കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രമേയം: 31ന് നിയമസഭ വിളിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനം

14

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതിന് ഡിസംബര്‍ 31ന് നിയമസഭ വിളിക്കാന്‍ തീരുമാനം. ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വീണ്ടും ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിയമസഭാ സമ്മേളനത്തിന്റെ അടിയന്തര പ്രാധാന്യം നിശ്ചയിക്കേണ്ടത് മന്ത്രിസഭ തന്നെയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ഉന്നയിക്കേണ്ട അവസരത്തെ സംബന്ധിച്ചുമൊക്കെ അന്തിമമായ അഭിപ്രായം പറയാനുള്ള അധികാരം ജനാധിപത്യ സഭകള്‍ക്കു നല്‍കുന്നതാണ് ശരി. മന്ത്രിസഭയെ വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സാധാരണ നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കാറുള്ളത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തത ആവശ്യമെങ്കില്‍ അത് ചോദിക്കാവുന്നതാണ്. മറ്റു തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് നല്ലതാണോ എന്ന് ആലോചിക്കേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു.