കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം: സി.എസ്.ഐ സഭാ നേതൃത്വത്തിനെതിരെ കേസെടുത്തു

16

മൂന്നാറില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സി.എസ്.ഐ വൈദികര്‍ നടത്തിയ ധ്യാനത്തിനെതിരെ കേസ് എടുത്തു. സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെയാണ് പകര്‍ച്ച വ്യാധി നിയമപ്രകാരം പോലീസ് കേസെടുത്തത്. സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പെടെ കേസില്‍ പ്രതിയാകും. അനുമതിയില്ലാതെയാണ് സി.എസ്‌.ഐ വൈദികര്‍ മൂന്നാറില്‍ ധ്യാനം നടത്തിയത് എന്ന് കണ്ടെത്തി‍യിരുന്നു. ഒപ്പം മാസ്‌കും സാനിറ്റൈസറും, സാമൂഹിക അകലവും പാലിക്കാതെയാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത് എന്ന് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സബ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടകര്‍ക്കും വൈദികര്‍ക്കുമേതിരെ പോലീസ് കേസ് എടുത്തത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ പ്രതിപ്പട്ടിക പൂര്‍ണമാകൂ. ധ്യാനത്തില്‍ പങ്കെടുത്ത 80 ഓളം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിശ്വാസികളുടെ പരാതിയില്‍ പറയുന്നുണ്ട്. രണ്ട് പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും വൈദികര്‍ക്ക് കോവിഡ് പിടിപെട്ടത് പൊതുജനങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണെന്നാണ് സി.എസ്‌.ഐ സഭാ നേതൃത്വത്തിന്റെ വിശദീകരണം.