മോഹൻലാൽ ചിത്രം ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

11

ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത സിനിമകൾ വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ. മോഹൻലാൽ ചിത്രം ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്.

ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 19നാണ് ദൃശ്യം 2 പ്രേക്ഷകരിലേക്കെത്തുന്നത്. ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ദൃശ്യവും തിയറ്ററില്‍ കാണാമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ദൃശ്യം 2 ഒടിടിയിലും മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ ഒടിടിയില്‍ റീലീസ് ചെയ്താലും ചിത്രം തിയറ്ററുകളിലെത്തുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

തിയറ്ററുകള്‍ തുറന്ന ശേഷം ജയസൂര്യയുടെ വെള്ളം, യുവതാരങ്ങളുടെ യുവം, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. മൂന്നു ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് കാത്തിരിക്കുന്നവരുമുണ്ട്.