ഇന്ധനവില വർധനവിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി: കേന്ദ്രത്തിന് 63 രൂപ ലഭിക്കുമ്പോൾ സംസ്ഥാനത്തിന് നാല് രൂപ മാത്രം; സംസ്ഥാനത്തിന് നികുതി ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി

6

ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് നല്‍കിയ ശേഷം വിലവര്‍ധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിലാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരേ വലിയ വിമര്‍ശനം നിയമസഭയില്‍ ഉന്നയിച്ചത്. ഈ വര്‍ഷം ഇതുവരെ 19 തവണ ഇന്ധന വില വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വിലവര്‍ധനവിന്റെ പ്രധാനകാരണക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആണെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഏതാണ്ട് 307 ശതമാനം നികുതി വര്‍ധനവ് ഇന്ധനവിലയില്‍ ഉണ്ടായി എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനവിലയുമായി  ബന്ധപ്പെട്ട നാലിന എക്‌സൈസ് തീരുവയില്‍ ഒന്നുമാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നത്.

2021 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന് ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത്.

നികുതി വര്‍ധനയുടെ ഗുണഭോക്താക്കള്‍ കേന്ദ്രമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനം നികുതി വേണ്ടെന്ന് വെക്കണമെന്ന് പറയുന്നത് വിചിത്രമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ധന വില അടിക്കടി ഉയരുന്നത് കേരളം പോലുളള ഉപഭോക്തൃസംസ്ഥാനത്തിന് തിരിച്ചടിയാണെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.