മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാന്‍ ഐ ലീഗ് കിരീടം നേടിയ ജേഴ്‌സി ലേലം ചെയ്യാൻ  ഗോകുലം കേരള എഫ്.സി ഗോള്‍കീപ്പര്‍ സി.കെ ഉബൈദ്

6

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജേഴ്‌സി ലേലം ചെയ്യാൻ ഗോകുലം കേരള എഫ്.സി ഗോള്‍കീപ്പര്‍ സി.കെ ഉബൈദ്. വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാന്‍ ഐ ലീഗ് കിരീടം നേടിയ ഇക്കഴിഞ്ഞ സീസണില്‍ ഉപയോഗിച്ച ജേഴ്‌സി ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് ഉബൈദ്.

എസ്.എഫ്.ഐ കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയുമായി സഹകരിച്ചാണ് തുക സമാഹരിക്കാന്‍ ഉബൈദ് ജേഴ്‌സി ലേലം ചെയ്യുന്നത്. 

ആദ്യമായി ഐ ലീഗ് കിരീടം നേടുന്ന കേരള ക്ലബ്ബ് എന്ന നേട്ടം ഗോകുലം സ്വന്തമാക്കിയ സീസണില്‍ ടീമിന്റെ ഗോള്‍വല കാത്തത് ഉബൈദായിരുന്നു. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പൂര്‍ ക്ലബ്ബ് ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് മുക്കിക്കളഞ്ഞാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. നേരത്തെ ഗോകുലം ഡ്യൂറാന്റ് കപ്പ് നേടുമ്പോഴും ഉബൈദ് തന്നെയായിരുന്നു ടീമിന്റെ ഗോള്‍ കീപ്പര്‍.

എസ്.എഫ്.ഐ കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വലായാണ് ലേലം നടക്കുന്നത്. 15,000 രൂപയാണ് ജേഴ്‌സിയുടെ അടിസ്ഥാന വില. മെയ് 20 വ്യാഴാഴ്ചയാണ് ലേലം.