മൂന്ന് ദിവസം റിമാന്‍ഡില്‍; സന്ദീപ് അങ്കമാലിയിലേക്ക്, സ്വപ്‌ന തൃശൂരിൽ

40

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതികളെ തിങ്കളാഴ്ച മുതല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെടുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെടുന്നു. 

എന്‍ഐഎ കോടതിയില്‍ ഇന്ന് പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് നിയമസഹായം ഉറപ്പാക്കാനായി കോടതി കെല്‍സ വഴി അഭിഭാഷകയെ നല്‍കി. പ്രതികള്‍ക്ക് മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് ഇന്ന് അനുവദിച്ചത്.

നേരത്തെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി തൃപ്പൂണിത്തുറയില്‍ നിന്നുള്ള അഭിഭാഷകനായ രാജേഷ് കുമാര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

കോവിഡ് പരിശോധനയ്ക്കായി ഇരുവരുടേയും സ്രവ സാംപിളുകള്‍ ശേഖരിച്ചിരുന്നു. നാളെ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ജയില്‍ ചട്ടങ്ങള്‍ പ്രകാരം സന്ദീപ് നായരെ അങ്കമാലിയിലെ കാര്‍മല്‍ കോവിഡ് കെയര്‍ സെന്ററിലേക്കും സ്വപ്‌ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്ററായ അമ്പിളിക്കല ഹോസ്റ്റലിലേക്കുമാണ് മാറ്റിയത്.