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവിൽ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് അഞ്ചോടെ തിരിച്ചെഴുന്നള്ളി. തൃശൂർ പൂരത്തിൽ പങ്കാളികളാകുന്ന എട്ടു ഘടക ക്ഷേത്രങ്ങളിലും രാവിലെയും വൈകീട്ടുമായാണ് കൊടിയേറ്റ് നടന്നത്. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. അന്ന് തന്നെ പൂരം ചമയപ്രദർശനവും തുടങ്ങും. ഒമ്പതിനാണ് പൂരവിളംബരമറിയിച്ചുള്ള തെക്കേഗോപുരം തുറക്കൽ. പത്തിനാണ് പൂരം. 11ന് ഉപചാരം ചൊല്ലും.